Top

'അവന് പേരിട്ടത് ​ഗർഭിണിയായിരിക്കുമ്പോൾ'; എയ്ഡൻ അനു അജിത്ത്

സർക്കാർ അഭിഭാഷകന്റെയും സിഡബ്ലുഡി അധ്യക്ഷയുടെ സാന്നിധ്യത്തില്‍ ജഡ്ജിയുടെ ചേമ്പറില്‍വെച്ചാണ് അനുപമയ്ക്ക് കുഞ്ഞിനെ കെെമാറിയത്

24 Nov 2021 11:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവന് പേരിട്ടത് ​ഗർഭിണിയായിരിക്കുമ്പോൾ; എയ്ഡൻ അനു അജിത്ത്
X

തിരുവനന്തപുരം ദത്ത് വിവാദത്തില്‍ അനുപമയ്ക്ക് കുഞ്ഞിനെ കെെമാറി വഞ്ചിയൂർ കുടുംബ കോടതി വിധി. നീണ്ട സമര പോരാട്ടത്തിലൂടെ തനിക്കരികിലെത്തിയ പൊന്നോമനയെ നെഞ്ചോട് ചേർത്താണ് അനുപമ കോടതി പടി കടന്നത്. ഒപ്പം മൂന്നാം നാള്‍ പിരിഞ്ഞ മകന്റെ പേരും അനുപമ മാധ്യമങ്ങളോട് പങ്കുവെച്ചു- എയ്ഡന്‍ അനു അജിത്. ഗർഭിണിയായിരിക്കെ തന്നെ തീരുമാനിച്ചതാണ് പേരെന്നും എയ്ഡനെ ചേർത്തുപിടിച്ച് അനുപമ പറഞ്ഞു.

കുഞ്ഞുമായി സമരപന്തലിലേക്ക് എത്തിയ അനുപമ വീട്ടിലേക്ക് മടങ്ങി. കുഞ്ഞിനൊപ്പം കുറച്ചുസമയം ചെലവഴിക്കണമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അനുപമ സമരം തുടരുമെന്നും അറിയിച്ചു. കെ കെ രമ എംഎല്‍എയുടെ സാന്നിധ്യത്തിലാണ് അനുപമ കുഞ്ഞുമായി സമരപന്തലിലെത്തിയത്.

കുട്ടിയെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട കേസ് ഇന്നുതന്നെ പരിഗണിക്കണമെന്ന് കാണിച്ച് രാവിലെ സിഡബ്ല്യുസി അഡ്വാൻസ് പെറ്റീഷൻ ഫയൽ ചെയ്യുകയായിരുന്നു.ഡിഎൻഎ പരിശോധനാ ഫലം അടങ്ങുന്ന റിപ്പോർട്ടും ഇതിനൊപ്പം കോടതിക്ക് കെെമാറി. തുടർന്ന് കേസ് പരിഗണിച്ച കോടതി അനുപമയുടെ കുഞ്ഞിന്റെ ദത്ത് റദ്ദാക്കണമോ എന്ന് സിഡബ്യുസിയോട് ചോദിച്ചു.

യഥാർത്ഥ അമ്മയെ കണ്ടെത്തിയ സാഹചര്യത്തിൽ സിഡബ്യുസി ഇക്കാര്യം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ദത്ത് നടപടികൾ റദ്ദാക്കാൻ അനുപമയും ഹർജി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. തുടർന്ന് ഉച്ചയ്ക്ക് 2.30 ന് കേസ് വീണ്ടും പരിഗണിച്ച കോടതി കുഞ്ഞിനെ കോടതിയിൽ എത്തിക്കാൻ നിർദേശിച്ചു. കോടതി നിർദേശ പ്രകാരം വലിയ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് 3 മണിയോടെ കുഞ്ഞിനെ ജഡ്‌ജിയുടെ ചേമ്പറിലെത്തിച്ചത്.

പിന്നാലെ അനുപമയും സി ഡബ്ലുസി അധ്യഷയെയും ജഡ്‌ജി ചേംബറിലേക്ക് വിളിപ്പിച്ച് കുഞ്ഞിനെ കൈമാറുന്നതിനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന്‌ ഉറപ്പു വരുത്തുന്നതിനായി ഡോക്ടറുടെ സേവനവും കോടതി തേടി. കുഞ്ഞ് ആരോഗ്യവാനാണെന്ന് നിയമപരമായി ഉറപ്പുവരുത്തിയ ശേഷമാണ് അനുപമയ്ക്ക് കുഞ്ഞിനെ കൈമാറിയത്‌. കുഞ്ഞിൻ്റെ പരിപൂർണ്ണ അവകാശം അനുപമയ്ക്ക് നൽകി കോടതി ഉത്തരവ് പിന്നാലെ നാലുമണിയോട്‌ അടുത്ത്‌ അനുപമയും പങ്കാളി അജിത്തും കുഞ്ഞിനെ കോടതിയില്‍ ഏറ്റുവാങ്ങി.



Next Story

Popular Stories