
പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഹിറ്റടിച്ച ചിത്രമാണ് 'എന്ന് നിന്റെ മൊയ്തീന്‍'. 2015ല്‍ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് ആര്‍ എസ് വിമലായിരുന്നു. എം. ജയചന്ദ്രനും രമേശ് നാരായണനും ചേര്‍ന്ന് സംഗീതം ഒരുക്കിയ സിനിമക്കായി പശ്ചാത്തല സംഗീതം ചെയ്തത് ഗോപി സുന്ദറായിരുന്നു. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടായിരുന്നു ‘മുക്കത്തെ പെണ്ണേ’. ഗായകനായ മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ ആയിരുന്നു ഈ ഗാനത്തിന് വരികള്‍ എഴുതിയത്.
‘മുക്കത്തെ പെണ്ണേ’ പാട്ടിന് മുമ്പുള്ള ബി ജി എം താന്‍ ഒരു ലവ് തീമായി ചെയ്യുകയായിരുന്നുവെന്നും അതിനിടയില്‍ യേശുദാസിന്റെ ഒരു പാട്ടായിരുന്നു തീരുമാനിച്ചിരുന്നതെന്നും പറയുകയാണ് ഗോപി സുന്ദര്‍. എന്നാല്‍ പൃഥ്വിരാജ് സുകുമാരന്‍ തന്നെ വിളിച്ച് പകരം മറ്റൊരു പാട്ട് വേണമെന്ന് പറയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യെസ് 27ന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഞാന്‍ കമ്പോസ് ചെയ്യുന്ന സമയത്താണ് എന്ന് നിന്റെ മൊയ്തീന്‍ സിനിമയിലെ ബി ജി എം ചെയ്യുന്നത്. അത് സത്യത്തില്‍ ഒരു ലവ് തീം ആയിട്ട് ചെയ്തതാണ്. അതില്‍ ഒരു പ്രത്യേക സ്ഥലത്ത് എത്തുമ്പോള്‍ മറ്റൊരു പാട്ട് വരുന്നുണ്ട്. അതും ദാസേട്ടന്‍ പാട്ടിയ പാട്ടാണ്. സെക്കന്റ് ഹാഫിലായിരുന്നു ആ പാട്ട് വരുന്നത്. കമ്പോസിങ്ങിന്റെ ഇടയില്‍ പെട്ടെന്ന് ഒരിക്കല്‍ പൃഥ്വിരാജ് എന്നെ ഫോണില്‍ വിളിച്ചു. ‘ഗോപി ആ പാട്ട് ശ്രദ്ധിച്ചായിരുന്നോ?’ എന്നാണ് അദ്ദേഹം ചോദിച്ചത്. ഞാന്‍ അപ്പോള്‍ ശ്രദ്ധിച്ചുവെന്ന് മറുപടിയും പറഞ്ഞു. അതിനുശേഷം പൃഥ്വി പറഞ്ഞത് ‘ആ പാട്ട് അവിടെ വര്‍ക്കാകുന്നില്ല’ എന്നായിരുന്നു. ദാസേട്ടന്‍ പാടിയ പാട്ടാണെന്നും ഈ ആളാണ് അതിന്റെ മ്യൂസിക് ഡയറക്ടറെന്നും ഞാന്‍ പറഞ്ഞു.
ആ പാട്ട് വേണ്ടെന്നും അതിനുപകരം നമുക്ക് മറ്റൊരു പാട്ട് വേണമെന്നുമാണ് പൃഥ്വി പറഞ്ഞത്. ഞാന്‍ അതിന്റെ ടെക്‌നീഷ്യന്‍ മാത്രമാണല്ലോ. പടത്തില്‍ ആ പാട്ട് സ്പീഡ് വൈസ് നല്ല ഡ്രോപ്പ് ആയിരുന്നു. വേറെ പാട്ട് വേണമെന്ന് പറഞ്ഞ് പൃഥ്വി ഫോണ്‍ വെച്ചു. ഞാന്‍ അപ്പോള്‍ തന്നെ അതിന്റെ കമ്പോസിഷന്‍ തുടങ്ങി. തൊട്ടടുത്ത് ഹമ്മിങ് പാടാന്‍ വേണ്ടി മക്ബൂല്‍ വന്നിരുന്നു. അദ്ദേഹം രണ്ട് ദിവസമായി പ്രണയ നൈരാശ്യത്തില്‍ ഇരിക്കുന്ന ആളായിരുന്നു. ഞാന്‍ അപ്പോള്‍ ചുമ്മാ വരികള്‍ എഴുതി നോക്കുമോയെന്ന് ചോദിച്ചു. ആ സമയത്ത് പെട്ടെന്ന് എന്തോ തോന്നിയിട്ടാണ് ഞാനിത് ചോദിക്കുന്നത്. അദ്ദേഹം ലിറിസിസ്‌റ്റൊന്നും ആയിരുന്നില്ല. പക്ഷെ സ്‌ക്രിപ്‌റ്റൊക്കെ എഴുതുമായിരുന്നു. അങ്ങനെ ഡമ്മിയായി എഴുതി തന്ന പാട്ടാണ് നിങ്ങളൊക്കെ കേള്‍ക്കുന്ന ‘എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ’ എന്ന പാട്ട്. അത് ഞാന്‍ അദ്ദേഹത്തിനെ കൊണ്ട് തന്നെ പാടിപ്പിച്ചു,’ ഗോപി സുന്ദര്‍ പറയുന്നു.
Content Highlights: Gopi Sundar says about the song from the movie Ennu Ninte Moideen