Top

'ഏകാധിപത്യം നടപ്പിലാക്കാനുളള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്; ജനാധിപത്യം നഷ്ടപ്പെടുന്നുവെന്ന സംശയം ബലപ്പെടുന്നു'; ജിഫ്രി തങ്ങൾ

രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തേയും മതസൗഹാർദത്തേയും സംരക്ഷിക്കേണ്ട തെരഞ്ഞെടുക്കപ്പെട്ടവർ ഇതെല്ലാം തകർക്കുകയാണ്.

14 Jun 2022 10:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏകാധിപത്യം നടപ്പിലാക്കാനുളള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്; ജനാധിപത്യം നഷ്ടപ്പെടുന്നുവെന്ന സംശയം ബലപ്പെടുന്നു; ജിഫ്രി തങ്ങൾ
X

കൽപ്പറ്റ: പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവരെ അടിച്ചമർത്തുന്ന സർക്കാർ നടപടി ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാനുളള ശ്രമമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. രാജ്യത്തെ ജനാധിപത്യം നഷ്ടപ്പെടുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്. കുറ്റക്കാരെ സംരക്ഷിച്ച് നിർത്തി പ്രതിഷേധിച്ചവരുടെ വീടുകൾ ബുൾഡോസറുകൾ ഉപയോ​ഗിച്ച് തകർത്ത് ഏകാധിപത്യം നടപ്പിൽ വരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മുട്ടിൽ ഡബ്ല്യു.എം.ഒ കാമ്പസിലെ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ 12-ാമത് സംസ്ഥാന സാരഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മതങ്ങളും പരസ്പര ബഹുമാനത്തോടെയാണ് ഇത്രയും കാലം ജീവിച്ചത്. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തേയും മതസൗഹാർദത്തേയും സംരക്ഷിക്കേണ്ട തെരഞ്ഞെടുക്കപ്പെട്ടവർ ഇതെല്ലാം തകർക്കുകയാണ്. ഒരു മതവും, മറ്റ് മതങ്ങളെയോ അവരുടെ വിശ്വാസങ്ങളെയോ ദൈവങ്ങളെയോ പ്രവാചകരേയോ നിന്ദിക്കാൻ അനുവദിക്കില്ലെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു. അത് തുടർന്നും മുന്നോട്ട് കൊണ്ടുപോകാൻ സമസ്ത പ്രതിജ്ഞാബദ്ധമാണ്. അതിൽ നിന്ന് ഒരടിപോലും പിന്നോട്ട് പോകില്ലെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.

പരിപാടിയിൽ സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷനായി. സമസ്ത വയനാട് ജില്ലാ പ്രസിഡന്റ് കെ ടി ഹംസ മുസ്ലിയാർ പതാക ഉയർത്തി. ചടങ്ങിൽ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, ജനറൽ സെക്രട്ടറി മാവാക്കോട് മൊയ്തീൻകുട്ടി ഫൈസി, അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, എം.എ മുഹമ്മദ് ജമാൽ എന്നിവർ സംസാരിച്ചു. പരിപാടിയിൽ മാതൃക മുഅല്ലിം അവാർഡ് കെ കെ ഇബ്രാഹിം മുസ്ലിയാർ എളേറ്റിലിന് ജിഫ്രി തങ്ങൾ സമ്മാനിച്ചു.

STORY HIGHLIGHTS: Jifri Thangal Says Attempts are Being Made in the Country to Enforce Dictatorship in Country

Next Story