Top

'എം ടിയുടേത് വായനക്കാരൻ എന്ന നിലയിലുള്ള അഭിപ്രായം'; പ്രതികരണവുമായി ബെന്യാമിൻ

എം ടിക്ക് പുതിയ കാലത്തെ എഴുത്തിൽ വലിയ മഹത്വം ഒന്നും കാണാൻ കഴിയാത്തത് അദ്ദേഹം അതിന് മുകളിൽ നിൽക്കുന്ന കൃതികൾ വായിച്ചതു കൊണ്ടാണ്

15 Aug 2022 2:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എം ടിയുടേത് വായനക്കാരൻ എന്ന നിലയിലുള്ള അഭിപ്രായം; പ്രതികരണവുമായി ബെന്യാമിൻ
X

കൊച്ചി: മലയാളത്തിലെ സമകാലിക പുസ്തകങ്ങളെയും എഴുത്തുകളെയും കുറിച്ചുള്ള പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ പരാമർശത്തിൽ പ്രതികരണവുമായി ബെന്യാമിൻ. എം ടിക്ക് പുതിയ കാലത്തെ എഴുത്തിൽ വലിയ മഹത്വം ഒന്നും കാണാൻ കഴിയാത്തത് അദ്ദേഹം അതിന് മുകളിൽ നിൽക്കുന്ന കൃതികൾ വായിച്ചതു കൊണ്ടാണ്. ഒരു എഴുത്തുകാരൻ എന്ന നിലയിലല്ല, വായനക്കാരൻ എന്ന നിലയിലാണ് അദ്ദേഹം അഭിപ്രായം പറഞ്ഞതെന്നും ബെന്യാമിൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ എം ടി പറഞ്ഞ ചില പ്രസ്താവനകൾ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

മലയാളത്തിലെ ഇപ്പോഴത്തെ പുസ്തകങ്ങൾ വായിക്കാറുണ്ടോ എന്ന ചോദ്യത്തിന് വായിച്ച് മുഴുമിക്കുന്നതു തന്നെ അപൂർവ്വം എന്നാണ് എം ടി പറഞ്ഞത്. 'പലതും പകുതിവഴിക്ക് നിർത്തുന്നു. ഭാഷ വലിയൊരു ഘടകമാണ്. എഴുത്തുകാർ പുതിയ ഭാഷ സൃഷ്ടിക്കണം. ചന്തുമേനോനെ പോലെയല്ല സി വി രാമൻപിള്ള എഴുതിയത്. തകഴിയും കേശവദേവും വേറിട്ട് എഴുതി. ഓരോ കാലത്തും വന്ന എഴുത്തുകാർ അവരുടെ ഭാഷയെ മാറ്റി. ഭാഷയും പ്രമേയവും ആകർഷണീയമായാലെ വായന മുന്നോട്ടുപോകൂ. ഭാഷ കൊണ്ട് വായനക്കാരെ അടുപ്പിക്കണം. ഇപ്പോൾ അകറ്റുന്ന ഒരു രീതിയാണ് കാണുന്നത്. വ്യക്തിപരമായ അനുഭവങ്ങളും ഉള്ളിൽ കൊള്ളുന്ന അനുഭവങ്ങളും നഷ്ടപ്പെടുന്നു കൊണ്ടാണ് ഭാഷയുടെ സൗന്ദര്യം ഇല്ലാതാവുന്നത്', എം ടി പറഞ്ഞു.

