
37 വയസ്സുള്ള അജിത് കൊച്ചിയിലെ ഒരു പ്രമുഖ കമ്പനിയില്‍ മിടുക്കനായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി അവന്‍ വിഷാദത്തിന്റെ പിടിയിലാണ്. രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല, എപ്പോഴും തളര്‍ച്ച, ജോലിയില്‍ ശ്രദ്ധയില്ലായ്മ. ഭാര്യ പ്രിയയ്ക്ക് കഠിനമായ PMDD (പ്രീ-മെന്‍സ്ട്രല്‍ ഡിസ്‌ഫോറിക് ഡിസോര്‍ഡര്‍) ഉണ്ട്.. മാസത്തില്‍ പകുതി ദിവസങ്ങള്‍ അവള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാകാറുണ്ട്. ജോലിഭാരത്തിനു പുറമെ പങ്കാളിയില്‍ നിന്നേല്‍ക്കുന്ന കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും അവനെ വളരെയധികം സമ്മര്‍ദ്ദത്തിലാക്കുന്നു.
'എനിക്കും പ്രശ്‌നങ്ങളുണ്ട്, പക്ഷേ ആരോടാണ് പറയുക?' അജിത് എപ്പോഴും സ്വയം ചോദിക്കാറുണ്ട്. സുഹൃത്തുക്കളോട് പറഞ്ഞാല്‍ ഇതൊക്കെ എല്ലാ വീട്ടിലും ഉള്ളതാണ് അങ്ങോട്ട് സഹിച്ചേക്കണം എന്ന സ്ഥിരം ഉപദേശം മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂ ..'പുരുഷനാണെങ്കില്‍ സഹിക്കണം' എന്ന് പറയുന്നവരും ചിന്തിക്കുന്നവരുമാണേറെയും. അജിത്തിന്റെ അനുഭവം അപൂര്‍വമല്ല. നമ്മുടെ സമൂഹത്തില്‍ പുരുഷന്മാരുടെ മാനസികാരോഗ്യം പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു മേഖലയാണ്, ഇതിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ട്. പുരുഷന്മാര്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സഹായം തേടാന്‍ വിമുഖത കാണിക്കുന്ന പ്രവണതയുണ്ട്. ഇത് വൈകിയുള്ള ചികിത്സയിലേക്കും ആത്മഹത്യയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതിലേക്കും നയിക്കുന്നു. ഇത് കുടുംബത്തെയും കുട്ടികളെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നു.
അമിത ജോലിഭാരം,സ്വയം പരിചരിക്കാന്‍ സമയമില്ല
ഇന്നത്തെ മത്സര യുഗത്തില്‍ പുരുഷന്മാര്‍ അമിതമായി ജോലിയില്‍ മുഴുകിയിരിക്കുന്നു. ജോലിയിലെ വിജയം മാത്രമാണ് ജീവിതത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നവര്‍ സ്വന്തം ആരോഗ്യത്തിനും മാനസികനിലയ്ക്കും പ്രാധാന്യം നല്‍കുന്നില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സംസ്‌കാരം, അതായത് അവിടുത്തെ തൊഴില്‍ അന്തരീക്ഷം, നിയമങ്ങള്‍, പ്രതീക്ഷകള്‍, സഹപ്രവര്‍ത്തകരുമായുള്ള ബന്ധങ്ങള്‍ എന്നിവ ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പുരുഷന്മാരുടെ കാര്യത്തില്‍,ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങള്‍ അവര്‍ പലപ്പോഴും ഉള്ളിലൊതുക്കുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുകയും ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. ഭക്ഷണക്രമക്കേട്, ഉറക്കമില്ലായ്മ, വ്യായാമത്തിന്റെ അഭാവം എന്നിവ പുരുഷന്മാരില്‍ സാധാരണമാണ്. രാവിലെ 6 മണിക്ക് എഴുന്നേറ്റ് രാത്രി 11 മണി വരെ ജോലി ചെയ്യുന്നവര്‍ സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യങ്ങള്‍ അവഗണിക്കുന്നു.
