Top

'കറുത്ത മാസ്ക് നിരോധിക്കാൻ മാത്രം മണ്ടത്തരം കാട്ടുന്നയാളാണോ മുഖ്യമന്ത്രി'; വെട്ടുകത്തിയുമായി ഇറങ്ങിയാൽ മനസമാധാനം നഷ്ടമാകുമെന്ന് മേജർ രവി

'എന്റെ സുഹൃത്തുക്കൾ പറഞ്ഞത് അത്തരമൊരു ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വന്നിട്ടില്ല എന്നാണ്. അപ്പോൾ ആ ട്രോളുകൾ നമുക്ക് അങ്ങ് നിർത്താം'

12 Jun 2022 7:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കറുത്ത മാസ്ക് നിരോധിക്കാൻ മാത്രം മണ്ടത്തരം കാട്ടുന്നയാളാണോ മുഖ്യമന്ത്രി; വെട്ടുകത്തിയുമായി ഇറങ്ങിയാൽ മനസമാധാനം നഷ്ടമാകുമെന്ന് മേജർ രവി
X

മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ കറുത്ത മാസ്‌ക് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാർത്തകൾ വ്യാജമെന്ന് സംവിധായകൻ മേജർ രവി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അത്തരമൊരു ഉത്തരവ് ഉണ്ടായിട്ടില്ല. വാർത്ത കേട്ടയുടൻ താൻ എ എ റഹീം എംപി ഉൾപ്പടെ നിരവധി സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചിരുന്നു. ചില സമ്മേളന സ്ഥലങ്ങളിൽ സംഘാടകർ ആണ് കറുത്ത മാസ്ക് ധരിക്കരുത് എന്ന് പറഞ്ഞത്. മാധ്യമങ്ങൾ ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മേജർ രവിയുടെ പ്രതികരണം.

മേജർ രവിയുടെ വാക്കുകൾ:

ഇന്നലെ തൊട്ട് വളരെ ഹോട്ട് ആയ ഒരു ന്യൂസ് കേൾക്കുന്നുണ്ട്. കറുപ്പ് ഇട്ടാൽ പ്രശ്നമാകും, മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട് കറുപ്പ് കണ്ടാൽ അവനെ പിടിച്ച് അറസ്റ്റ് ചെയ്യണം എന്ന്. അങ്ങനെയാണെങ്കിൽ എന്റെ തലമുടിയും മീശയുമെല്ലാം കറുപ്പാണ്. ഒരു മുഖ്യമന്ത്രി അത്തരമൊരു ഉത്തരവ് ഇറക്കിയുണ്ടെങ്കിൽ അത് ചർച്ച ചെയ്യേണ്ടതാണ്. പണ്ട് കേന്ദ്ര സർക്കാർ ബീഫ് നിരോധിച്ചപ്പോൾ ഭയങ്കര കോലാഹലം ഉണ്ടായിരുന്നു. അതിപ്പോൾ കോൺഗ്രസ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും മുസ്ലിം ലീഗ്‌ ആയാലും അന്ന് പ്രതിഷേധിച്ചിരുന്നു. അന്ന് ഞാൻ പ്രതികരിച്ചില്ല. എന്തൊക്കെ കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് നേതാക്കന്മാരല്ല. ആര് തന്നെയായാലും നന്നായി ഭരിച്ചാൽ ഞാൻ ഇടപെടാറില്ല. ഏത് സർക്കാർ ഭരിച്ചാലും ഞാൻ അധ്വാനിച്ചാൽ മാത്രമേ എന്റെ വീട്ടിലേക്ക് അരി വാങ്ങിക്കാൻ സാധിക്കുകയുള്ളു എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ കൈ വിട്ടുപോകുന്ന കളികൾ കാണുമ്പോൾ ഞാൻ പ്രതികരിക്കാറുമുണ്ട്.

