രാഹുലിനൊപ്പം പ്രിയങ്കയുമെത്തും; ഭാരത് ജോഡോ യാത്ര നാളെ പാലക്കാട്
നാളെ രാവിലെ എസ്എംപി ജംഗ്ഷനിലാണ് ജാഥയെ വരവേല്‍ക്കുക. കുളപ്പുള്ളി, ഓങ്ങല്ലൂര്‍ വഴി പട്ടാമ്പിയില്‍ 11 മണിയോട് കൂടി എത്തും
25 Sep 2022 4:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും. നാളത്തെ യാത്രയില്‍ പ്രിയങ്കാഗാന്ധി പങ്കെടുക്കുമെന്നാണ് വിവരം. നാളെ രാവിലെ ഷൊര്‍ണൂരില്‍ നിന്നും നിന്നും ആരംഭിക്കുന്ന യാത്രയില്‍ പ്രിയങ്കയും അണിനിരക്കും. യാത്രയെ സ്വീകരിക്കാന്‍ പട്ടാമ്പിയിലും കൊപ്പത്തും ഷൊര്‍ണൂരും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
നാളെ രാവിലെ എസ്എംപി ജംഗ്ഷനിലാണ് ജാഥയെ വരവേല്‍ക്കുക. കുളപ്പുള്ളി, ഓങ്ങല്ലൂര്‍ വഴി പട്ടാമ്പിയില്‍ 11 മണിയോട് കൂടി എത്തും. ശേഷം രാജപ്രസ്ഥം ഓഡിറ്റോറിയത്തിലെ വിശ്രമത്തിന് ശേഷം വൈകിട്ട് 3 മണിക്ക് അട്ടപ്പാടിയില്‍ ഗോത്ര വിഭാഗക്കാരുമായി രാഹുല്‍ ആശയവിനിമയം നടത്തും. 4.20 നാണ് കൊപ്പത്തേക്ക് യാത്ര ആരംഭിക്കുന്നത്. യാത്രയുടെ പ്രചാരണാര്‍ഥം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പട്ടാമ്പിയില്‍ കൂട്ടയോട്ടം നടത്തി. വി.കെ.ശ്രീകണ്ഠന് എംപിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
തൃശൂര്‍ ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും. രാവിലെ 6:30ന് തിരൂരില്‍ നിന്നുമാണ് ഇന്നത്തെ യാത്ര പ്രയാണം ആരംഭിച്ചത്. 11 മണിയോടെ യാത്ര വടക്കാഞ്ചേരിയില്‍ എത്തിച്ചേരും. ഉച്ചഭക്ഷണത്തിനുശേഷം വടക്കാഞ്ചേരിയില്‍ നിന്നും നാലുമണിക്ക് ആരംഭിക്കുന്ന യാത്ര ജില്ലാ അതിര്‍ത്തിയായ വെട്ടിക്കാട്ടിരി സെന്ററില്‍ പൊതുസമ്മേളനത്തോടെ സമാപിക്കുമ്പോള്‍, ജില്ലയിലെ മൂന്ന് ദിവസത്തെ ഭാരത് ജോഡോ പദയാത്ര പൂര്‍ത്തിയാകും.