Top

'പ്രത്യേക പ്രതിനിധിയാക്കിയത് ആവശ്യപ്പെട്ടിട്ടല്ല'; വികസനത്തിനായി രാഷ്ട്രീയമില്ലാതെ പ്രവർത്തിക്കുമെന്ന് കെ വി തോമസ്

19 Jan 2023 8:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രത്യേക പ്രതിനിധിയാക്കിയത് ആവശ്യപ്പെട്ടിട്ടല്ല; വികസനത്തിനായി രാഷ്ട്രീയമില്ലാതെ പ്രവർത്തിക്കുമെന്ന് കെ വി തോമസ്
X

കൊച്ചി: ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച തീരുമാനം തന്റെ ആവശ്യപ്രകാരമല്ലെന്ന് കെ വി തോമസ്. ക്യാബിനറ്റ് റാങ്കോടെ നിയമിക്കാനുളള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''ഡൽഹിയിൽ പോകുമ്പോൾ കോൺഗ്രസ് നേതാക്കളെ കാണാറുണ്ട്. നെഹ്റുവിയൻ കാഴ്ചപ്പാടുളള ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ് ഞാൻ. വികസന പ്രവർത്തനങ്ങളിൽ എന്നും പങ്കാളിത്തമുണ്ടായിട്ടുണ്ട്. ഇടതുമുന്നണിയോടൊപ്പമാണ് നിൽക്കുന്നത്. കോൺഗ്രസിൽ ഉളളപ്പോഴും യച്ചൂരിയോടും മറ്റ് നേതാക്കൻമാരോടും നല്ല വ്യക്തി ബന്ധമുണ്ടായിരുന്നു. പ്രധാനമന്ത്രിയായും ബന്ധമുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് ഒരുമിച്ചു നിൽക്കണം. അതാണ് കെ റെയിലിന് പിന്തുണ നൽകിയത്. നെടുമ്പാശേരി വിമാനത്താവളം, കൊച്ചി മെട്രോ, വൈപ്പിൻ പദ്ധതികൾ എന്നിവ വന്നപ്പോളും എതിർപ്പുണ്ടായിരുന്നു. അന്നും വികസനത്തിനൊപ്പമായിരുന്നു നിന്നത്. അന്ന് രാഷ്ട്രീയം നോക്കിയല്ല പ്രവർത്തിച്ചിട്ടുളളത്.

വാർഡ് പ്രസിഡന്റായി തുടങ്ങിയ ആളാണ് ഞാൻ. എല്ലാവരേയും യോജിപ്പിച്ചു നിർത്തി. എന്നെ പുറന്തള്ളിയത് കോൺഗ്രസാണ്. കേരളത്തിലെ കുറച്ച് കോൺഗ്രസ് നേതാക്കൾ ആണ്. ഞാൻ പത്ത് പേരെ വച്ച് ഗ്രൂപ്പുണ്ടാക്കാൻ നിന്നില്ല. ഗ്രൂപ്പിനൊന്നും നിലനിൽപ്പില്ല. വികസനത്തിന് ഒപ്പം നിൽക്കണം. വികസനകാര്യത്തിൽ പിണറായി വിജയൻ സർക്കാർ ഒരുപാട് മുന്നോട്ടുപോയി. കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയമില്ലാതെ പ്രവർത്തിക്കും,'' കെ വി തോമസ് പറഞ്ഞു.

STORY HIGHLIGHTS: KV Thomas says he will work without politics for the development of Kerala

Next Story