'ഓരോ വായനക്കാരനും തന്റെ അന്നോളമുള്ള വായനാനുഭവത്തിൽ നിന്നുകൊണ്ടാണ് പുതിയ ഒരു രചനയെ വിലയിരുത്തുന്നത്. അതിനു ഭാഷാ ഭേദമൊന്നുമില്ല. വായനാഭിരുചി ദീർഘകാലം കൊണ്ട് പരുവപ്പെട്ടു വരുന്ന ഒന്നാണ്. ഒരു വായനക്കാരനും ഒരു എഴുത്തുകാരന് സൗജന്യം ഒന്നും നൽകാറില്ല. അത് പ്രതീക്ഷിക്കുകയും അരുത്. അവരെ തൃപ്തിപ്പെടുത്തുക എന്നത് എഴുത്തുകാരന്റെ മാത്രം ഉത്തരവാദിത്തമാണ്. വായനക്കാരന് മുന്നിൽ പുസ്തകം മാത്രമേയുള്ളൂ. അയാൾ ഒരു കൃതി വായിക്കുമ്പോൾ അതുവരെ വായിച്ചതിന് മുകളിൽ നിൽക്കുന്ന വായനാനുഭവമാണ് പ്രതീക്ഷിക്കുക. നിരന്തര വായന ഉണ്ടാക്കുന്ന ഒരു വലിയ പ്രതിസന്ധിയാണത്. അതിനെ മറികടക്കാൻ കെൽപ്പില്ലാത്ത രചനകൾ ആരെയും തൃപ്തിപ്പെടുത്തില്ല. ഈ ഒരു കാര്യം മനസിലാക്കിയാൽ എം. ടി. പറഞ്ഞതിന്റെ അർത്ഥം നമ്മുക്ക് വേഗം പിടി കിട്ടും.'

'മലയാളത്തിലെ ഏതാണ്ട് എല്ലാ വായനക്കാർക്കും പലവിധത്തിൽ ലോകസാഹിത്യത്തോട് നല്ല ബന്ധമുണ്ട്. അത്തരത്തിൽ വായന ശീലിച്ച ഒരു സമൂഹത്തിലേക്കാണ് നമ്മൾ നമ്മുടെ പുസ്തകവുമായി കടന്നു ചെല്ലുന്നത് എന്നൊരു ബോധം എഴുത്തുകാർക്ക് ഉണ്ടാവേണ്ടതുണ്ട്. അല്ലാതെ എന്നെ മനസിലാക്കാൻ കഴിയാത്ത വിധം അയാൾ പഴഞ്ചൻ ആയിപ്പോയി എന്ന അഹങ്കാരം അല്ല. ഒരു എഴുത്തുകാരൻ എന്ന നിലയിൽ അല്ല, വായനക്കാരൻ എന്ന നിലയിൽ ആണ് അദ്ദേഹം ആ അഭിപ്രായം പറഞ്ഞത്. അതിനുള്ള സ്വാതന്ത്ര്യം എങ്കിലും അഹങ്കാരം കൊണ്ട് കണ്ണുകാണാതായിപ്പോയ യുവ എഴുത്തുകാർ ആ മനുഷ്യന് കൊടുക്കണം', എന്ന് ബെന്യാനിൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

