'ഇടതിനായി തൃക്കാക്കരയില്‍ പ്രചരണത്തിനിറങ്ങും'; നിലപാട് വ്യക്തമാക്കി കെവി തോമസ്
11 May 2022 5:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായി പ്രചരണത്തിനിറങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. അതിന്റെ പേരില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ പുറത്താക്കട്ടെയെന്ന് വെല്ലുവിളിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയോടൊപ്പം എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. തൃക്കാക്കരയെ മാത്രമല്ല കേരളത്തെയൊന്നാകെയാണ് താന്‍ കാണുന്നത്. കേരളത്തില്‍ വികസന രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയാണ് തന്റെ നിലപാടെന്നും കെവി തോമസ് പറഞ്ഞു.
ഞാന്‍ എന്നും കോണ്ഗ്രസുകാരന് തന്നെയാണ്. കോണ്‍ഗ്രസ് എന്നത് ഒരു കാഴ്ചപ്പാടാണ്. എക്കാലവും താന്‍ കോണ്‍ഗ്രസുകാരനായിരിക്കും.
കണ്ണൂരില്‍ സെമിനാറില്‍ പങ്കെടുക്കാന്‍ പോയത് തൊട്ടല്ല. 2018 മുതല്‍ എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സംഘടിതമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ പ്രചരണത്തില്‍ പങ്കെടുക്കാന്‍ എന്നോടാരും പറഞ്ഞിട്ടില്ല. കല്ല്യാണമായതു കൊണ്ടല്ലല്ലോ മറ്റുളളവരെ വിളിച്ചത്. സ്ഥാനാര്‍ത്ഥിയായ ഉടനെ ഉമ വിളിച്ചു. ഭാര്യയാണ് ഫോണ്‍ എടുത്തത്. ഞങ്ങള്‍ അങ്ങോട്ട് വരാമെന്ന് പറഞ്ഞു. പിന്നീട് ഞാന്‍ അങ്ങോട്ടും പോയില്ല, ഉമ ഇങ്ങോട്ടും വന്നില്ല. അങ്ങനെ ഒരു സമീപനം എടുത്താല്‍ പിന്നെന്താണ് ചെയ്യേണ്ടതെന്നും കെവി തോമസ് പറഞ്ഞു.
കേരളത്തിന്റെ വികസനത്തിനുളള കാഴ്ചപ്പാടാണ് എനിക്കുളളത്. എന്നെ കോണ്‍ഗ്രസില്‍ പുറത്താക്കുന്നത് ആരാ ഞാനാണോ? എഐസിസിയെക്കാള്‍ വലുതാണോ കേരളത്തിലെ കോണ്‍ഗ്രസ് എന്ന് ചോദിച്ചാല്‍ മറുപടിയില്ല. എഐസിസി തനിക്ക് അനുകൂലമായല്ലേ തീരുമാനമെടുത്തത്. പാര്‍ട്ടി പുറത്താക്കുന്നെങ്കില് പുറത്താക്കട്ടെ. താന്‍ മാത്രമല്ലല്ലോ ഇങ്ങനെ ചെയ്യുന്നത്, കെ കരുണാകരനും എ കെ ആന്റണിയും എന്നിവരൊയെക്കെയും എല്‍ഡിഎഫിനൊപ്പം കൂടിയിട്ടുണ്ടെന്നും കെവി തോമസ് പറഞ്ഞു.