വിളക്കണക്കല്‍ സമര സംഘര്‍ഷം; പരുക്കേറ്റ ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ നില ഗുരുതരം
ദീപുവിന്റെ ബന്ധുക്കളില്‍ നിന്ന് ഉള്‍പ്പെടെ പൊലീസ് മോഴിയെടുത്ത ശേഷം കേസെടുക്കുമെന്നാണ് സൂചന.
15 Feb 2022 10:26 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കിഴക്കമ്പലത്ത് വിളക്കണക്കല്‍ സമരത്തിനിടയിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ നില ഗുരുതരം. കഴിഞ്ഞ ശനിയാഴ്ച നടന്ന സമരം. ഇതിനിടയിലുണ്ടായ സംഘര്‍ഷത്തിലാണ് ദീപുവിന് പരുക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദീപുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ദീപുവിനെ ആന്തരീക രക്തസ്രാവത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് ആന്തരീക രക്ത സ്രാവമുള്ളതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
അതേസമയം, സിപിഐഎം പ്രവര്‍ത്തകരുടെ ആക്രമണത്തിന് പിന്നിലെന്ന ആരോപണവുമായി ട്വന്റി ട്വന്റി രംഗത്തെത്തി. ദീപു ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെ കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ദീപുവിന്റെ ബന്ധുക്കളില്‍ നിന്ന് ഉള്‍പ്പെടെ പൊലീസ് മോഴിയെടുത്ത ശേഷം കേസെടുക്കുമെന്നാണ് സൂചന.
കഴിഞ്ഞ ശനിയാഴ്ചയാണ് ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍, കിഴക്കമ്പലം പഞ്ചായത്തുകളില്‍ ലൈറ്റ് അണച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. ട്വന്റി ട്വന്റിയുടെ എല്‍ഇഡി സ്ട്രീറ്റ്ലൈറ്റ് പദ്ധതി തടഞ്ഞ എംഎല്‍എയ്ക്കെതിരെ വിഴക്കണക്കല്‍ സമരം സംഘടിപ്പിച്ചത്.
വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ട്വന്റി20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ഉന്നയിച്ച് കെഎസ്ഇബി കിഴക്കമ്പലം അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് എം ബഷീര്‍ കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ച് എന്ന പേരില്‍ ഒരു ലൈറ്റിന് 2500 രൂപ വരെയാണ് ശേഖരിക്കുന്നതെന്നാണ് പ്രധാന ആരോപണം. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി പോസ്റ്റുകളിലും വഴിവിളക്ക് സ്ഥാപിക്കുമെന്നാണ് പ്രചരണം. വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ഏതെങ്കിലും വ്യക്തിക്കോ സംഘടനകള്‍ക്കോ ഫണ്ട് ശേഖരിക്കുന്നതിന് കെഎസ്ഇബി അനുവാദം നല്‍കിയിട്ടില്ലായെന്നിരിക്കെയാണ് ട്വന്റി20 നടപടി. നവമാധ്യമങ്ങള്‍ വഴിയാണ് ഫണ്ട് ശേഖരിക്കുന്നതിന് പ്രചാരം നടത്തുന്നത്.
STORY HIGHLIGHTS: Kunnathunadu Twenty Twenty Strike
- TAGS:
- Kunnathunad
- Twenty Twenty