ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി സി നിയമനം; രാജ്ഭവന് പട്ടിക കൈമാറി സർക്കാർ

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം

dot image

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലേക്കുള്ള വി സി നിയമനവുമായി ബന്ധപ്പെട്ട് രാജ്ഭവന് പട്ടിക കൈമാറി സംസ്ഥാന സർക്കാർ. മൂന്നംഗ പാനലിൻ്റെ പട്ടികയാണ് സർക്കാർ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറിയത്. ഡോ ജയപ്രകാശ്, ഡോ പ്രവീൺ, ഡോ സജീബ് എന്നിവരാണ് പട്ടികയിലുള്ളത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം.

അതേസമയം, താത്ക്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ അപ്പീൽ നൽകാനാണ് ഗവർണർ രാജേന്ദ്ര ആർലേക്കറിൻ്റെ നീക്കം. അനുകൂല വിധി ലഭിക്കുമെന്നാണ് നിയമോപദേശം. നാളെ സുപ്രീംകോടതിയെ സമീപിക്കാനാണ് ശ്രമം. തീരുമാനം വരുന്നതുവരെ സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ വിസിമാരെ നിയമിക്കില്ല. ഗവർണർ നിയമിച്ച രണ്ട് താൽക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നിയമനം തള്ളിയ സാഹചര്യത്തിൽ അപ്പീൽ വേണ്ടെന്നായിരുന്നു ആദ്യ തീരുമാനം. പിന്നീടാണ് നിയമോപദേശം തേടിയത്.

സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. വിസിമാര്‍ സര്‍വകലാശാലാ താത്പര്യം സംരക്ഷിക്കണം. താത്ക്കാലിക വിസി നിയമനം താത്ക്കാലിക സംവിധാനം മാത്രമാണ്. താത്ക്കാലിക വിസിമാരുടെ നിയമനം ആറ് മാസത്തില്‍ കൂടുതല്‍ പാടില്ല. വിസി നിയമനം നീളുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കും. സ്ഥിര വിസി നിയമനത്തില്‍ കാലതാമസം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Also Read:

താത്ക്കാലിക വിസി നിയമനത്തിൽ ചാൻസലർക്ക് മുന്നിൽ മറ്റ് വഴികളില്ലെന്നും വിസി നിയമനം സർക്കാർ ശുപാർശ അനുസരിച്ച് തന്നെ നടത്തണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. സർക്കാരിന്റെ ശുപാർശയില്ലാതെ നിയമനം നടത്തരുതെന്നാണ് 2022ലെ സിസ തോമസ് കേസിലെ വിധിയെന്നും ഹൈക്കോടതി ഗവർണ്ണറെ ഓർമ്മിപ്പിച്ചു. സർവകലാശാലാ കാര്യങ്ങളിലെ കാവൽക്കാരനാണ് വിസി. വിസി സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് സർവകലാശാലാ താത്പര്യമല്ലെന്നും ഹൈക്കോടതിയുടെ വിധിയിൽ വ്യക്തമാക്കിയിരുന്നു.വിസി നിയമനം സർക്കാർ പാനലിൽ നിന്ന് വേണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയായിരുന്നു ഗവർണർ രാജേന്ദ്ര ആർലേക്കർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ച ഡിവിഷൻ ബെഞ്ച് ഗവർണറുടെ അപ്പീൽ തള്ളുകയായിരുന്നു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.

Content Highlights- Government submits list to Raj Bhavan for appointment of temporary VC of Technical and Digital University

dot image
To advertise here,contact us
dot image