Top

'മുഖ്യമന്ത്രിയോ പ്ര​ധാനമന്ത്രിയോ വിളിച്ചാലേ വരൂ'; കരാ‍ർ കമ്പനിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

മന്ത്രിയുടെ ശകാരം കമ്പനിയെ പണികൾ ദ്രുത​ഗതിയിലാക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്

22 Dec 2021 6:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയോ പ്ര​ധാനമന്ത്രിയോ വിളിച്ചാലേ വരൂ; കരാ‍ർ കമ്പനിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
X

തിരുവനന്തപുരം: ശംഖുമുഖം–വിമാനത്താവളം റോഡ് പണികളുമായി ബന്ധപ്പെട്ട് കരാർ കമ്പനിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡ് പണിയുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോ​ഗത്തിൽ പങ്കെടുക്കാൻ ജൂനിയർ ഉദ്യോ​ഗസ്ഥരെയാണ് റോഡ് നിർമാണം കരാറെടുത്ത കമ്പനി അയച്ചത്. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഉന്നതതല യോഗത്തിൽ നിന്നു കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്താതിനെ രൂക്ഷമായ ഭാഷയിലായിരുന്നു മന്ത്രി വിമർശിച്ചത്.

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ യോഗം വിളിച്ചെങ്കിൽ മാത്രമേ നിങ്ങളുടെ ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുകയുള്ളോയെന്ന് യോ​ഗത്തിൽ പങ്കെടുത്ത ഉദ്യോ​ഗസ്ഥരോട് മന്ത്രി ചോദിച്ചു. യോഗത്തിൽ മരാമത്ത് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ചീഫ് എൻജിനീയറും പങ്കെടുത്തിരുന്നു. ''പണി നടക്കുന്നുണ്ടോ എന്നതു മാത്രമാണു മരാമത്തു വകുപ്പിന്റെ പ്രശ്നം. നിങ്ങളുടെ കമ്പനി ഒരുപാടു നല്ല പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. എന്നാൽ അതുകൊണ്ട് എല്ലാമായി എന്നു ധരിക്കരുത്. അറ്റകുറ്റപ്പണി തീരാത്തതു മാത്രമല്ല, ഇത്രയും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാതിരുന്നതും വീഴ്ചയാണ്. ആവർത്തിച്ചാൽ നടപടിയുണ്ടാകും''– മന്ത്രിയുടെ വാക്കുകളെ ഉദ്ധരിച്ച് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് കമ്പനി റോഡ് പണി ഇഴഞ്ഞതെന്നാണ് വിവരം. മന്ത്രി രൂക്ഷമായി പ്രതികരിച്ചതോടെ കരാർ കമ്പനി സാങ്കേതികമായി വിരൽചൂണ്ടി കാരണങ്ങൾക്ക് പരിഹാരമായി. ഫെബ്രുവരിയിൽ തന്നെ പണി പൂർത്തിയാക്കുമെന്ന് രേഖമൂലം ഉറപ്പുനൽകുകയും ചെയ്തു. കഴിഞ്ഞ 221 ദിവസമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് അടഞ്ഞു കിടക്കുകയാണ്. കടൽഭിത്തി നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയായ ശേഷം റോഡിന്റെ പണികൾ ആരംഭിക്കും. മന്ത്രിയുടെ ശകാരം കമ്പനിയെ പണികൾ ദ്രുത​ഗതിയിലാക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

Next Story