Top

'മധു കൊല്ലപ്പെട്ടത് ആൾകൂട്ടത്തിന്റെ ക്രൂരമർദ്ദനം മൂലം'; സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്

മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാ​ഗമായി മധുവിനെ മുക്കാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സാക്ഷികളുടെയും മൊഴിയെടുത്തു

10 Nov 2022 1:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മധു കൊല്ലപ്പെട്ടത് ആൾകൂട്ടത്തിന്റെ ക്രൂരമർദ്ദനം മൂലം; സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്
X

പാലക്കാട്: അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആൾകൂട്ടത്തിന്റെ ക്രൂര മർദ്ദനമേറ്റത് മൂലമെന്ന് സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്. മധുവിന് നേരെയുണ്ടായത് മനുഷ്യത്വ രഹിതമായ ആക്രമണമാണ്. മരണത്തിന് പിന്നിൽ മറ്റ് കാരണങ്ങളൊന്നുമില്ലെന്നും നാല് പേജുളള റിപ്പോർട്ടിൽ പറയുന്നു. മധുവിന്റേത് കസ്റ്റഡി മരണമാണോ എന്ന് കണ്ടെത്താനാണ് സബ് കളക്ടറുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയത്.

മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാ​ഗമായി മധുവിനെ മുക്കാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സാക്ഷികളുടെയും മൊഴിയെടുത്തു. മധുവിന്റേത് കസ്റ്റഡി മരണമല്ലെന്ന് മണ്ണാർക്കാട് ജുഡീഷ്യൽ കോടതിയിലെ മജിസ്ട്രേറ്റ് ആയിരുന്ന എം. രമേശൻ കോടതിയിൽ പറഞ്ഞിരുന്നു. വിസ്താരത്തിനിടെയായിരുന്നു മുൻ മജിസ്ട്രേറ്റ് ഇക്കാര്യം അറിയിച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കെ മധുവിന് മാനസിക, ശാരീരിക പീഡനം ഏറ്റിട്ടില്ലെന്നും മുൻ മജിസ്ട്രേറ്റ് പറഞ്ഞു.

കേസിൽ റിമാന്‍ഡിലുള്ള 11 പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ദൃക്‌സാക്ഷി വിസ്താരം കഴിഞ്ഞ സാഹചര്യത്തിലാണ് വിചാരണ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയായിരുന്നു ജാമ്യം. എല്ലാ ദിവസവും കോടതിയില്‍ വിസ്താരത്തിനായി എത്തണം. മധുവിന്റെ കുടുംബത്തെ നേരില്‍ കാണാനോ ഭീഷണിപ്പെടുത്താനോ പാടില്ല. വിസ്തരിച്ച സാക്ഷികളെയോ, വിസ്തരിക്കാന്‍ ഉള്ളവരെയോ സ്വാധീനിക്കാന്‍ പാടില്ല. രാജ്യം വിട്ടുപോകരുത് എന്നുമായിരുന്നു ജാമ്യ വ്യവസ്ഥകള്‍. സാക്ഷികളെ സ്വാധീനിച്ചുവെന്നു കണ്ടെത്തിയതിനു പിന്നാലെ നേരത്തെ ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു.

STORY HIGHLIGHTS: Magisterial Report says madhu is died in mob brutality

Next Story