'എം.ടി.യുടെ അഭിമുഖമാണല്ലോ പുതിയ സാഹിത്യചർച്ച. വായനയിലെ ആസ്വാദനത്തെ സംബന്ധിച്ച് എം. കൃഷ്ണൻ നായർ ഒരു ഉദാഹരണം പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ വീട്ടിലെ പൂപാത്രത്തിൽ ഇരിക്കുന്ന പൂവ് കണ്ടിട്ട് ഒരാൾ തനിക്ക് അത് അത്ര ഇഷ്ടം ആയില്ല എന്നുപറഞ്ഞാൽ അയാൾ അതിനേക്കാൾ മനോഹരങ്ങളായ പൂക്കൾ കണ്ടിട്ടുണ്ട് എന്ന് അർത്ഥം എന്ന്. അതുപോലെ തന്നെയാണ് വായനയും. ഒാരോ വായനക്കാരനും തന്റെ അന്നോളമുള്ള വായനാനുഭവത്തിൽ നിന്നുകൊണ്ടാണ് പുതിയ ഒരു രചനയെ വിലയിരുത്തുന്നത്. അതിനു ഭാഷാ ഭേദമൊന്നുമില്ല. വായനാഭിരുചി ദീർഘകാലം കൊണ്ട് പരുവപ്പെട്ടു വരുന്ന ഒന്നാണ്. ഒരു വായനക്കാരനും ഒരു എഴുത്തുകാരന് സൗജന്യം ഒന്നും നൽകാറില്ല. അത് പ്രതീക്ഷിക്കുകയും അരുത്. അവരെ തൃപ്തിപ്പെടുത്തുക എന്നത് എഴുത്തുകാരന്റെ മാത്രം ഉത്തരവാദിത്തമാണ്. അത് മലയാളി, ഇംഗ്ലീഷ്, പുതിയത്, പഴയത്, സ്പാനിഷ്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യാസം ഒന്നുമില്ല. വായനക്കാരന് മുന്നിൽ പുസ്തകം മാത്രമേയുള്ളു. അങ്ങനെ ഒരു വായനക്കാരൻ താൻ അതുവരെ വായിച്ചതിന്റെ മുകളിൽ ഒന്ന് പ്രതീക്ഷിക്കുക തന്നെ ചെയ്യും. ഇനി അതുക്കും മേലെ, അതുക്കും മേലെ എന്നൊരു പ്രതീക്ഷ അയാൾ ഒാരോ കൃതിയോടും വച്ചുപുലർത്തും. നിരന്തര വായന ഉണ്ടാക്കുന്ന ഒരു വലിയ പ്രതിസന്ധിയാണത്. അതിനെ മറികടക്കാൻ കെൽപ്പില്ലാത്ത രചനകൾ ആരെയും തൃപ്തിപ്പെടുത്തില്ല. ഇൗ ഒരു കാര്യം മനസിലാക്കിയാൽ എം. ടി. പറഞ്ഞതിന്റെ അർത്ഥം നമ്മുക്ക് വേഗം പിടി കിട്ടും. മലയാളത്തിലെ ഏതാണ്ട് എല്ലാ വായനക്കാർക്കും പലവിധത്തിൽ ലോകസാഹിത്യത്തോട് നല്ല ബന്ധമുണ്ട്. അത്തരത്തിൽ വായന ശീലിച്ച ഒരു സമൂഹത്തിലേക്കാണ് നമ്മൾ നമ്മുടെ പുസ്തകവുമായി കടന്നു ചെല്ലുന്നത് എന്നൊരു ബോധം എഴുത്തുകാർക്ക് ഉണ്ടാവേണ്ടതുണ്ട്. അല്ലാതെ എന്നെ മനസിലാക്കാൻ കഴിയാത്ത വിധം അയാൾ പഴഞ്ചൻ ആയിപ്പോയി എന്ന അഹങ്കാരം അല്ല. എം ടി ക്ക് പുതിയ എഴുത്തിൽ വലിയ മഹത്വം ഒന്നും കാണാൻ കഴിയാത്തത് അദ്ദേഹം അതുക്കും മേലെ ഉള്ളത് വായിച്ചു എന്നതുകൊണ്ടാണ്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ അല്ല, വായനക്കാരൻ എന്ന നിലയിൽ ആണ് അദ്ദേഹം ആ അഭിപ്രായം പറഞ്ഞത്. അതിനുള്ള സ്വാതന്ത്ര്യം എങ്കിലും അഹങ്കാരം കൊണ്ട് കണ്ണുകാണാതായിപ്പോയ യുവ എഴുത്തുകാർ ആ മനുഷ്യന് കൊടുക്കണം.

നൊബേൽ സമ്മാന ജേതാവ് റൊമയ്ൻ റോളണ്ട് പറഞ്ഞത് : 'യുവാക്കളെ ഇന്നിന്റെ യുവാക്കളെ, നിങ്ങൾ ഞങ്ങളുടെ മുകളിലൂടെ നടക്കു, ഞങ്ങളെക്കാൾ മഹത്തുക്കൾ ആണെന്ന് തെളിയിക്കു ' എന്നാണ്. അതിനു പുലഭ്യം പറച്ചിൽ കൊണ്ട് സാധ്യമാവുകയില്ല. മികച്ച രചനകൾ ലോകത്തിനു സമ്മാനിക്കാൻ ശ്രമിക്കൂ.'

STORY HIGHLIGHTS: Benyamin Reacts To M T Vasudevan Nair's Remarks On Recent Malayalam Literature and Writers, M T's Remarks Are From The Point Of View Of a Reader

Next Story