ഈ മാസ്ക് സംഭവം കാണുമ്പോൾ വല്ലാതെ നമുക്ക് അസ്വസ്ഥത തോന്നുകയാണ്. ഒരു ജനാധിപത്യ രാജ്യത്ത് ആണോ ഇത് സംഭവിക്കുന്നത്. എനിക്ക് സഹോദരനെ പോലുള്ള എ എ റഹീം എംപിയെ ബന്ധപ്പെട്ടു. അതിന് ശേഷം ഞാൻ എന്റെ ചില സുഹൃത്തുക്കളോടും സംസാരിച്ചു. അവിടെ നിന്ന് കിട്ടിയ അറിവ് എന്തെന്നാൽ മുഖ്യമന്ത്രി ഒരിക്കലും ഇത്തരമൊരു ഉത്തരവ് ഇറക്കിയിട്ടില്ല.

മാധ്യമങ്ങളോടാണ് ഒരു കാര്യം പറയാനുള്ളത്. നിങ്ങൾ ജനങ്ങളോട് ഉത്തരവാദിത്തം ഉള്ളവരാണ്. അങ്ങനെയുള്ള ജനങ്ങളോട് സത്യസന്ധമല്ലാതെ പ്രക്ഷോപം ഉണ്ടാക്കാനായി എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ അത് ഈ സമൂഹത്തോട് കാണിക്കുന്ന ക്രൂരതയാണ്. അത് ഏത് മാധ്യമം ചെയ്താലും. കാരണം കമ്മ്യൂണിസ്റ്റിനെ ചെറുക്കുന്ന ഒരുപാട് പേർ ഇവിടുണ്ട്. അവർ ഇത് പങ്കുവെക്കും.

ഇങ്ങനെ ഒരു ഉത്തരവ് ഇറക്കാൻ മാത്രം മണ്ടത്തരം കാട്ടുന്ന ഒരാളാണോ നമ്മുടെ മുഖ്യമന്ത്രി എന്ന ചോദ്യത്തിന്റെ പുറത്താണ് ഞാൻ നാലാൾ പോലെ ചികഞ്ഞ് അന്വേഷിച്ചത്. ആ സൈഡിൽ നിന്നും ആർക്കും അത്തരമൊരു ഉത്തരവും വന്നിട്ടില്ല, പൊലീസുകാർക്കും വന്നിട്ടില്ല. ഏതോ ഒരു സമ്മേളന സ്ഥലത്ത് സംഘാടകർ പറഞ്ഞു കറുപ്പ് ഇട്ടുകൊണ്ട് വരുവാൻ പാടില്ല എന്ന്. ഒരു കാര്യത്തിന്റെ സത്യസന്ധത മനസ്സിലാക്കാതെ വെട്ടുകത്തിയുമെടുത്ത് ഇറങ്ങി കഴിഞ്ഞാൽ നമ്മുടെ മനസമാധാനം ആണ് നഷ്ടമാകുന്നത്. നമ്മുടെ മനസമാധാനം നഷ്ടമാകാനുള്ള നിരവധി അവസരങ്ങൾ ഇവരെല്ലാം ഉണ്ടാക്കി തരുന്നുണ്ട്. മീഡിയയിൽ കയറിയിരുന്നു എന്തും വിളിച്ച് പറയാം എന്ന് വിശ്വസിക്കുന്നവർ ജനങ്ങളെ മണ്ടന്മാരാക്കുന്നത് ആണ് നമ്മൾ ഇപ്പോൾ നോക്കുന്നത്. നിങ്ങൾ പറയുന്നത് ഈ ജനങ്ങൾ വിശ്വസിക്കും. എന്റെ സുഹൃത്തുക്കൾ പറഞ്ഞത് അത്തരമൊരു ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വന്നിട്ടില്ല എന്നാണ്. അപ്പോൾ ആ ട്രോളുകൾ നമുക്ക് അങ്ങ് നിർത്താം.


story highlights: major ravi says that cm pinarayi vijayan's office never issued any order on black mask

Next Story