നൽകിയ പരാതികൾ നിരവധി; ഒരു മകൻ 'അമ്മ'യ്ക്കയച്ച കത്തുകൾ എന്ന പുസ്തകം തന്നെ എഴുതാം: ഷമ്മി തിലകൻ

നിരവധി പരാതികൾ നൽകിയിട്ടുണ്ടെന്നും ഒന്നിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു
നൽകിയ പരാതികൾ നിരവധി; ഒരു മകൻ 'അമ്മ'യ്ക്കയച്ച കത്തുകൾ എന്ന പുസ്തകം തന്നെ എഴുതാം: ഷമ്മി തിലകൻ
Updated on

കൊച്ചി: എഎംഎംഎ സംഘടനയിൽ ചട്ടവിരുദ്ധത ഉണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ ഷമ്മി തിലകൻ. നിരവധി പരാതികൾ നൽകിയിട്ടുണ്ടെന്നും ഒന്നിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. അതിന്റെ കണക്കെടുത്താൽ ഒരു മകൻ അമ്മയ്ക്കയച്ച കത്തുകൾ എന്ന പേരിൽ തനിക്ക് ഒരു പുസ്തകം തന്നെ എഴുതാമെന്നും ഷമ്മി തിലകൻ കൂട്ടിച്ച‍ർത്തു.

ഷമ്മി തിലകന്റെ വാക്കുകൾ

സംഘടനയിൽ ചട്ടവിരുദ്ധത ഉണ്ട്. ഞാനൊരു റിപ്പോ‍ർട്ട് കൊടുത്തിരുന്നു. ഹേമകമ്മറ്റി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളൊക്കെയാണ് ഞാനും പറഞ്ഞത്. അച്ഛനെ സംഘടനയിൽ നിന്ന് പുറത്താക്കുന്നതിന് പ്രധാനകാരണം ഉള്ളിലെ കാര്യങ്ങൾ പുറത്തുപറഞ്ഞു എന്നതാണ്. അതുകൊണ്ട് ഞാൻ സംഘടനയോട് തന്നെ പരാതി പറഞ്ഞു. അതിൽ നടപടി ഉണ്ടായില്ല. എന്നെ വേണ്ടാത്തിടത്ത് ഞാനെന്തിന് പോണം എന്നൊക്കെയാണ് എനിക്ക്. സഹോദരി പറഞ്ഞ പ്രശ്നത്തിൽ സംഘടനയിൽ റിട്ടേൺ കംപ്ലൈന്റ് കൊടുത്തിരുന്നു. എന്റെ കുടുംബത്തിൽ കേറി പ്രശ്നമുണ്ടാക്കുന്നുണ്ട്, നിലയ്ക്ക് നിർത്തണമെന്നായിരുന്നു പരാതിയിൽ. പക്ഷേ, നടപടിയോ പ്രതികരണമോ ഉണ്ടായില്ല. അങ്ങനെ നോക്കിയാൽ ഒരു 'മകൻ അമ്മയ്ക്കയച്ച കത്തുകൾ' എന്ന പേരിൽ എനിക്കൊരു കത്തെഴുതാം. അത്രയ്ക്കുണ്ട്. ഒരു ​ഗ്രന്ഥം തന്നെ ഇറക്കാം. ‍ഒരാളുടെ കഞ്ഞിയിലും പാറ്റയിടാൻ ഞാൻ പോയിട്ടില്ല.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പ്രതികരണവുമായി എഎംഎംഎ സംഘടന രംഗത്തെത്തി. റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്ന് സംഘടന ജനറല്‍ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളും ശുപാര്‍ശയും സ്വാഗതം ചെയ്യുന്നു. ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തണം. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ രണ്ട് വര്‍ഷം മുമ്പ് ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. അന്ന് നിര്‍ദേശങ്ങള്‍ ചോദിച്ചു. നിര്‍ദേശങ്ങള്‍ അറിയിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് എഎംഎംഎ ചെയ്തത്. ഹര്‍ജിക്ക് പോയില്ല. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം റിപ്പോര്‍ട്ട് അമ്മക്കെതിരായ റിപ്പോര്‍ട്ടല്ല.'

