Top

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂട്ടരാജി; ഒഴിഞ്ഞത് ശങ്കര്‍ മോഹന്റെ അടുപ്പക്കാര്‍

നാളെ ക്ലാസുകള്‍ ആരംഭിക്കാനിരിക്കെയാണ് അധ്യാപകരുടെ നടപടിയെന്ന് വിദ്യാര്‍ത്ഥികള്‍.

23 Jan 2023 2:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂട്ടരാജി; ഒഴിഞ്ഞത് ശങ്കര്‍ മോഹന്റെ അടുപ്പക്കാര്‍
X

കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ശങ്കര്‍ മോഹനുമായി അടുപ്പമുള്ളവരാണ് രാജി വച്ചത്. ഡീന്‍ ചന്ദ്രമോഹന്‍ നായര്‍, ഫൗസിയ, വിനോദ്, നന്ദകുമാര്‍, ബാബാനി, പ്രമോദി, സന്തോഷ്, അനില്‍ കുമാര്‍ തുടങ്ങിയവരാണ് രാജി വച്ചത്. രണ്ട് പേര്‍ കൂടി രാജി വെച്ചേക്കുമെന്നും സൂചനയുണ്ട്.

നാളെ ക്ലാസുകള്‍ ആരംഭിക്കാനിരിക്കെയാണ് അധ്യാപകരുടെ നടപടിയെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

മന്ത്രി ആര്‍ ബിന്ദുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുമായി നടന്ന ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനമായിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ 51 ദിവസമായി നടത്തി വന്ന സമരമാണ് അവസാനിപ്പിച്ചത്. സ്ഥാപനത്തിന് പുതിയ ഡയറക്ടറെ ഉടന്‍ കണ്ടെത്തുമെന്നും നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകള്‍ നികത്തുമെന്നും മന്ത്രി ബിന്ദു അറിയിച്ചു. സ്ഥാപനത്തിനായി പരാതി പരിഹാര സെല്‍ രൂപീകരിക്കും, വിദ്യാര്‍ത്ഥി ക്ഷേമ സമിതി എന്ന പേരില്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരുടെ പരാതി പരിഹാരത്തിനായി സോഷ്യല്‍ ജസ്റ്റിസ് കമ്മിറ്റി നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മാര്‍ച്ച് 30നുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.

അതേ സമയം, ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story