'റവന്യൂ വകുപ്പിലെ സേവനങ്ങൾ വിരൽത്തുമ്പിൽ എത്തുന്ന നാടായി കേരളം മാറുകയാണ്'; റവന്യൂ മന്ത്രി കെ രാജൻ
5 Nov 2022 12:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂർ: ഡിജിറ്റൽ റീ സർവേ പൂർത്തിയാകുന്നതോടെ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം എന്ന സ്വപ്നത്തിലേയ്ക്ക് കേരളം കടക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഭൂമി അളക്കൽ സുതാര്യമാക്കുന്നതിനും അതിർത്തി തർക്കം പരിഹരിക്കുന്നതിനും ഭൂമിയുടെ ക്രയവിക്രയങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റൽ റീ സർവേയിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൃശൂർ പുന്നയൂർക്കുളം- കടിക്കാട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
റവന്യൂ വകുപ്പിലെ സേവനങ്ങൾ വിരൽത്തുമ്പിൽ എത്തുന്ന നാടായി കേരളം മാറുകയാണ്. നാല് വർഷം കൊണ്ട് മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആക്കുന്നതിനും ഡിജിറ്റൽ റീ സർവേ പൂർത്തീകരിക്കുന്നതിനുമുള്ള നടപടികൾ വകുപ്പ് സ്വീകരിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് പുന്നയൂർക്കുളം കടിക്കാട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഡിജിറ്റൽ സർവെ പദ്ധതിക്ക് ആകെ 858.42 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബിൽഡ് കേരള ഇനിഷിയേറ്റീവിൽ നിന്നും സർവെയും ഭൂരേഖയും വകുപ്പിന് അനുവദിച്ചിട്ടുണ്ട്. നാലു വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളുടെയും ഡിജിറ്റൽ സർവെ റിക്കാർഡുകൾ തയ്യാറാക്കുകയാണ് ലക്ഷ്യം.
STORY HIGHLIGHTS: Minister K Rajan said Kerala will enter into integrated portal system after digital re-survey