Top

ടികെ വാസു, എസ് അജയകുമാര്‍, പിപി സുമോദ്; ആലത്തൂരില്‍ സിപിഐഎം ആലോചനകള്‍ നേരത്തെ, കോട്ടതിരിച്ചുപിടിക്കണം എന്ന് വാശി

മൂന്ന് തവണ മത്സരിച്ച പികെ ബിജുവിനെ വീണ്ടും സിപിഐഎം പരീക്ഷിച്ചേക്കില്ല.

19 March 2023 5:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടികെ വാസു, എസ് അജയകുമാര്‍, പിപി സുമോദ്; ആലത്തൂരില്‍ സിപിഐഎം ആലോചനകള്‍ നേരത്തെ, കോട്ടതിരിച്ചുപിടിക്കണം എന്ന് വാശി
X

ആലത്തൂര്‍: ഇടതുപക്ഷത്തിന്റെ എക്കാലത്തെയും ഇളകാത്ത കോട്ട എന്ന പേരായിരുന്നു ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിനുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആ വിശേഷണത്തിന് ഇളക്കം തട്ടി. കോഴിക്കോട്ട് നിന്നെത്തി രമ്യ ഹരിദാസ് എന്ന യുവനേതാവ് മണ്ഡലം ഇടതുമുന്നണിയില്‍ നിന്ന് പിടിച്ചെടുത്ത് ഐക്യജനാധിപത്യ മുന്നണിക്ക് നല്‍കി.

കുറച്ചു വോട്ടുകള്‍ക്കൊന്നുമായിരുന്നില്ല രമ്യയുടെ വിജയം. 1,58,968 വോട്ടുകള്‍ക്കായിരുന്നു ആ ചരിത്ര വിജയം. രണ്ട് തവണ മണ്ഡലത്തില്‍ നിന്ന് വിജയിച്ച പികെ മൂന്നാം തവണയും മത്സരത്തിനെത്തിയപ്പോള്‍ പരാജയപ്പെടുത്താനായിരുന്നു മണ്ഡലത്തിലെ വോട്ടര്‍മാരുടെ തീരുമാനം.

പാലക്കാട് ജില്ലയിലെ തരൂര്‍, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍, തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് ആലത്തൂര്‍ ലോക്‌സഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവയില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ യുഡിഎഫിനായില്ല. ഈയൊരു സാഹചര്യത്തില്‍ നേരത്തെ തന്നെ പ്രവര്‍ത്തനങ്ങളാരംഭിച്ച് തങ്ങളുടെ ശക്തികേന്ദ്രം തിരികെ പിടിക്കാനാണ് ഇടതുമുന്നണിയുടെ നീക്കം.

മൂന്ന് തവണ മത്സരിച്ച പികെ ബിജുവിനെ വീണ്ടും സിപിഐഎം പരീക്ഷിച്ചേക്കില്ല. അതിന് പകരം മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് ആലോചന. തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള യുവനേതാവ് ടികെ വാസു, മുന്‍ എംപി എസ് അജയകുമാര്‍, തരൂര്‍ എംഎല്‍എ പിപി സുമോദ് എന്നിവരാണ് ഇപ്പോള്‍ സിപിഐഎം വൃത്തങ്ങളിലെ ചര്‍ച്ചകളില്‍ മുമ്പില്‍.

ആലത്തൂര്‍ മണ്ഡലത്തില്‍ പോലും പികെ ബിജു പിന്നാക്കം പോയത് സിപിഐഎമ്മിനെ ഞെട്ടിച്ചിരുന്നു. അതിനാല്‍ തന്നെ ഇക്കുറി എല്ലാ പഴുതും അടച്ച് മണ്ഡലം തിരികെ പിടിക്കാനാണ് സിപിഐഎം ശ്രമം. അക്കാര്യം ഒന്നുകൊണ്ട് തന്നെ ആലത്തൂരില്‍ ത്രസിപ്പിക്കുന്ന പോരാട്ടം നടക്കുമെന്നുറപ്പ്.

Story Highlights: alathur loksabha seat ldf probable candidates list

Next Story