ഹോബികളില്ല, ആനന്ദവും
പലരും ജോലിയിലും ഉത്തരവാദിത്തങ്ങളിലും മുഴുകി സ്വന്തം ആസക്തികളും ഹോബികളും ഉപേക്ഷിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു. സംഗീതം, കലാരംഗങ്ങള്‍, കായികരംഗം, പ്രകൃതിയുമായുള്ള ബന്ധം, സിനിമ, വായന പോലുള്ളവ മനുഷ്യ മാനസികാരോഗ്യത്തിന് അത്യാവശ്യമുള്ളവയാണ്. 'അതൊക്കെ സമയമുള്ളവന്റെ കാര്യം' എന്ന് പറഞ്ഞ് ഈ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നത് മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. മനസ്സിന് വിശ്രമവും ആനന്ദവും നല്‍കുന്ന പ്രവര്‍ത്തനങ്ങളുടെ അഭാവം പലപ്പോഴും വിഷാദത്തിലേക്കും മാനസിക തകരാറുകളിലേക്കും നയിക്കുന്നു.
ആഴമില്ലാത്ത ബന്ധങ്ങള്‍
സാമൂഹിക ബന്ധങ്ങള്‍ മാനസികാരോഗ്യത്തിന്റെ അടിത്തറയാണ്. എന്നാല്‍ പുരുഷന്മാര്‍ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് 'അനാവശ്യം' എന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. കുടുംബത്തിലെ അംഗങ്ങളുമായി ആത്മാര്‍ത്ഥമായ സംവാദങ്ങള്‍ നടത്താന്‍ വിമുഖത കാണിക്കുന്നവരാണ് മിക്ക പുരുഷന്മാരും. ഈ മനോഭാവം അവരെ ഒറ്റപ്പെടുത്തുന്നു. ഈ ഒറ്റപ്പെടല്‍ പലപ്പോഴും അവരുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ അടുത്ത സുഹൃത്തുക്കളൊടൊപ്പം ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും നേരില്‍ കണ്ടിരിക്കണമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ സോഷ്യല്‍ ആന്‍ഡ് എവല്യൂഷണറി ന്യൂറോ സയന്‍സ് ഈ അടുത്തിടെ നടത്തിയ പഠനം പറയുന്നുണ്ട്. കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതുപോലെ തന്നെ പ്രധാനമാണ് സുഹൃത്തുക്കളോടൊപ്പമുള്ള സമയവും എന്നറിയുക . സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്നും വിഷാദത്തില്‍ നിന്നും കരകയറാനും ജോലിത്തിരക്കുകള്‍ക്ക് ശേഷമുള്ള തളര്‍ച്ചയകറ്റാനും നല്ല സുഹൃത്ബന്ധങ്ങള്‍ സഹായിക്കും എന്നുള്ളതാണ് ഇതിനുപിന്നിലെ വസ്തുത.
ദാമ്പത്യ ജീവിതത്തിലെ വെല്ലുവിളികള്‍
പുരുഷന്മാരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകം ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങളാണ്. പങ്കാളിയുമായുള്ള വൈകാരിക അകല്‍ച്ച, സംഘര്‍ഷങ്ങള്‍, വിശ്വാസക്കുറവ്, ആശയവിനിമയത്തിന്റെ അഭാവം എന്നിവ പുരുഷന്മാരില്‍ ഗുരുതരമായ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.പങ്കാളി പ്രീ-മെന്‍സ്ട്രല്‍ സിന്‍ഡ്രോം (PMS - ആര്‍ത്തവത്തിനു മുന്‍പുള്ള ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍) അല്ലെങ്കില്‍ പ്രീ-മെന്‍സ്ട്രല്‍ ഡിസ്‌ഫോറിക് ഡിസോര്‍ഡര്‍ (PMDD - കൂടുതല്‍ കടുത്ത രൂപത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂലമുള്ള മാനസിക അസ്വസ്ഥതകള്‍) പോലുള്ള അവസ്ഥകള്‍ അനുഭവിക്കുമ്പോള്‍ പുരുഷന്മാര്‍ പലപ്പോഴും ആശയക്കുഴപ്പത്തിലും നിസ്സഹായതയിലും നിസ്സഹായാവസ്ഥയിലും അകപ്പെടാറുണ്ട്. പങ്കാളിയുടെ മാനസികാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍, പ്രകോപനം, വൈകാരിക അസ്ഥിരത എന്നിവ മനസ്സിലാക്കാന്‍ കഴിയാതെ പുരുഷന്മാര്‍ സ്വയം കുറ്റപ്പെടുത്തുകയോ അല്ലെങ്കില്‍ ബന്ധത്തില്‍ പ്രശ്‌നമുണ്ടെന്ന് തെറ്റിദ്ധരിക്കുകയോ ചെയ്യുന്നു.പങ്കാളിയുടെ മറ്റ് പെരുമാറ്റ പ്രശ്‌നങ്ങള്‍, ഉത്കണ്ഠ, വിഷാദം, അല്ലെങ്കില്‍ മറ്റ് മാനസികാരോഗ്യ വെല്ലുവിളികള്‍ എന്നിവയും പുരുഷന്മാരുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പുരുഷന്മാര്‍ പലപ്പോഴും സ്വന്തം മാനസികാരോഗ്യത്തെ അവഗണിക്കുകയും കുടുംബത്തിന്റെ 'അനങ്ങാപാറ' നയം സ്വീകരിക്കുകയും ചെയ്യും.
