
ഗുവാഹത്തി: ഗുവാഹത്തി: ഇന്‍ഡ്യ മുന്നണി ദേശീയതല യോഗം മാറ്റിവച്ചെങ്കിലും, അസമില്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളും മറ്റ് പ്രാദേശിക പാര്‍ട്ടികളും അടക്കം 15 പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു. പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആകെ 14 മണ്ഡലങ്ങളിലും പൊതുസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി തന്റെ പാര്‍ട്ടിയില്‍ നിന്നാവണം എന്നാവശ്യപ്പെടാതെ പൊതുസ്ഥാനാര്‍ത്ഥി വേണമെന്നാണ് ആവശ്യപ്പെട്ടതെന്ന് അസം കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ റിപുണ്‍ ബോറ പറഞ്ഞു. അതേ സമയം എല്ലാ പാര്‍ട്ടികള്‍ക്കും സീറ്റ് വേണമെന്നും ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ആദ്യ ഘട്ട ചര്‍ച്ച പൂര്‍ത്തിയാക്കി. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയായി മത്സരിക്കാന്‍ 15 പാര്‍ട്ടികളും തീരുമാനിച്ചു. എല്ലാ പാര്‍ട്ടികള്‍ക്കും സീറ്റ് വേണം എന്ന ആവശ്യം ഉയര്‍ത്തില്ലെന്നും തീരുമാനമായി, റിപുണ്‍ ബോറ പറഞ്ഞു.
ഐക്യ പ്രതിപക്ഷ സഖ്യത്തിലെയും ഇന്‍ഡ്യ മുന്നണിയിലെയും ഓരോ പാര്‍ട്ടികളുമായും സീറ്റ് ചര്‍ച്ച നടത്താന്‍ തന്നെയും പ്രതിപക്ഷ നേതാവ് ദേബബ്രത സാല്ക്കിയയോടും മുതിര്‍ന്ന നേതാവ് റാക്കിബുള്‍ ഹുസൈനോടും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പരാജയം അസമിലെ തിരഞ്ഞെടുപ്പ് സാധ്യതകളെ സ്വാധീനിക്കില്ലെന്നും റിപുണ്‍ ബോറ പറഞ്ഞു.