കേരള സർവകലാശാലയുടെ യോഗം; സെനറ്റ് പ്രതിനിധിയായില്ല, ഇടതംഗങ്ങൾ വിട്ടു നിന്നു
11 Oct 2022 7:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കേരള സർവകലാശാലയുടെ നിർണായക സെനറ്റ് യോഗത്തിൽ നിന്ന് വിട്ടു നിന്ന് ഇടതംഗങ്ങൾ. വൈസ് ചാൻസലർ നിർണയ സമിതിയിലേക്ക് പ്രതിനിധിയെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിൽ നിന്നാണ് ഇടത് അംഗങ്ങൾ വിട്ടു നിന്നത്. 11 യുഡിഎഫ് അംഗങ്ങൾ മാത്രമാണ് യോഗത്തിന് എത്തിയത്. ക്വാറം തികയാൻ 19 അംഗങ്ങൾ പങ്കെടുക്കണമായിരുന്നു. യോഗം നിയമപരമായി നിലനിൽക്കുന്നില്ലെന്ന് ഭരണപക്ഷ അംഗങ്ങൾ അറിയിച്ചു.
വിസി നിർണയ സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്ന് തന്നെ നിശ്ചയിക്കണം എന്ന് ഗവർണർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് യോഗം വിളിച്ചു ചേർത്തത്. വിസിയും ഗവർണറുടെ രണ്ട് പ്രതിനിധികളും ഉൾപ്പെടെ 13 പേരാണ് യോഗത്തിനെത്തിയത്. യോഗം നിയമവിരുദ്ധമാണെന്നാണ് ഇടത് സെനറ്റ് അംഗങ്ങളുടെ വാദം. സെർച്ച് കമ്മിറ്റിയുടെ കാലാവധി ഒരു മാസം കൂടി നീട്ടുന്നതിനെക്കുറിച്ചും രാജ്ഭവൻ ആലോചിക്കുന്നുണ്ട്. ഈമാസം 24നാണ് നിലവിലെ വൈസ് ചാൻസിലർ വി പി മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിക്കുന്നത്.
അതേസമയം, ക്വാറം തികയാതെ വന്നതോടെ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഗവർണറും സർക്കാരും തമ്മിലുള്ള പോര് അവസാനിപ്പിക്കണം എന്ന് യുഡിഎഫ് പ്രതിനിധികൾ ആവശ്യപ്പെട്ടു.
STORY HIGHLIGHTS: Leftists abstain from crucial senate meeting of Kerala University