ദീപുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും; തുടർ നടപടികളിലേക്ക് പൊലീസ്
20 Feb 2022 1:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എറണാകുളം കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് രാത്രിയോടെ പൊലീസിന് ലഭിച്ചേക്കും. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പൊലീസ് തുടർനടപടികളിലേക്ക് കടക്കും. കേസിൽ അറസ്റ്റിലായ നാല് സിപിഐഎം പ്രവർത്തകരെയും കസ്റ്റഡിയിൽ വാങ്ങാൻ നാളെ കോടതിയെ സമീപിക്കും.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. തലയോട്ടിയിലെ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിലായി ക്ഷതം കണ്ടെത്തി. ക്ഷതമേറ്റതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ട പിടിച്ചു. കരൾ രോഗവും മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ദീപുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ട്വന്റി ട്വന്റി കിഴക്കമ്പലത്തിൽ പ്രവർത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നും എഫ്ഐആറിൽ പൊലീസ് പറയുന്നു. നേരത്തെ കിറ്റെക്സ് എംഡി ആരോപിച്ചതിന് സമാനമാണ് എഫ്ഐആറിൽ പറയുന്ന കാര്യങ്ങൾ.
ട്വന്റി-20 യുടെ പഞ്ചായത്ത് അംഗമായ നിഷ അലിയാർ നൽകിയ പരാതിയിലാണ് ഇപ്പോൾ എഫ് ഐ ആർ തയ്യാറാക്കിയിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയായി ചേർക്കപ്പെട്ട സൈനുദ്ദീൻ ദീപുവിനെ കഴുത്തിന് പിടിച്ച് തള്ളി നിലത്തിട്ട ശേഷം തലയിൽ പലതവണ ചവിട്ടിയെന്നും മറ്റു പ്രതികൾ ആ സമയത്ത് ദീപുവിനെ ശാരീരികമായി ഉപദ്രവിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. പരാതിക്കാരിയെ സിപിഐഎം പ്രവർത്തകർ അസഭ്യം പറഞ്ഞെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.