ഗള്‍ഫ് പ്രവാസവും കുടുംബ ബാധ്യതകളും - കേരളത്തിലെ പുരുഷന്മാര്‍ സവിശേഷമായ ചില മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഗള്‍ഫ് പ്രവാസം മൂലമുള്ള ഒറ്റപ്പെടല്‍, കുടുംബത്തില്‍ നിന്നുള്ള വേര്‍പാട്, സ്വന്തം കുട്ടികളുമായി വേണ്ടത്ര ബന്ധം സ്ഥാപിക്കാന്‍ കഴിയാതെ വരുന്നതിലുള്ള നിരാശ, സാംസ്‌കാരിക വ്യത്യാസങ്ങള്‍ എന്നിവ അവരുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.വീട്ടില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ, പരിചയമില്ലാത്ത സാഹചര്യത്തില്‍, കുടുംബത്തിന്റെ പൂര്‍ണ്ണ സാമ്പത്തിക ഉത്തരവാദിത്തം വഹിക്കുന്ന പുരുഷന്മാരില്‍ പലരും കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട് എന്നത് വസ്തുതയാണ്.
സാമ്പത്തിക സമ്മര്‍ദ്ദങ്ങളും സാമൂഹിക പ്രതീക്ഷകളും- കേരളത്തിലെ 'പുരുഷന്‍ ബ്രഡ് വിന്നര്‍ അഥവാ ഏക ഉപജീവനക്കാരന്‍' എന്ന സാമൂഹിക മാതൃക ഇപ്പോഴും ശക്തമാണ്. വീട്, വാഹനം, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹച്ചെലവ്, മാതാപിതാക്കളുടെ ചികിത്സാച്ചെലവ് - എല്ലാം മിക്ക കുടുംബങ്ങളിലുളും പുരുഷന്റെ തോളിലാണ്. ഈ സാമ്പത്തിക സമ്മര്‍ദ്ദം പലപ്പോഴും ഉത്കണ്ഠാരോഗത്തിലേക്കും വിഷാദത്തിലേക്കും നയിക്കുന്നു.
സാമൂഹിക സമ്മര്‍ദ്ദങ്ങളുടെ സ്വാധീനം- പരമ്പരാഗത പുരുഷത്വ ആദര്‍ശങ്ങള്‍ പലപ്പോഴും പുരുഷന്മാരെ ദുര്‍ബലത പ്രകടിപ്പിക്കുന്നതില്‍ നിന്നോ സഹായം തേടുന്നതില്‍ നിന്നോ നിരുത്സാഹപ്പെടുത്തുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. ഇത് അവരെ പലപ്പോഴും നിശബ്ദമായി സഹിക്കാന്‍ പ്രേരിപ്പിക്കുന്നു. 'പുരുഷന്മാര്‍ കരയില്ല', 'ശക്തരായിരിക്കണം', 'എല്ലാം സഹിക്കണം' എന്നിങ്ങനെയുള്ള സാമൂഹിക സന്ദേശങ്ങള്‍ അവരില്‍ ആഴത്തില്‍ പതിഞ്ഞതും അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നിരുന്നാലും ഈ അവസ്ഥക്ക് ഇപ്പോള്‍ നല്ലരീതിയില്‍ മാറ്റം വരുന്നതായി കാണുന്നുണ്ട്..
