'കൈകൊണ്ടുവരച്ച ഏറ്റവും വലിയ കട്ടൗട്ട്'; ലോകകപ്പ് ആഘോഷത്തില്‍ ജോര്‍ജ് കുട്ടിയുടെ വീടും
ചിത്രകാരന്മാരായ രാജി മയൂര, രാജേഷ് മയൂര സഹോദരങ്ങള്‍ പ്രതിഫലമൊന്നും വാങ്ങാതെയാണ് ചിത്രം വരച്ചു നല്‍കിയത്.
21 Nov 2022 5:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി: ഖത്തറില്‍ ലോകകപ്പിന് പന്തുരുളുമ്പോള്‍ ഇടുക്കി വഴിത്തലയും കളി ആരവത്തിലാണ്. അതിന് ഉദാഹരണമാണ് ദൃശ്യം സിനിമയിലെ ജോര്‍ജ് കുട്ടിയുടെ വീടായി ചിത്രീകരിച്ച മഠത്തില്‍പറമ്പില്‍ വീടിന്റെ മുന്നില്‍ സ്ഥാപിച്ച കട്ടൗട്ട്. ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ 70 അടി ഉയരത്തിലുള്ള കട്ടൗട്ടാണ് വീടിന് മുന്നില്‍ ഉയര്‍ന്നത്.
ഇന്ത്യയില്‍ തന്നെ കൈകൊണ്ടുവരച്ച ഏറ്റവും വലിയ കട്ടൗട്ട് ആണ് ഇതെന്നാണ് ഫുട്ബോള്‍ പ്രേമികള്‍ അവകാശപ്പെടുന്നത്. ജോമി വഴിത്തലക്കാരന്‍ എന്ന വ്ളോഗറാണ് കൈകൊണ്ടുവരുച്ച കൂറ്റന്‍ കട്ടൗട്ട് എന്ന ആശയം മുന്നോട്ട് വെച്ചത്. മാറിക പുത്തന്‍പള്ളി അര്ജന്റീന് ഫാന്‍സ് കാര്യം ഏറ്റെടുത്തോടെ സംഭവം യാഥാര്‍ത്ഥ്യമായി.
ചിത്രകാരന്മാരായ രാജി മയൂര, രാജേഷ് മയൂര സഹോദരങ്ങള്‍ പ്രതിഫലമൊന്നും വാങ്ങാതെയാണ് ചിത്രം വരച്ചു നല്‍കിയത്. പ്ലൈവുഡില്‍ തുണി ഒട്ടിച്ച് 6 ഭാഗമായാണ് ചിത്രം വരച്ചത്. മൂന്ന് ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ശനിയാഴ്ച്ച വൈകിട്ട് ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് കട്ടൗട്ട് സ്ഥാപിച്ചത്.
Story Highlights: Messi cut out in drishyam movie george kutty home