സംഘടനയുടെ പ്രതികരണം വൈകിയെന്ന പരാതി ഉയര്‍ന്നതായി മനസ്സിലാക്കുന്നുവെന്നും അമ്മയുടെ ഷോ കാരണമാണ് പ്രതികരണം വൈകിയതെന്നും സിദ്ദിഖ് പറഞ്ഞു. സിനിമാ മേഖലയിലെ അംഗങ്ങള്‍ എന്നു പറഞ്ഞാല്‍ കൂടുതലും ഞങ്ങളുടെ അംഗങ്ങളാണ്. അതിനാല്‍ അംഗങ്ങളുടെ സുരക്ഷ ഞങ്ങളുടെയും ആവശ്യമാണ്. മാധ്യമങ്ങള്‍ സംഘടനയെ പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രതികരിക്കുന്നതില്‍ വിഷമമുണ്ട്. കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് എവിടെ വെച്ചാണ് ആര്‍ക്കാണ് അത്തരത്തില്‍ അനുഭവമുണ്ടായിട്ടുള്ളത് എന്ന് അന്വേഷിച്ച് പൊലീസ് കേസ് എടുക്കുകയാണ് വേണ്ടത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ എഎംഎംഎ ശ്രമിച്ചിട്ടില്ല. മലയാള സിനിമാമേഖലയില്‍ എല്ലാവരും മോശമാണ് എന്ന് പറയുന്നതില്‍ വിഷമമുണ്ട്. പല മേഖലകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ട്. ജനങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്നവരെ അടച്ചാക്ഷേപിക്കുന്നത് വിഷമമുണ്ടാക്കുന്നു. സിനിമാമേഖലയില്‍ ഒരു പവര്‍ഗ്രൂപ്പ് ഉള്ളതായി അറിയില്ല. പത്ത് വര്‍ഷം മുമ്പ് എല്ലാ സംഘടനയില്‍ നിന്നും രണ്ട് അംഗങ്ങളെ തിരഞ്ഞെടുത്ത് ഒരു ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. ആ കമ്മിറ്റിയിലും ഭാരവാഹികള്‍ മാറി മാറി വന്നിരുന്നു. ആ ഹൈ പവര്‍ കമ്മിറ്റി ഇപ്പോള്‍ നിലവിലില്ല. ഒരു ഗ്രൂപ്പിന് സിനിമയിലെ പല കാര്യങ്ങളെയും അങ്ങനെ തീരുമാനിക്കാന്‍ കഴിയില്ല. മാഫിയ എന്നൊക്കെ പറയുന്നത് മാഫിയയുടെ അര്‍ത്ഥമറിയാത്തതുകൊണ്ടാണ്. സംഘടയ്ക്ക് ലഭിച്ചിട്ടുള്ളത് ഒരു പരാതി മാത്രമാണ്. 2006ല്‍ നടന്ന സംഭവത്തെപ്പറ്റി 2018ല്‍ പരാതിപ്പെട്ടിരുന്നു എന്ന് ഒരു കുട്ടി ഇപ്പോള്‍ മെയില്‍ അയച്ചിട്ടുണ്ട്. ആ കമ്മിറ്റിയില്‍ അന്ന് ഉണ്ടായിരുന്നെങ്കിലും 2018ല്‍ എന്റെ ശ്രദ്ധയില്‍ ആ പരാതി വന്നില്ല. പരാതി ശ്രദ്ധിക്കാതിരുന്നത് തെറ്റാണെന്ന് കരുതുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.

ഐസിസി വെക്കേണ്ടത് ഒരു തൊഴില്‍ ഉടമയാണ്. അതില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അമ്മ സംഘടനക്കാവില്ല. അമ്മക്കുള്ളില്‍ ഐസിസി ഇല്ല. അമ്മക്കുള്ളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അല്ലേ അത്തരമൊരു കമ്മിറ്റിയുടെ ആവശ്യമുള്ളൂവെന്നും സിദ്ദിഖ് ചോദിച്ചു. വേട്ടക്കാരുടെ പേര് പുറത്ത് വിടാന്‍ അമ്മ എന്ത് കോടതിയെ സമീപിക്കുന്നില്ല എന്ന് ചോദിച്ചപ്പോള്‍ ഇനിയും സമയമുണ്ടല്ലോ എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com