
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ വീണ്ടും പ്രതികരിച്ച് മന്ത്രി വി എന്‍ വാസവന്‍. പത്തനംതിട്ട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നതിന്‌റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പത്തനംതിട്ടയില്‍ പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കെട്ടിടം ശോചനീയവസ്ഥയിലെന്ന് റിപ്പോര്‍ട്ട് മാത്രമാണ് നല്‍കിയതെന്നും അത് പരിഹരിക്കാനുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് അവശ്യമായ തുക വകയിരുത്തിയത്. അതിന് ശേഷമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നാല് പുതിയ കെട്ടിടങ്ങള്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. ബിന്ദുവിന്‌റെ മരണം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. അടുത്ത ക്യാബിനറ്റില്‍ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കും എന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഒരപകടമുണ്ടായാല്‍ ആ വകുപ്പിലെ മന്ത്രി രാജി വെക്കുന്നത് ആണോ ആവശ്യമെന്നും അങ്ങനെ വന്നാല്‍ മന്ത്രിമാരുടെ സ്ഥിതി എന്താകുമെന്നും അദ്ദേഹം ചോദിച്ചു. റോഡപകടം ഉണ്ടായാല്‍ ഗതാഗത വകുപ്പ് മന്ത്രി രാജി വെക്കണോ എന്നും വിമാനാപകടം ഉണ്ടായാല്‍ പ്രധാനമന്ത്രി രാജി വെക്കണമെന്നാണോ ആവശ്യം എന്നും മന്ത്രി ചോദിക്കുന്നു.
കര്‍ണാടകയില്‍ ക്രിക്കറ്റ് താരങ്ങള്‍ വന്നപ്പോള്‍ അപകടമുണ്ടായി. ആരെങ്കിലും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടോ എന്നും മന്ത്രി വാസവന്‌റെ ചോദ്യം. ആരോഗ്യ സംവിധാനത്തെ നശിപ്പിക്കുകയല്ല സംരക്ഷിക്കുകയാണ് വേണ്ടത്. ഉണ്ടായ സംഭവത്തെക്കുറിച്ച് പരിശോധിച്ച് വീഴ്ചയുണ്ടേല്‍ പരിഹരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഡോ ഹാരിസ് ചിറക്കല്‍ മികച്ച ഡോക്ടറാണ്.കേരള ജ്യോതി പുരസ്‌കാരം നല്‍കി ആദരിച്ച ഡോക്ടറാണ്.അദ്ദേഹത്തെ ദൈവത്തെപ്പോലെയാണ് രോഗികള്‍ കാണുന്നത്.പരാതിയുന്നയിച്ച ഡോക്ടര്‍ക്കെതിരെ എന്തിനാണ് നടപടിയെന്നും അദ്ദേഹം ചോദിച്ചു. അദ്ദേഹത്തെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഒരാള്‍ മരിക്കുന്നത്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മകള്‍ക്ക് കൂട്ടിരിപ്പിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു.കുളിക്കുന്നതിനായി ഈ കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. തകര്‍ന്ന് വീണ കെട്ടിടാവശിഷ്ടത്തിന് അടിയില്‍പ്പെട്ട ബിന്ദുവിനെ രണ്ട് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
14ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. 12 വര്‍ഷമായി ബലക്ഷയമുള്ള കെട്ടിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. തകര്‍ന്ന ശുചിമുറിയുടെ ഭാഗം അടച്ചിട്ടതായിരുന്നുവെന്ന് അപകടം നടന്നയുടനേ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തകര്‍ന്ന കെട്ടിടം ഉപയോഗിച്ചിരുന്നതായി രോഗികളും വ്യക്തമാക്കിയിരുന്നു.
ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി താല്‍ക്കാലിക ധനസഹായമെന്ന നിലയില്‍ 50000 രൂപയുടെ ചെക്ക് വാസവന്‍ കൈമാറി. കുടുംബത്തിനുള്ള സാമ്പത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കും. മകന് താത്ക്കാലിക ജോലി ഉടന്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സംഭവത്തിന് പിന്നാലെ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വ്യാപകമായ പ്രതിഷേധങ്ങളിലേക്ക് കടന്നിരിക്കുകയാണ്.
Content highlights: Kottayam Medical College accident; Minister VN Vasavan says party criticism in Pathanamthitta will be examined