നിയമസഭാ സമ്മേളനം ഫെബ്രുവരി 18 മുതൽ; ബജറ്റ് സമ്മേളനം രണ്ടുഘട്ടങ്ങളിലായി
18 ന് തുടങ്ങുന്ന സഭാ സമ്മേളനം ഫെബ്രുവരി 24 ന് നയപ്രഖ്യാപനത്തിനുളള നന്ദിപ്രമേയ ചർച്ചയ്ക്ക് ശേഷം ഇടവേളയ്ക്ക് പിരിയും.
9 Feb 2022 6:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാന നിയമസഭാ സമ്മേളനം ഫെബ്രുവരി 18 മുതൽ തുടങ്ങും. ബജറ്റ് സമ്മേളനം രണ്ടു ഘട്ടങ്ങളിലായി നടത്താനും തീരുമാനമായി. ഗവർണറുടെ നയപ്രഖ്യാപനത്തോടെ സമ്മേളനത്തിന് തുടക്കമാകും. 18 ന് തുടങ്ങുന്ന സഭാ സമ്മേളനം ഫെബ്രുവരി 24 ന് നയപ്രഖ്യാപനത്തിനുളള നന്ദിപ്രമേയ ചർച്ചയ്ക്ക് ശേഷം ഇടവേളയ്ക്ക് പിരിയും. പിന്നീട് മാർച്ച് 11 ന് ബജറ്റ് സമ്മേളനത്തിനായി പുനരാരംഭിക്കും. ബജറ്റിൻമേലുള്ള പൊതു ചർച്ച പൂർത്തിയാക്കി വോട്ട് ഓൺ അക്കൗണ്ടും പാസാക്കി മാർച്ച് 24 ന് സഭ പിരിയും.
മാർച്ച് ഒന്ന് മുതൽ നാല് വരെ സിപിഐഎം സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിനാലാണ് ഇത്തവണ രണ്ടു ഘട്ടങ്ങളിലായി സഭ ചേരുന്നത്. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിടാത്തതിനാൽ നിയമസഭാ സമ്മേളനതീയതി നിശ്ചയിക്കുന്നത് അനിശ്ചിതത്തിലായിരുന്നു. പിന്നീട് ഗവർണർ ഒപ്പിട്ടതോടെ പ്രതിസന്ധി ഒഴിയുകയായിരുന്നു.