Top

കൊവിഡ് പ്രതിസന്ധി; നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചെന്ന് മന്ത്രി എം വി ഗോവിന്ദന്‍

എല്ലാ നിര്‍മ്മാണ പെര്‍മിറ്റുകള്‍ക്കും നേരത്തെ 2021 സപ്തംബര്‍ 30വരെ കാലാവധി നീട്ടി നല്‍കിയിരുന്നു.

22 Oct 2021 12:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് പ്രതിസന്ധി; നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചെന്ന് മന്ത്രി എം വി ഗോവിന്ദന്‍
X

കൊവിഡ് പ്രതിസന്ധി സമൂഹത്തില്‍ നിന്നും വിട്ടൊഴിയാത്ത സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയ എല്ലാ നിര്‍മ്മാണ പെര്‍മിറ്റുകളുടെയും കാലാവധി 31-12-2021 വരെ ദീര്‍ഘിപ്പിച്ച് നല്‍കാന്‍ നിര്‍ദേശിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയതും 2020 മാര്‍ച്ച് 10ന് അവസാനിക്കുന്നതുമായ എല്ലാ നിര്‍മ്മാണ പെര്‍മിറ്റുകള്‍ക്കും നേരത്തെ 2021 സപ്തംബര്‍ 30വരെ കാലാവധി നീട്ടി നല്‍കിയിരുന്നു. കൊവിഡ് പ്രതിസന്ധി പൂര്‍ണമായും അവസാനിക്കാത്ത സാഹചര്യത്തില്‍, പൊതുജീവിതം സാധാരണ നിലയിലാകാത്ത സാഹചര്യം കണക്കിലെടുത്താണ് ഇപ്പോള്‍ പെര്‍മിറ്റുകളുടെ സമയപരിധി നീട്ടി നല്‍കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തെ എട്ട് ഗ്രാമ പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനും 50 ഗ്രാമ പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിനും ധനസഹായം അനുവദിച്ചതായും മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം, കൊറ്റനാട് ആലപ്പുഴയിലെ തിരുവന്‍വണ്ടൂര്‍, ഇടുക്കിയിലെ വാത്തിക്കുടി, തൃശൂരിലെ ആതിരപ്പള്ളി, കോഴിക്കോട് തൂണേരി, കണ്ണൂര്‍ മലപ്പട്ടം, കാസര്‍ഗോഡ് വലിയപറമ്പ എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് 20 ലക്ഷം രൂപ വീതം അനുവദിക്കുന്നത്. ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിന് 50 ഗ്രാമപഞ്ചായത്തുകള്‍ക്ക് 4 ലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത്.

തിരുവനന്തപുരത്തെ പുല്ലമ്പാറ, ഉഴമലയ്ക്കല്‍, പെരുങ്കടവിള. കൊല്ലത്തെ മണ്‍ട്രോത്തുരുത്ത്, എളമാട്. പത്തനംതിട്ടയിലെ തോട്ടപ്പുഴശ്ശേരി, ഓമല്ലൂര്‍. ആലപ്പുഴയിലെ പെരുമ്പാലം, ചെറുതന, വെളിയനാട്, തകഴി. കോട്ടയത്തെ കൊരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, വെച്ചൂര്‍, അകല്‍ക്കുന്നം. ഇടുക്കി ആലക്കോട്, എടവെട്ടി, പീരുമേട്, ചക്കുപ്പള്ളം. എറണാകുളം ചേന്നമംഗലം, അയ്യംപുഴ, വാഴക്കുളം. തൃശൂര്‍ പോര്‍ക്കുളം, നെന്‍മണിക്കര, പുത്തന്‍ചിറ, അന്തിക്കാട്. പാലക്കാട് ചളവറ, കുമരംപുത്തൂര്‍, കാപ്പൂര്‍, അലനല്ലൂര്‍. മലപ്പുറം ഏലംകുളം ഇരിമ്പിലം പെരുമണ്ണക്ലറി, എടയൂര്‍. കോഴിക്കോട് തുറയൂര്‍, മേപ്പയ്യൂര്‍, മണിയൂര്‍, ചെക്യാട്. വയനാട് തരിയോട്, തിരുനെല്ലി, മീനങ്ങാടി. കണ്ണൂര്‍ കോട്ടയം, കരിവെള്ളൂര്‍, പടിയൂര്‍ കല്ല്യാട്, ഏഴോം, കുറുമാത്തൂര്‍. കാസര്‍ഗോഡ് വലിയപറമ്പ, ബലാല്‍, ബെല്ലൂര്‍, വെസ്റ്റ് എളേരി എന്നീ പഞ്ചായത്തുകള്‍ക്കാണ് ധനസഹായമെന്ന് മന്ത്രി അറിയിച്ചു. ആര്‍ ജി എസ് എയുടെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനും ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിനും ധനസഹായം അനുവദിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Next Story