വേണ്ടത്ര റിപ്പോര്‍ട്ടുചെയ്യാത്തതും തെറ്റായ രോഗ നിര്‍ണ്ണയവും- പുരുഷന്മാരിലെ മാനസികാരോഗ്യ അവസ്ഥകള്‍ വേണ്ടത്ര റിപ്പോര്‍ട്ടുചെയ്യപ്പെടാതിരിക്കാം, തെറ്റായ രോഗ നിര്‍ണ്ണയത്തിന് വിധേയമാകുന്നതും കുറവല്ല. കാരണം അവര്‍ സഹായം തേടാതിരിക്കാം അല്ലെങ്കില്‍ സ്ത്രീകളെപ്പോലെ അവരുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കാനും മറ്റുള്ളവരില്‍ നിന്നും പരമാവധി മറച്ചുവെക്കാനും ശ്രമിച്ചേക്കാം. പുരുഷന്മാര്‍ പലപ്പോഴും വിഷാദം കോപമായും ആക്രമണോത്സുകതയായും പ്രകടിപ്പിക്കുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം, അമിത ജോലി, റിസ്‌ക് എടുക്കുന്ന പെരുമാറ്റം എന്നിവയിലൂടെ അവര്‍ പലപ്പോഴും മാനസിക വേദന മറയ്ക്കാന്‍ ശ്രമിക്കുന്നു. ഇത് അവരുടെ പങ്കാളിക്കും ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നുള്ളതാണ്.
ഉയര്‍ന്ന ആത്മഹത്യാ നിരക്കുകള്‍- ആത്മഹത്യാ സ്ഥിതിവിവരക്കണക്കുകളില്‍ പുരുഷന്മാര്‍ അനുപാതമില്ലാത്ത വിധം പ്രതിനിധീകരിക്കപ്പെടുന്നു, ഇത് മെച്ചപ്പെട്ട മാനസികാരോഗ്യ പിന്തുണയുടെയും അവബോധത്തിന്റെയും അടിയന്തിര ആവശ്യകത എടുത്തുകാട്ടുന്നു. ലോകത്തിലെ ആത്മഹത്യാ കേസുകളില്‍ 75% പുരുഷന്മാരാണ് എന്നത് ആശങ്കകരമായ വസ്തുതയാണ്.
മാനസിക-ശാരീരിക ആരോഗ്യങ്ങള്‍ തമ്മിലുള്ള ബന്ധം-പുരുഷന്മാരുടെ മാനസികാരോഗ്യം എന്നത് കേവലം മാനസിക നില മാത്രമല്ല, ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ജീവിത നിലവാരത്തെയും ശാരീരിക ആരോഗ്യത്തെയും ബന്ധങ്ങളെയും തൊഴില്‍പരമായ കാര്യക്ഷമതയെയും നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്ന ഒന്നാണ്. മാനസികാരോഗ്യം മോശമാകുമ്പോള്‍, അത് ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ശാരീരിക ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. നിരന്തരമായ മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ അവസ്ഥകള്‍ ശരീരത്തില്‍ വിവിധ മാറ്റങ്ങള്‍ക്ക് വഴിവെക്കും.
