'സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി'; ബിജെപിയിലേക്ക് ഒരിക്കലും പോകില്ലെന്ന് കാപ്പന്
കെ സുധാകരനെ പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും കാപ്പന്.
29 July 2022 12:32 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

താന്‍ ബിജെപിയിലേക്ക് ഒരിക്കലും പോകില്ലെന്നും മാധ്യമങ്ങളിലെ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മാണി സി കാപ്പന്. ബിജെപിയിലേക്ക് പോകുമെന്ന തരത്തില്‍ ആരോടും പ്രതികരണം നടത്തിയിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ അതില്‍ രാഷ്ട്രീയമില്ലെന്നും മാണി സി കാപ്പന് പറഞ്ഞു.
ബിജെപി പ്രവേശനത്തെ സംബന്ധിച്ച് ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ഉണ്ടായ അസ്വസ്ഥതയിലാണ് മുന്‍ പ്രതികരണങ്ങളെന്നും കാപ്പന് ന്യായീകരിച്ചു. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ കാപ്പനെ വിളിച്ച് അതൃപ്തി അറിയിച്ചതായാണ് വിവരം. ഇതോടെയാണ് മലക്കം മറിച്ചില്‍.
കെ സുധാകരനെ പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഘോഷിക്കുകയാണെന്നും കാപ്പന് കൂട്ടിച്ചേര്‍ത്തു. ബിജെപി പ്രവേശന സാധ്യത തള്ളാതെയുള്ള മുന്‍ പ്രതികരണം യുഡിഎഫിന് തലവേദനയായതോടെയാണ് കാപ്പന് ഇന്ന് വിശദീകരണവുമായി രംഗത്തെത്തിയത്. യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ് കാപ്പന്റെ വിശദീകരണം.
ഇതിനിടെ മാണി സി കാപ്പനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍ ഹരി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് വരുന്ന കാലമാണിത്. നരേന്ദ്രമോദിയെ അംഗീകരിച്ചാല്‍ കാപ്പനെ ബിജെപി സ്വീകരിക്കുമെന്ന് ഹരി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു.
കാപ്പനെ സ്വാഗതം ചെയ്ത് എന്‍ ഹരി പറഞ്ഞത്: ''മാണി സി കാപ്പന് എനിക്ക് വളരെ അടുത്ത അറിയാവുന്ന ആളാണ്. മോദിയെയും സര്‍ക്കാരിനെയും അംഗീകരിച്ച് കൊണ്ട് ആര് വന്നാലും ബിജെപി സ്വീകരിക്കും. ഇതാണ് എന്‍ഡിഎയുടെയും ബിജെപിയുടെയും നിലപാട്. ബിജെപി നേതാക്കള്‍ പാലായില്‍ എത്തിയപ്പോള്‍ കാപ്പനെ കണ്ടിരുന്നു. അത് കൂടിക്കാഴ്ച എന്ന നിലയില്‍ അല്ല. പല ആളുകളും പരസ്പരം കാണാറുണ്ട്. എല്ലാവരെയും അങ്ങോട്ടും ഇങ്ങോട്ടും കാണുന്നുണ്ട്. കൂടിക്കാഴ്ച എന്നൊന്നും പറയേണ്ട. കോണ്‍ഗ്രസിലെ എംഎല്‍എമാരും എംപിമാരും മോദിയെ അംഗീകരിച്ച് ദിനംപ്രതി ബിജെപിയിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് അംഗം പോലുമില്ലാതെ ചുരുങ്ങി കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. മോദിയെ അംഗീകരിച്ചാല്‍ ആരെയും സ്വീകരിക്കും.''
- TAGS:
- Mani C Kappan
- BJP
- Kerala
- UDF
- K Surendran