Top

അരിയില്‍ ഷൂക്കൂര്‍ കൊല്ലപ്പെട്ടതെന്തിന്?

കേസില്‍ ആറുമാസത്തിനുശേഷം സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ ആകെ 33 പ്രതികളില്‍ പി ജയരാജന്‍ 32-ാം പ്രതിയായും ടിവി രാജേഷ് 33-ാം പ്രതിയായും പ്രതിചേര്‍ക്കപ്പെട്ടു.

12 Oct 2021 12:52 PM GMT
അനുപമ ശ്രീദേവി

അരിയില്‍ ഷൂക്കൂര്‍ കൊല്ലപ്പെട്ടതെന്തിന്?
X

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2012 ഫെബ്രുവരി 20നാണ് കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എംഎസ്എഫ് പ്രാദേശിക നേതാവുമായിരുന്ന അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. മരിക്കുമ്പോള്‍ ഷുക്കൂറിന് പ്രായം 24 മാത്രം. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ മുസ്ലിംലീഗ് നേതാക്കള്‍ നടത്തിയ വധശ്രമത്തിന് തുടര്‍ച്ചായായി ഷുക്കൂര്‍ കൊലപ്പെടുന്നു. എഫ്‌ഐആറില്‍ ഉള്‍പ്പടെ ആസൂത്രിതമായ ഒരു പകരം വീട്ടലിന്റെ കഥയായിരുന്നു ഷുക്കൂര്‍ വധത്തിന്റേത്.

അരിയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഗുരുതരാവസ്ഥയിലായ സിപിഐഎം പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ എത്തിയ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനും കല്ല്യാശ്ശേരി എംഎല്‍എ ടി വി രാജേഷും സഞ്ചരിച്ച വാഹനത്തിനു നേരെ ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണമായിരുന്നു തുടക്കം. ജയരാജനെതിരെയുണ്ടായ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് സൂചന ലഭിച്ചോടെയാണ് ഷുക്കൂർ നോട്ടപ്പുള്ളിയായത്.

എഫ്ഐആർ പ്രകാരം സംഭവദിവസം ക്രിക്കറ്റുകളിക്കിടെ പരിക്കേറ്റ സുഹൃത്തുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഷൂക്കൂറും സക്കറിയയും അടങ്ങുന്ന സംഘം. കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിലൂടെ പോകുകയായിരുന്ന സംഘത്തെ സിപിഐഎം പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് തടഞ്ഞു. അപകടം മണത്തോടെ അടുത്ത വീട്ടില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സിപിഐഎം പ്രവര്‍ത്തകര്‍ അതിനകം വീട് വളഞ്ഞിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ സിപിഐഎം മോറാഴ ലോക്കല്‍ കമ്മിറ്റിയംഗം ചോവാന്‍ നരോത്ത് മോഹനന്‍ ഷുക്കൂര്‍ അടങ്ങുന്നവരുടെ പേരും വിലാസവും എഴുതിയെടുത്തു. മൈന ദിനേശനെന്ന എന്‍പി ദിനേശന്‍ ഇവരുടെ ചിത്രം പകര്‍ത്തി.

ഇതേസമയം, മുസ്ലിംലീഗ് ആക്രമണത്തില്‍ പരിക്കേറ്റ പി ജയരാജനും ടി വി രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിക്ക് മുന്നില്‍ കാവലിരുന്ന സിപിഐഎം പ്രവര്‍ത്തകർക്ക് അരിയലില്‍ ഷുക്കൂര്‍ അടങ്ങുന്ന ലീഗ് പ്രവര്‍ത്തകരെ തടഞ്ഞുവെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചു. മുള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം പിപി സുരേശന്‍, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം എ വി ബാബു, അരിയില്‍ ബ്രാഞ്ച് സെക്രട്ടറി കെ ബാബു എന്നിവരാണ് ഈ സമയം ആശുപത്രിക്ക് മുന്നിലുണ്ടായിരുന്നത്.

പി ജയരാജനെ ആക്രമിച്ചവരെ തിരിച്ചറിയാന്‍ ബ്രാഞ്ച് സെക്രട്ടറിയായ കെ ബാബുവിനായിരുന്നു ചുമതല. ഇക്കാര്യത്തില്‍ അരിയില്‍ ലോക്കല്‍ സെക്രട്ടറിയായ യുവി വേണുവിന്റെ നിര്‍ദേശത്തിനായി പി ജയരാജനും ടി വി രാജേഷും ചികിത്സയിലുള്ള 315-ാം മുറിയില്‍ സിപിഐഎം നേതാക്കളെത്തി. ഇവിടെ നിന്ന് വേണുവിന്റെ സമ്മതത്തോടെയാണ് ബാബു അരിയലിലേക്കു പോകുന്നത്. മുറി വിടുമ്പോള്‍ പി ജയരാജനും ടിവി രാജേഷും കേട്ടിരിക്കെ ആക്രമണത്തില്‍ പങ്കുള്ളവരെ 'കൈകാര്യം' ചെയ്യാന്‍ വേണു നിര്‍ദേശം നല്‍കി.