ദീര്‍ഘകാല മാനസിക സമ്മര്‍ദ്ദം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഹൃദയമിടിപ്പില്‍ വ്യതിയാനങ്ങള്‍ വരുത്തുകയും ചെയ്യും. ഇത് കൊണ്ടൊക്കെത്തന്നെയാണ് പുരുഷന്മാരില്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ഹൃദയസംബന്ധമായ അസുഖങ്ങളിലേക്ക് വേഗത്തില്‍ നയിക്കുന്നത്. മാനസിക പിരിമുറുക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടുകയോ, നിലവിലുള്ള പ്രമേഹത്തെ വഷളാക്കുകയോ ചെയ്യും.മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള പുരുഷന്മാരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു സാധാരണ പ്രശ്‌നമാണ്. ഇത് കിഡ്‌നി രോഗങ്ങള്‍ക്കും ഹൃദയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. മാനസിക സമ്മര്‍ദ്ദം ആമാശയത്തെയും കുടലിനെയും ബാധിക്കും. നെഞ്ചെരിച്ചില്‍, അള്‍സര്‍, മലബന്ധം, വയറിളക്കം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (IBS) തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. നിരന്തരമായ മാനസിക സമ്മര്‍ദ്ദം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുന്നു. ഇത് അണുബാധകള്‍ക്കും മറ്റ് രോഗങ്ങള്‍ക്കും എളുപ്പത്തില്‍ കീഴടങ്ങാന്‍ ഇടയാക്കും. മാനസിക പിരിമുറുക്കം ഉറക്കത്തെ സാരമായി ബാധിക്കും. ഉറക്കമില്ലായ്മ (Insomnia) പുരുഷന്മാരില്‍ സാധാരണമാണ്, ഇത് പകല്‍ സമയത്തെ ക്ഷീണത്തിനും ശ്രദ്ധക്കുറവിനും ശാരീരിക ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കും. പ്രത്യേക കാരണമില്ലാത്ത ശരീരവേദനകള്‍, തലവേദന, പുറംവേദന, പേശിവേദന എന്നിവയും മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ഭാഗമായി കണ്ടുവരാറുണ്ട്.
ചുരുക്കത്തില്‍, മാനസികാരോഗ്യം മോശമാകുമ്പോള്‍, അത് ശരീരത്തില്‍ ഉടനീളം ദോഷകരമായ മാറ്റങ്ങള്‍ വരുത്തുന്നു. മനസ്സും ശരീരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. അതിനാല്‍, പുരുഷന്മാര്‍ തങ്ങളുടെ ശാരീരിക ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നതുപോലെതന്നെ മാനസികാരോഗ്യത്തിനും ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്.
പുരുഷന്മാര്‍ ലഹരിവസ്തുക്കളുടെ ദുരുപയോഗം, സാമൂഹികവിരുദ്ധ പെരുമാറ്റങ്ങള്‍, വൈകാരിക പ്രകടനത്തിലുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ പോലുള്ള സവിശേഷമായ വെല്ലുവിളികള്‍ നേരിട്ടേക്കാം.
ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പുരുഷന്മാരില്‍ വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ വര്‍ദ്ധിപ്പിക്കുന്നു. പങ്കാളിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി അവര്‍ സ്വന്തം ആവശ്യങ്ങള്‍ അവഗണിക്കുന്നു. ഇത് ദീര്‍ഘകാലത്തില്‍ മാനസിക ക്ഷീണത്തിനും 'കെയര്‍ഗിവര്‍ ബേണ്‍ഔട്ട്' എന്ന അവസ്ഥയിലേക്കും നയിക്കുന്നു.
മാനസികാരോഗ്യം മെച്ചപ്പെടുത്താം
നമ്മുടെ തിരക്കേറിയ ജീവിതത്തില്‍ സ്വയം പരിചരണം (Self-care) എന്നത് പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു പ്രധാന കാര്യമാണ്. എന്നാല്‍ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. പുരുഷന്മാരുടെ കാര്യത്തില്‍, ജോലിയിലെ സമ്മര്‍ദ്ദങ്ങളും ഉത്തരവാദിത്തങ്ങളും കാരണം സ്വയം ശ്രദ്ധിക്കാന്‍ സമയം കണ്ടെത്താതെ പോകുന്നത് സാധാരണമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് അവരുടെ ആരോഗ്യത്തെയും സന്തോഷത്തെയും പ്രതികൂലമായി ബാധിക്കും. ഓര്‍ക്കുക: നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെട്ടാല്‍ മാത്രമേ നമുക്ക് ചുറ്റുമുള്ളവര്‍ക്ക് മികച്ച പിന്തുണയും സന്തോഷവും നല്‍കാന്‍ കഴിയൂ. അതുകൊണ്ട്, സ്വയം പരിചരണം നമ്മുടെ ഏറ്റവും ആദ്യത്തെ മുന്‍ഗണനയായിരിക്കണം.
