Top

'എംപി ഓഫീസ് അതിക്രമത്തെ മുഖ്യമന്ത്രി അപലപിച്ചു'; മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കെപിസിസി നിലപാട് എന്തായിരുന്നെന്ന് മന്ത്രി ശിവന്‍കുട്ടി

സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി.

24 Jun 2022 4:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംപി ഓഫീസ് അതിക്രമത്തെ മുഖ്യമന്ത്രി അപലപിച്ചു; മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കെപിസിസി നിലപാട് എന്തായിരുന്നെന്ന് മന്ത്രി ശിവന്‍കുട്ടി
X

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ച സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട് എന്തായിരുന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി. എസ്എഫ്‌ഐയുടെ രാഹുല്‍ ഗാന്ധി ഓഫീസ് അക്രമത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് മന്ത്രി ശിവന്‍കുട്ടിയുടെ ചോദ്യം.

മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്: ''ബഹു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന: വയനാട്ടില്‍ രാഹുല്‍ ?ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്. ഇനി ഒരു ചോദ്യം: വിമാനത്തില്‍ ബഹു. മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുറിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ നിലപാട് എന്തായിരുന്നു?''




രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ് ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് കെ.സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞത്.

''എസ്എഫ്‌ഐ ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. എങ്കിലും മുഖ്യമന്ത്രിയുടെ ആത്മാര്‍ത്ഥതയില്‍ സംശയമുണ്ട്. സിപിഎം സ്വന്തം അണികളെ നിലക്കുനിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ ജനാധിപത്യ രീതിയില്‍ തിശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും. തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിനും അറിയാം. ജനാധിപത്യത്തിന് ഭൂഷണമല്ലാത്തതിനാലാണ് അതിന് മുതിരാത്തത്.'' കോണ്‍ഗ്രസ് കാണിക്കുന്ന ആ മാന്യതയെ ദൗര്‍ബല്യമായി കരുതരുതെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

''മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുന്ന പൊലീസ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് കുട്ടി സഖാക്കള്‍ തല്ലിത്തകര്‍ക്കുന്നത് കൈയ്യുംകെട്ടി നോക്കി നിന്നു. കെപിസിസി ആസ്ഥാനം തല്ലിത്തകര്‍ത്ത് എകെ ആന്റണിയെ വകവരുത്താന്‍ ശ്രമിച്ചവരെ ഇതുവരെ പൊലീസ് പിടികൂടിയില്ല. സിപിഎം ഗുണ്ടകളെ തൊട്ടാല്‍ തൊപ്പിപോകുമെന്ന ഭയമാണ് പോലീസിന്. സിപിഎമ്മിന് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്ന പൊലീസ് കേരളത്തിന് തന്നെ അപമാനമാണ്. കന്റോണ്‍മെന്റ് ഹൗസ് ആക്രമിച്ച് പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്താന്‍ ശ്രമിച്ച ഡിവൈഎഫ് ഐ ക്രിമിനലുകള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കുന്ന പൊലീസാണ് കേരളത്തിലേത്. സിപിഎം ഗുണ്ടകളുടെ എല്ലാത്തരം അതിക്രമങ്ങള്‍ക്കും പോലീസ് പ്രോത്സാഹനം നല്‍കുകയാണ്.'' ഇത് അപകടകരമായ പ്രവണതയാണെന്നും സുധാകരന്‍ പറഞ്ഞു.

Next Story