Top

'മട്ടന്നൂര്‍ സ്‌പെഷ്യല്‍' തെരഞ്ഞെടുപ്പ് വരുന്നു; പ്രവര്‍ത്തനം സജീവമാക്കി എല്‍ഡിഎഫും യുഡിഎഫും ബിജെപിയും

6 Jun 2022 7:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മട്ടന്നൂര്‍ സ്‌പെഷ്യല്‍ തെരഞ്ഞെടുപ്പ് വരുന്നു; പ്രവര്‍ത്തനം സജീവമാക്കി എല്‍ഡിഎഫും യുഡിഎഫും ബിജെപിയും
X

മട്ടന്നൂര്‍: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒരുമിച്ച് ഒരു ദിവസം തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മാറി നില്‍ക്കുന്ന ഒരു തദ്ദേശ സ്ഥാപനമുണ്ട്. ആ തദ്ദേശ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ആ സ്ഥാപനമാണ് മട്ടന്നൂര്‍ നഗരസഭ.

മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ആഗസ്റ്റിലോ സെപ്തംബറിലോ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതിന്റെ ഭാഗമായി രണ്ട് വരണാധികാരികളെ നിശ്ചയിച്ചു. തിരുവനന്തപുരത്ത് ഉടന്‍ സര്‍വകക്ഷിയോഗം ചേരും.

ഒന്ന് മുതല്‍ 18വരെയുള്ള വാര്‍ഡുകള്‍ക്ക് കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറെയും 19 മുതല്‍ 35വരെ വാര്‍ഡുകള്‍ക്ക് കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്ററെയുമാണ് വരണാധികാരിയാക്കുക. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്നണികള്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

നഗരസഭ തെരഞ്ഞെടുപ്പിലെ പ്രചരണ വീറും വാശിയും ലോക്‌സഭ മണ്ഡല തെരഞ്ഞെടുപ്പിനോളമെത്താറുണ്ട്. എല്‍ഡിഎഫ് പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ അല്‍പ്പം മുന്നിലാണ്. എന്നാല്‍ തൃക്കാക്കര വിജയത്തിന് ശേഷം യുഡിഎഫ് ക്യാമ്പുകള്‍ വളരെ സജീവമായിട്ടുണ്ട്.

2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡില്‍ 28 സീറ്റ് നേടി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച കരസ്ഥമാക്കുകയായിരുന്നു. യുഡിഎഫ് ഏഴ് സീറ്റാണ് നേടിയത്.

സംസ്ഥാനത്തെ 1200ല്‍ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാത്രമാണ് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കാറുള്ളത്. ഓരോ ഭരണസമിതിക്കും അഞ്ച് വര്‍ഷം കാലാവധി നല്‍കണമെന്ന നിയമമുള്ളതിനാല്‍ സംസ്ഥാനത്തെ മറ്റു പൊതുതെരഞ്ഞെടുപ്പിനൊപ്പം മട്ടന്നൂരില്‍ വോട്ടെടുപ്പ് നടത്താറില്ല.


Next Story