Top

പീഡനക്കേസ്: 'എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം', സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തെളിവ് ശേഖരണത്തിന് എല്‍ദോസിന്റെ കസ്റ്റഡി അനിവാര്യമാണെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും.

25 Oct 2022 10:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പീഡനക്കേസ്: എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം, സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
X

എറണാകുളം: പീഡനക്കേസ് പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടി. എല്‍ദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. അതുകൊണ്ട് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. തെളിവ് ശേഖരണത്തിന് എല്‍ദോസിന്റെ കസ്റ്റഡി അനിവാര്യമാണെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും.

കഴിഞ്ഞദിവസങ്ങളിലെ ചോദ്യംചെയ്യലുകളില്‍ പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചും അവര്‍ക്കൊപ്പമുള്ള യാത്രകളെ കുറിച്ചും എല്‍ദോസ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരങ്ങള്‍. 11 ഉപാധികളുടേയും അഞ്ചു ലക്ഷം രൂപയുടേയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കണം, കേരളം വിട്ടുപോകരുത്, സാമൂഹിക മാധ്യമങ്ങളിലൂടെ ഇരയെ അപകീര്‍ത്തിപ്പെടുത്തരുത്, പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്.

അധ്യാപികയായ യുവതിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്‍പ്പിക്കല്‍, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് എല്‍ദോസിനെതിരെ ചുമത്തിയിരിക്കുന്നത്. ഏഴ് സ്ഥലങ്ങളില്‍ വെച്ച് എല്‍ദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്‌തെന്നാണ് പരാതിക്കാരി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ മാസം 28 നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നുകാട്ടി യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കമ്മീഷണര്‍ കോവളം സിഐക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബര്‍ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന് യുവതി ആരോപിച്ചതോടെ കോവളം സിഐയെ സ്ഥലം മാറ്റിയിരുന്നു. എല്‍ദോസ് കോവളം സൂയിസൈഡ് പോയിന്റില്‍ എത്തിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ എല്‍ദോസിനെതിരെ വധശ്രമക്കേസും ചുമത്തിയിരുന്നു.

Next Story