
വയറിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പലരും വില്ലന്‍ 'വേഷം' നല്‍കുന്നത് വൈറ്റ് റൈസിനാണ്. ഡയറ്റ് എടുക്കുന്നവരൊക്കെ ഒഴിവാക്കാന്‍ ആദ്യം മനസില്‍ കരുതുന്ന ഭക്ഷണ സാധനം ഉറപ്പായും വൈറ്റ് റൈസ് ആയിരിക്കും. എന്നാല്‍ ആരോഗ്യവിദഗ്ദര്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൃത്യമായ രീതിയിലും അളവിലും കഴിച്ചാല്‍ നമ്മുടെ ദഹനവ്യവസ്ഥയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും വൈറ്റ് റൈസ് ഉണ്ടാക്കില്ലെന്നാണ് പുതിയ വിവരം.
ചില തെറ്റിദ്ധാരണകള്‍ ഇന്നും നമുക്കിടയിലുണ്ടെന്നും എന്നാല്‍ ശരിയായ കാര്യങ്ങള്‍ ഭക്ഷണകാര്യത്തില്‍ മനസിലാക്കണമെന്നുമാണ് ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റായ ഡോ സൗരഭ് സേത്തി പറയുന്നത്. വൈറ്റ് റൈസ് ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങളെ മാറ്റിനിര്‍ത്തുകയും നിയന്ത്രണം കൊണ്ടുവരികയും ചെയ്യുന്ന രീതിക്ക് മാറ്റം വരണമെന്നാണ് സേത്തി പറയുന്നത്. നമ്മള്‍ എന്ത് കഴിക്കുന്നു എന്നതിലല്ല, പക്ഷേ എങ്ങനെ കഴിക്കുന്നു എന്നതിനാണ് പ്രാധാന്യമെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. തണുത്ത വൈറ്റ് റൈസ് വീണ്ടും ചൂടാക്കിയാല്‍, അതില്‍ റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് (ഈ അന്നജം അഥവാ സ്റ്റാര്‍ച്ച് ചെറുകുടലിലെ ദഹനത്തെ നിയന്ത്രിക്കുകയും വന്‍കുടലിലെത്തി വയറ്റിലെ ബാക്ടീരിയകളാല്‍ ഫെര്‍മെന്റ് ചെയ്യപ്പെടുകയും ചെയ്യും. ഇത് കുടലിന് നല്ലതാണ്) അംശം കൂടുതലായിരിക്കും. ഇത് ഡയറ്ററി ഫൈബറായാണ് പ്രവര്‍ത്തിക്കുക. ഇതിനാല്‍ ബാക്കിവന്ന ചോറാണ് ദഹനത്തിന് മികച്ചത്.
ഇതുപോലെ തന്നെ റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് അടങ്ങിയവയാണ് കുറച്ച് മാത്രം പഴുത്ത പഴങ്ങള്‍. ഇവയും വയറിന് ഉത്തമമാണ്. അതേസമയം സേത്തി പറയുന്നത് കോഫി കുടിക്കുന്നത് വയറിന് നല്ലതുമാണ് എന്നാല്‍ ഒരുവശത്ത് അത് മോശവുമാണെന്നാണ്. വെറും വയറ്റില്‍ കാപ്പി കുടിക്കുകയേ ചെയ്യരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Content Highlight: Is White rice bad for your health