Top

ശബരിമല ശ്രീകോവിലിനുള്ളില്‍ ചോര്‍ച്ച; മാസപൂജയ്ക്ക് മുന്‍പ് ജോലി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ്

ശ്രീകോവിലിനു മുന്നിലുള്ള കോടിക്കഴുക്കോലിന്റെ ഭാഗത്താണ് ചെറിയ ചോര്‍ച്ച ഉണ്ടായത്

21 Aug 2022 1:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശബരിമല ശ്രീകോവിലിനുള്ളില്‍ ചോര്‍ച്ച; മാസപൂജയ്ക്ക് മുന്‍പ് ജോലി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ്
X

പത്തനംതിട്ട: ശബരിമല ശ്രീകോവിലിനുള്ളിലെ ചോര്‍ച്ച തടയാനുള്ള ജോലികള്‍ തിങ്കളാഴ്ച ആരംഭിക്കും. അടുത്ത മാസ പൂജയ്ക്ക് മുന്‍പായി ചോര്‍ച്ച പൂര്‍ണമായും പരിഹരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍ പറഞ്ഞു.

ശ്രീകോവിലിനുള്ളില്‍ സ്വര്‍ണപാളികള്‍ സ്ഥാപിച്ചപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന പലകയിലെ ആണികള്‍ നീക്കം ചെയ്തിരുന്നു. ഈ ദ്വാരങ്ങള്‍ അടച്ചിരുന്നില്ല. ഇവയിലൂടെ ചോര്‍ച്ച ഉണ്ടാവാം എന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സ്വര്‍ണപാളികളുടെ വിടവ് നികത്താന്‍ ഉപയോഗിച്ച സില്‍ക്കോണിന്റെ ശേഷി നഷ്ടപ്പെട്ടതും ചോര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടാവുമെന്ന് ദേവസ്വം പ്രസിഡന്റ് അനന്തഗോപന്‍ വ്യക്തമാക്കി.

ശ്രീകോവിലിനു മുന്നിലുള്ള കോടിക്കഴുക്കോലിന്റെ ഭാഗത്താണ് ചെറിയ ചോര്‍ച്ച ഉണ്ടായത്. എന്നാല്‍, ഭിത്തിയിലുണ്ടായ നനവ് വലിയ ചോര്‍ച്ച എന്ന രീതിയില്‍ പ്രചരിക്കുകയായിരുന്നു. സ്വര്‍ണപാളികളില്‍ ഇതുവരെ കേടുപാടുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.

സ്വര്‍ണപാളികളില്‍ വിള്ളലോ കേടുപാടുകളോ കണ്ടെത്തിയാല്‍ അത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞെന്നും അനന്തഗോപന്‍ വ്യക്തമാക്കി. ചോര്‍ച്ച കണ്ടത്തിയ ഇടങ്ങളില്‍ പുതിയ ജെല്‍ പായ്ക്കുകള്‍ സ്ഥാപിക്കും. പഴകിയ ആണികള്‍ മാറ്റി ചോര്‍ച്ച പൂര്‍ണമായും പരിഹരിക്കും. ഇതിന്റെ പണികളാണ് നാളെ ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Leak inside Sabarimala temple remedial work will complete by this month; Devaswom board

Next Story