യുകെയിൽ നിന്നെത്തിയ ഏഴുവയസുകാരിക്ക് മങ്കിപോക്‌സ് ലക്ഷണം; പരിയാരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിൽ
8 Aug 2022 6:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂര്‍: മങ്കിപോക്‌സ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഏഴുവയസുകാരിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. യുകെയില്‍ നിന്ന് എത്തിയ കുട്ടിയിലാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. കുട്ടി ആശുപത്രിയിലെ പ്രത്യേക ഐസേലേഷന്‍ മുറിയില്‍ നിരീക്ഷണത്തിലാണ്. സ്രവം എടുത്ത് പരിശേധനയ്ക്കയച്ചു. കുട്ടിയുമായി അടുത്തിടപഴകിയ മാതാപിതാക്കൾക്ക് ലക്ഷണങ്ങളില്ല. ഇവർ വീട്ടിൽ നിരീക്ഷണത്തിലാണ്.
നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹം ആലുവയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനക്കായി ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് അയച്ചത്. ജിദ്ദയില്‍ നിന്നെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയിലാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമായത്.
സംസ്ഥാനത്ത് ഇതുവരേയും അഞ്ച് മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായി മങ്കി പോക്സ് മരണം സ്ഥിരീകരിച്ചത് തൃശൂരിലാണ്. യുഎഇയില്‍ നിന്നെത്തിയ യുവാവ് ചികിത്സക്കിടെയാണ് മരണപ്പെട്ടത്. ഈ പശ്ചാത്തലത്തില്‍ കൂടി ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരുന്നു.
രാജ്യത്ത് ഇതുവരേയും ഒമ്പത് പേരിലാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തെ മങ്കി പോക്സ് വ്യാപനം നിരീക്ഷിക്കാന്‍ ദൗത്യസംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. നിയോഗിച്ച ദൗത്യ സംഘത്തെ ഏകോപിപ്പിച്ച് കേരളത്തിലേതുള്‍പ്പടെ സ്ഥിതി പഠിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. നിതി ആയോഗ് അംഗം വി കെ പോള്‍ പ്രത്യേക സംഘത്തെ നയിക്കും.
STORY HIGHLIGHTS: A 7- year-old girl who came from the UK has symptoms of Monkey Pox
- TAGS:
- Monkey Pox
- Kerala
- Kannur