എംഎല്‍എമാരുടെ വെട്ടിക്കുറച്ച ആസ്തി വികസന ഫണ്ട് അഞ്ച് കോടിയായി പുനസ്ഥാപിച്ചു; പ്രഖ്യാപനം കൈയടികളോടെ സ്വീകരിച്ച് ഭരണപക്ഷം
മൂന്ന് ദിവസം നീണ്ടു നിന്ന ചര്‍ച്ചയ്ക്ക് ഒടുവില്‍ ബജറ്റ് പ്രസംഗം സഭ പാസാക്കി.
16 March 2022 11:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംഎല്‍എമാരുടെ വെട്ടിക്കുറച്ച ആസ്തി വികസന ഫണ്ട് അഞ്ച് കോടിയായി പുനസ്ഥാപിച്ചെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബജറ്റിന്റെ മറുപടി പ്രസംഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. 46 കോടിയുടെ അധിക പദ്ധതികള്‍ പ്രഖ്യാപിച്ച മന്ത്രി ക്ഷേമ പെന്‍ഷനുകള്‍ ഈ വര്‍ഷം വര്‍ധിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ചു.
കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധി കാലത്ത് ആരോഗ്യ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് എംഎല്‍എ ഫണ്ടില്‍ കുറവ് വരുത്തിയത്. അഞ്ച് കോടിയില്‍ നിന്ന് ഫണ്ട് ഒരു കോടിയായി വെട്ടിക്കുറച്ചു. ഇത് പുനസ്ഥാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ബജറ്റ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഫണ്ട് പുനസ്ഥാപിച്ചെന്ന മന്ത്രിയുടെ പ്രഖ്യാപനം കൈയടികളോടെയാണ് ഭരണപക്ഷം സ്വീകരിച്ചത്.
ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതിയില്‍ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കി. വ്യാപാരികള്‍ക്ക് പലിശയിളവിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. നദീ സംരക്ഷണത്തിന് പത്ത് കോടിയും ഗ്രാമങ്ങളില്‍ കളിക്കളങ്ങള്‍ക്ക് അഞ്ച് കോടിയും അധികമായി അനുവദിച്ചു. ഇതുള്‍പ്പെട 46.35 കോടിയുടെ അധിക പദ്ധതികളും പ്രഖ്യാപിച്ചു. ക്ഷേമ പെന്‍ഷനുകളുടെ വര്‍ധന ഈ വര്‍ഷം ഇല്ലെന്ന് മറുപടി പ്രസംഗത്തിലും മന്ത്രി ആവര്‍ത്തിച്ചു.
പണമില്ലാതെ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നു എന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. കുടിശിക പിരിക്കുന്നതിലും നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിലും സര്‍ക്കാര്‍ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. പുതിയ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് ധനമന്ത്രി മേശപ്പുറത്ത് വച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന ചര്‍ച്ചയ്ക്ക് ഒടുവില്‍ ബജറ്റ് പ്രസംഗം സഭ പാസാക്കി.