Top

തൃക്കാക്കരയില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ എല്‍ഡിഎഫ്; കൊച്ചുറാണി ജോസഫും രേഖാ തോമസും പരിഗണനയില്‍

സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള സിപിഐഎം ജില്ലാ കമ്മിറ്റി ഇന്ന് ചേരും

4 May 2022 12:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃക്കാക്കരയില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ എല്‍ഡിഎഫ്; കൊച്ചുറാണി ജോസഫും രേഖാ തോമസും പരിഗണനയില്‍
X

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. കോണ്‍ഗ്രസ്സ് ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ, ഇടതുമുന്നണിയും വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചേക്കും. കെവി തോമസിന്റെ മകള്‍ക്കും സാധ്യതാ പട്ടികയില്‍ സ്ഥാനമുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാരെന്ന് വ്യക്തമായതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാമെന്ന നിലപാടിലാണ് എല്‍ഡിഎഫ്. ഉമാ തോമസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതോടെ വനിതയെ കളത്തിലിറക്കി തൃക്കാക്കര പിടിച്ചെടുക്കാനാണ് എല്‍ഡിഎഫ് നീക്കം. ഭാരത് മാതാ കോളേജ് മുന്‍ അദ്ധ്യാപിക കൊച്ചുറാണി ജോസഫ്, കെവി തോമസിന്റെ മകള്‍ രേഖാ തോമസ് എന്നിവരുടെ പേരുകളാണ് ഇതിനായി പരിഗണിക്കുന്നത്. കത്തോലിക്ക സഭയുടെ പിന്തുണയുള്ളതിനാല്‍ കൊച്ചുറാണിയുടെ പേരിനാവും പ്രഥമ പരിഗണന.

എന്നാല്‍ ആനുകാലിക രാഷ്ട്രീയ സാഹചര്യം കണക്കാക്കി മറ്റേതെങ്കിലും പേരുകളിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. യുഡിഎഫിന്റെ കോട്ടയായ തൃക്കാക്കരയില്‍ ഉമാ തോമസിനെ തോല്‍പ്പിച്ച് മണ്ഡലം കൈക്കലാക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇടതുപക്ഷം. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും മുന്‍പ് ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്ന പ്രചരണ വാക്യവും എല്‍ഡിഎഫ് പുറത്തിറക്കി.

സഹതാപത്തെ കോണ്‍ഗ്രസ് വോട്ടാക്കി മാറ്റുന്നുവെന്നും വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുക എന്നതുമാണ് സിപിഐഎം നിലപാട്. കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ വിമര്‍ശിച്ചും മറ്റും ഇതിനോടകം സൈബര്‍ ഇടങ്ങളില്‍ ഇടതു കേന്ദ്രങ്ങള്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള സിപിഐഎം ജില്ലാ കമ്മിറ്റി ഇന്ന് ചേരും. വനിതാ സ്ഥാനാര്‍ത്ഥിയല്ലെങ്കില്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍ കുമാര്‍, ജില്ലാ കമ്മിറ്റി അംഗം കെഎസ് അരുണ്‍ കുമാര്‍ എന്നിവരേയും പരിഗണിച്ചേക്കും. ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇപി ജയരാജനും പി രാജീവും പങ്കെടുക്കും.

STORY HIGHLIGHTS: LDF may field women candidate in Thrikkakara by election

Next Story