മൂന്നാഴ്ചയ്ക്കുള്ളില്‍ കൊവിഡ് അതിതീവ്ര വ്യാപന സാധ്യത; ആക്ടീവ് കൊവിഡ് ക്ലസ്റ്ററുകള്‍ 78; വീണാ ജോര്‍ജ്
സിപിഐഎം അടക്കമുളള രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തും.
15 Jan 2022 12:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ചക്കുളളില്‍ കൊവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 78 ആക്ടീവ് കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിപിഐഎം അടക്കമുളള രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തും. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും ക്വാറന്റീന്‍ അടക്കമുളള കാര്യങ്ങള്‍ നടപ്പാക്കുയെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് ബാധിച്ചവര്‍ക്ക് മണവും രുചിയും നഷ്ടപ്പെടും. എന്നാല്‍ ഒമിക്രോണ്‍ ബാധിതര്‍ക്ക് മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ലക്ഷണങ്ങളില്ലാത്തവരില്‍ നിന്നാണ് കൊവിഡ് രോഗവ്യാപനം ഉണ്ടാകുന്നത്. അതുകൊണ്ടാണ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്ത് മരുന്നുക്ഷാമമുണ്ടെന്ന വാര്‍ത്ത മന്ത്രി തള്ളി. മരുന്ന് ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ മരുന്നു കമ്പനികളുടെ സമ്മര്‍ദ്ദമുണ്ടോയെന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്കുളള മോണോക്ലോണല്‍ ആന്റിബോഡിക്ക് ക്ഷാമമില്ല. ചികിത്സാ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇത് നല്‍കുന്നത്. ചികിത്സ ഏത് ഘട്ടത്തിലാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നത് അതാത് സ്ഥാപനങ്ങളിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നാണ്. വിലകൂടുതലായതിനാല്‍ മരുന്ന് വലിയ തോതില്‍ വാങ്ങിവെക്കാറില്ല. ആവശ്യാനുസരണമാണ് വാങ്ങുന്നത്. ഒരുഘട്ടത്തിലും മരുന്നിന്റെ ലഭ്യതക്കുറവ് ഉണ്ടായിട്ടില്ല. റെംഡിസിവറും ആവശ്യത്തിനനുസരിച്ച് ലഭ്യമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.