സംഘ്പരിവാറിന്റെ പിടിയില്‍ പെടാതെ ഹിന്ദുക്കളെയും പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും മുസ്ലിംകളെയും കരുതലോടെ വളര്‍ത്തിയെടുക്കുക; എം ലുഖ്മാന്
20 April 2022 9:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: സംഘ്പരിവാറിന്റെ പിടിയില്‍ പെടാതെ ഹിന്ദുക്കളെയും പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും കരുതലോടെ വളര്‍ത്തിയെടുക്കുക എന്നതും ഇന്നത്തെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ആണെന്ന് എം ലുഖ്മാന് സഖാഫി. പോപ്പുലര്‍ ഫ്രണ്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നിലപാടെടുത്ത എസ്വൈഎസ് വള്ളക്കടവ് സര്‍ക്കിള്‍ പ്രസിഡന്റ് നിയാസ് സഖാഫിയെ പള്ളിയില്‍ വെച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും ലുഖ്മാന് സഖാഫി ആരോപണമുന്നയിച്ചു.
ലുഖ്മാന് സഖാഫിയുടെ വാക്കുകള്‍ ഇങ്ങനെ
'രണ്ടു വര്‍ഷം മുമ്പ്, പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചു രണ്ട് പോസ്റ്റുകള്‍ എഴുതിയിരുന്നു ഫേസ്ബുക്കില്‍. അന്നെന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ വ്യാപകമായി ഇവര്‍ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു. കടുത്ത ഭീഷണി സന്ദേശങ്ങളും തെറികളും, സംഘി മുസ്ലിംവിരോധി ആക്ഷേപങ്ങളും ഉള്‍പ്പെടെയുള്ള ഇരുനൂറിലധികം മെസ്സേജുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്‍ബോക്സിലേക്ക് വന്നത്.
മുസ്ലിംക്കിടയില് നിന്നുള്ള വിമര്‍ശനങ്ങളെ, കാണിച്ചു തരാം, നീ സംഘിയാടാ എന്ന തരത്തിലുള്ള ഭീഷണികളിലൂടെയും, ശാരീരിക മര്ദ്ധനങ്ങളിലൂടെയും തന്നെ ഇല്ലാതാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. പാലക്കാട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍, സാമൂഹിക മാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെ നിലപാട് എടുത്ത എസ്.വൈ.എസ് വള്ളക്കടവ് സര്‍ക്കിള്‍ പ്രസിഡന്റ് നിയാസ് സഖാഫിയെ പള്ളിയില്‍ വെച്ച് ഇവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ഇന്നലെയാണ്.
കേവലമായ വര്‍ഗീയ ആശയങ്ങളില്‍ നിന്ന് മാത്രം രൂപപെടുന്നതല്ല പോപ്പുലര്‍ ഫ്രണ്ടിന്റെ ഐഡിയോളജി. അതിനു ഗ്ലോബല്‍ സലഫിസവുമായും പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളുമായും ബന്ധമുണ്ട്. യൂസുഫ് ഖറദാവിയുടെ ആത്മകഥ ഇവരുടെ പ്രസിദ്ധീകരണം ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത് ഓര്‍ത്തു പോകുന്നു. വിശ്വാസത്തിന്റെ ബലത്തില്‍ നിന്ന് തന്നെയാണ് സുന്നി മുസ്ലിംകള് ഇവരെ പ്രതിരോധിച്ചു പോരുന്നത്. സംഘപരിവാറിന്റെ പിടിയില്‍ പെടാതെ ഹിന്ദു വിശ്വാസികളെ കരുതലോടെ വളര്‍ത്തിയെടുക്കുക എന്നതും, പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും മുസ്ലിംകളെ കരുതലോടെ വളര്‍ത്തിയെടുക്കുക എന്നതും ഇന്നത്തെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ആണ്.'