Top

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കും; ഓര്‍ഡിനന്‍സിന് മന്ത്രിസഭാ അംഗീകാരം

സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശനമാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്.

9 Nov 2022 5:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കും; ഓര്‍ഡിനന്‍സിന് മന്ത്രിസഭാ അംഗീകാരം
X

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ ഗെറ്റ് ഔട്ട് അടിച്ചാണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. നിയമ വകുപ്പ് തയ്യാറാക്കിയ കരട് ഓര്‍ഡിനന്‍സ് മന്ത്രിസഭായോഗം അംഗീകരിച്ചു. ഗവര്‍ണര്‍ക്ക് പകരം ചാന്‍സിലര്‍ പദവിയില്‍ വിദഗ്ധരെ നിയമിക്കാനാണ് തീരുമാനം. പുഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. പൊതുസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒറ്റ ചാന്‍സിലറും സവിശേഷ സ്വഭാവം ഉള്ള സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലറെ നിയമിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.

സര്‍വകലാശാലകളുടെ അധികാരത്തിന്‍മേല്‍ ഗവര്‍ണര്‍ അനാവശ്യമായി കടന്നു കയറുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണര്‍ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപവും സര്‍ക്കാറിനുണ്ട്. ഇത് തടയിടാനാണ് തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചത്. മന്ത്രിസഭ പാസാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നാണ് ഭരണഘടനവിദഗ്ദനായ പിഡിടി ആചാരി പ്രതികരിച്ചത്.

സര്‍ക്കാര്‍ തീരുമാനം ഉദ്ദേശശുദ്ധിയോടെയെന്ന് മന്ത്രി ബിന്ദു

തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനം ഉദ്ദേശ ശുദ്ധിയോടെയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഭരണഘടന നിര്‍ദേശിക്കുന്ന വിധത്തില്‍ വ്യവസ്ഥാപിതമായിട്ടുളള മാര്‍ഗങ്ങളിലൂടെ എല്ലാവര്‍ക്കും മുന്നോട്ട് പോകാന്‍ സാധിക്കുകയൊളളു. ജനാധിപത്യ വ്യവസ്ഥയില്‍ നിയമസഭ മുന്നോട്ട് വെക്കുന്ന കാര്യങ്ങള്‍ അംഗീകരിച്ച് പോവുക എന്നത് മര്യാദയാണ്. ഭരണഘടനാ പരമായ ചുമതലയാണ്. ഗവര്‍ണര്‍ അത് നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂല പരിഷ്‌കരണങ്ങള്‍ വേണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി മൂന്ന് കമ്മീഷനുകളെ നിയമിച്ചിരുന്നു. കമ്മീഷന്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങളില്‍ ഒരു നിര്‍ദേശം ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരു അക്കാഡമിഷ്യനെ നിയമിക്കണമെന്നായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ കാര്യങ്ങള്‍ കൃത്യമായി പഠിക്കുന്ന അക്കാഡമിഷ്യനായിരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശത്തിലുണ്ടായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ തന്നെ തീരുമാനിച്ചതാണ് മാറ്റം കൊണ്ടുവരാന്‍. ഗവര്‍ണറെ മറ്റ് ചുമതലകള്‍ക്കായി വിട്ടു നല്‍കേണ്ടതാണെന്ന് പൂഞ്ച് കമ്മീഷന്‍ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നുവെന്ന് ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.

സര്‍വ്വകലാശാലകള്‍ക്ക് സ്വതന്ത്രായി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കൊണ്ടു പോവുകയാണ് ഗവര്‍ണറെന്നും മന്ത്രി കുറ്റപ്പെടുത്തി. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് സര്‍ക്കാരിന് പിടിവാശിയില്ല. പ്രതിപക്ഷത്തിന് പറയാനുള്ളത് സഭയില്‍ പറയട്ടെ. ഓര്‍ഡിനന്‍സ് നടപ്പാവുകയാണെങ്കില്‍ പൊതു സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ ആയിരിക്കും, പ്രത്യേക സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് പ്രത്യേകം പ്രത്യേകം വി സിമാരുമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Next Story