'അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് പുരസ്കാരം വാങ്ങാന്‍ അവസരം ലഭിച്ചിട്ടുണ്ട്'; മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ച് ജോ ജോസഫ്
തൃക്കാക്കരയിലെ വികസന സ്വപ്നങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തു
8 May 2022 7:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃക്കാക്കര: തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി, വിജയം ഉറപ്പിക്കാന്‍ മുന്നണികള്‍ ഇറങ്ങി കഴിഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ പ്രമുഖരെയും സ്ഥാനാര്‍ത്ഥികള്‍ സന്ദര്‍ശിക്കുന്നുണ്ട്. സിപിഐഎം സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും വോട്ടഭ്യര്‍ത്ഥിച്ച് നടന് മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ചിരിക്കുകയാണ്. തൃക്കാക്കരയിലെ വികസന സ്വപ്നങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തായും സന്ദര്‍ശന ശേഷം ജോ ജോസഫ് പറഞ്ഞു. സന്ദര്‍ശനത്തെ സംബന്ധിച്ച വിവരങ്ങള്‍ ജോ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കുവച്ചത്.
മമ്മൂട്ടിയോടെപ്പം ഒരുപാട് വേദികളില്‍ പങ്കിടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കുന്നത് ആദ്യമായാണെന്ന് ജോ ജോസഫ് പറഞ്ഞു. അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പുരസ്കാരം ഏറ്റു വാങ്ങിയതിനെക്കുറിച്ചും ജോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. കൊച്ചി മേയറും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എം അനിലും ജോ ജോസഫിന്റെ ഒപ്പമുണ്ടായിരുന്നു. മമ്മൂട്ടിയോടൊപ്പം നില്ക്കുന്ന ചിത്രങ്ങളും ജോ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസും മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഹൈബി ഈഡന് എംപിക്കൊപ്പമാണ് ഉമ മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയത്. നടന് രമേഷ് പിഷാരടിയും മമ്മൂട്ടിയുടെ വീട്ടില്‍ ഉണ്ടായിരുന്നു.
STORY HIGHLIGHTS: LDF Candidate Dr. Joe Joseph also visited actor Mammootty's house