അരിയലിലെത്തിയ ബാബു ചിത്രങ്ങളില്‍ നിന്ന് ഷുക്കൂറിനെയും സക്കറിയയെയും അയൂബിനെയും തിരിച്ചറിയുകയും മറ്റുള്ളവരെ വിട്ടയയ്ക്കുയും ചെയ്തു. ഇവരെ ബന്ദികളാക്കി അടുത്ത വയലിലെത്തിക്കുമ്പോള്‍ തളിപ്പറമ്പ് നഗരസഭാ മുൻ ചെയർമാനും ഏരിയാ കമ്മിറ്റി അംഗവുമായ വാടി രവിയുടെ മകൻ ബിജുമോൻ അടക്കം കേസിലെ മറ്റ് പ്രതികളായ സിപിഐഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ കാത്തുനില്‍ക്കുകയായിരുന്നു.

വയലിലെത്തിയ ഉടനെ ഡിവൈഎഫ്‌ഐ കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗമായ പി അനൂപ് സക്കറിയയുടെ പുറത്തുവെട്ടി. ഇതു കണ്ട് ഭയന്നോടിയ ഷുക്കൂറിനെ ഡിവൈഎഫ്‌ഐ പാപ്പിനിശ്ശേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയ പി ഗണേശനും ഡിവൈഎഫ്‌ഐ കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗമായ സുമേഷും ചേര്‍ന്ന് പിടികൂടി ബന്ദിയാക്കി. ഉച്ചയ്ക്ക് 12.30 മുതല്‍ രണ്ടു മണിവരെ രണ്ടുമണിക്കൂറോളം നീണ്ട പരസ്യ വിചാരണയ്‌ക്കൊടുവില്‍ ഷുക്കൂറിനെ സുമേഷും ഗണേഷനും ചേര്‍ന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. അല്‍പ ജീവനായ ഷുക്കൂര്‍ ആശുപത്രിയിലേക്കുള്ള വഴിയാണ് മരണപ്പെട്ടത്.

കേസില്‍ ആറുമാസത്തിനുശേഷം സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ ആകെ 33 പ്രതികളില്‍ പി ജയരാജന്‍ 32-ാം പ്രതിയായും ടിവി രാജേഷ് 33-ാം പ്രതിയായും പ്രതിചേര്‍ക്കപ്പെട്ടു. ഷുക്കൂറിന്റെ കൊലപാകത്തില്‍ വ്യക്തമായ അറിവുണ്ടായിട്ടും ജയരാജനും രാജേഷും പ്രതികളെ തടഞ്ഞില്ലെന്ന മുസ്ലീംലീഗ് പ്രവര്‍ത്തകരായ പി പിഅബു, മുഹമ്മദ് സാബിര്‍ എന്നിവർ മൊഴിനല്‍കി. ഗൂഢാലോചന കണ്ടുനിന്നു എന്ന അവകാശപ്പെട്ടായിരുന്നു ഇരുവരുടെയും മൊഴി. എന്നാല്‍ പ്രസ്തുത സംഭാഷണം കേട്ടുനിന്ന ഇവരും ഒന്നും ചെയ്യാതിരുന്നതിനാല്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ഇതേ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്ന് തളിപ്പറമ്പ് കോടതിയില്‍ മറ്റൊരു ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടു

ആദ്യം ഹര്‍ജിക്കാരനെതിരെ മാനഹാനിക്ക് കേസ് നല്‍കിയെങ്കിലും കേസില്‍ പ്രതിചേര്‍ക്കപ്പെടുമെന്ന് മനസിലായതോടെ ഇരുവരും തങ്ങള്‍ അന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രി സന്ദര്‍ശിച്ചതായി നല്‍കിയ മൊഴി കള്ളമൊഴി ആണെന്ന് സമ്മതിച്ചു. രാഷ്ട്രീയ എതിരാളിയായ ജയരാജനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു എന്നത് വാദം തന്നെ തങ്ങള്‍ക്ക് മാനഹാനി ഉണ്ടാക്കുന്നതാണെന്നും അവര്‍ കോടതിയില്‍ മൊഴി നല്‍കി.

2014-ല്‍ ഷുക്കൂറിന്റെ അമ്മയുടെ ആവശ്യപ്രകാരം സിബിഐ അന്വേഷണത്തിന് സർക്കാർ ശുപാർശ ചെയ്തു. 2017 ഫെബ്രുവരിയില്‍ കേസ് സിബിഐക്കു വിട്ട സിംഗിള് ജഡ്ജിയുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. 2019 ജനുവരിയില്‍ ജയരാജനും രാജേഷിനുമെതിരെ ക്രിമിനല് ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തുന്ന അനുബന്ധ കുറ്റപത്രം തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്സ് കോടതിയില്‍ സമർപ്പിച്ചു.

Next Story