ഹോബികളും വ്യക്തിപരമായ താല്‍പ്പര്യങ്ങളും നമ്മുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഇവ കേവലം വിനോദങ്ങള്‍ക്കപ്പുറം വലിയ പ്രാധാന്യമര്‍ഹിക്കുന്നു.സര്‍ഗ്ഗാത്മകത വര്‍ദ്ധിപ്പിക്കുന്നു: ഇഷ്ടമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് നമ്മുടെ സര്‍ഗ്ഗാത്മകതയെ ഉണര്‍ത്തുകയും പുതിയ ആശയങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും. ഒഴിവുസമയങ്ങളില്‍ ഇഷ്ടമുള്ള കാര്യങ്ങളില്‍ മുഴുകുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും മനസ്സിന് ഉന്മേഷം നല്‍കാനും സഹായിക്കുന്നു. ഹോബികളിലൂടെ ജീവിതത്തിന് പുതിയൊരു ദിശാബോധവും അര്‍ത്ഥവും കണ്ടെത്താന്‍ സാധിക്കും. ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തുന്നത് പുതിയ ഊര്‍ജ്ജം നല്‍കുകയും ജീവിതത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ചെയ്യും.അതുകൊണ്ട്, നിങ്ങളുടെ ഇഷ്ടപ്പെട്ട ഹോബികള്‍ക്കായി ദിവസവും കുറഞ്ഞ സമയം മാറ്റിവെക്കുന്നത് വളരെ പ്രധാനമാണ്.
സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് മാനസികാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പ്രിയപ്പെട്ടവരുമായി ഇടപഴകുന്നത് ശാരീരികവും മാനസികവുമായ ഉന്മേഷം നല്‍കും. ഇത്തരം സാമൂഹിക ഇടപെടലുകള്‍ ശരീരത്തില്‍ ഹാപ്പി ഹോര്‍മോണുകളായ എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍, ഡോപാമിന്‍, സെറോടോണിന്‍ എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് സമ്മര്‍ദ്ദ ഹോര്‍മോണുകളെ (കോര്‍ട്ടിസോള്‍) ലഘൂകരിക്കാനും സന്തോഷവും സംതൃപ്തിയും അനുഭവിക്കാനും സഹായിക്കും. മനസ്സുണര്‍ത്തുന്ന സൗഹൃദങ്ങള്‍ ഉണ്ടാകട്ടെ, മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ലജ്ജയുടെയോ ദുര്‍ബലതയുടെയോ അടയാളമല്ല, മറിച്ച് ചികിത്സ ആവശ്യമുള്ള ഒരു ആരോഗ്യപ്രശ്‌നമാണ്. ഇക്കാര്യത്തില്‍ അവബോധവും പ്രവര്‍ത്തനവും ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. പുരുഷന്മാരുടെ മാനസികാരോഗ്യം വ്യക്തിയില്‍ നിന്ന് തുടങ്ങി കുടുംബം, സമൂഹം, രാഷ്ട്രം എന്നിങ്ങനെ എല്ലാ തലങ്ങളിലും സ്വാധീനം ചെലുത്തും. പുരുഷന്മാര്‍ തങ്ങളുടെ മാനസികാരോഗ്യത്തിന് ആവശ്യമായ പ്രാധാന്യം നല്‍കുകയും, സമൂഹം അവരെ പിന്തുണയ്ക്കുകയും വേണം. പുരുഷന്മാരുടെ മാനസികാരോഗ്യ മാസത്തില്‍ നമുക്ക് ഈ വിഷയത്തില്‍ അവബോധം വര്‍ദ്ധിപ്പിക്കാനും, ആവശ്യമുള്ളവര്‍ക്ക് സഹായം എത്തിക്കാനും പ്രയത്‌നിക്കാം. ഓരോ പുരുഷന്റെയും മാനസികാരോഗ്യം സംരക്ഷിക്കുന്നത് ആരോഗ്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് അത്യാവശ്യമാണ്.
എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍:
കിരണ്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്ലൈന്‍: 1800-599-0019
ഇന്ത്യ സൂയിസൈഡ് പ്രിവന്‍ഷന്‍ ഹെല്‍പ്ലൈന്‍: 022-2754-6669
ഓര്‍ക്കുക: സഹായം തേടുന്നത് ശക്തിയുടെ അടയാളമാണ്, ദുര്‍ബലതയുടെയല്ല.
Content Highlights: The Mask of Masculinity: How Societal Expectations Impact Men's Mental Health