പുതിയ വസ്ത്രങ്ങൾ എത്ര കിട്ടിയാലും ആവശ്യമുണ്ട്; ദയവു ചെയ്ത് പഴയവ അയക്കരുത്: സന്നദ്ധപ്രവർത്തകർ

പലരീതിയില് പലവട്ടം പറഞ്ഞിട്ടും പഴയ വസ്ത്രങ്ങളും പഴയ ഭക്ഷണവും അയക്കുന്നുണ്ടെന്നും അത് ദൗർഭാഗ്യകരമാണെന്നും സന്നദ്ധ പ്രവർത്തകർ

dot image

കൽപ്പറ്റ: പുതിയ വസ്ത്രങ്ങൾ എപ്പോഴായാലും ആവശ്യമുണ്ടെന്നും അവ എത്ര അയച്ചാലും കുഴപ്പമില്ലെന്നും സന്നദ്ധ പ്രവർത്തകർ. പഴയ വസ്ത്രങ്ങള് അയക്കരുത്. അതിജീവിതരുടെ മാനസികാവസ്ഥ നമുക്ക് അറിയാവുന്നതാണല്ലോ, അവർക്ക് പഴയ വസ്ത്രം കൊടുക്കാനാകില്ലെന്നും സന്നദ്ധ പ്രവർത്തകർ പറയുന്നു. പലരീതിയില് പലവട്ടം പറഞ്ഞിട്ടും പഴയ വസ്ത്രങ്ങളും പഴയ ഭക്ഷണവും അയക്കുന്നുണ്ടെന്നും അത് ദൗർഭാഗ്യകരമാണെന്നുമാണ് ഇവർ പറയുന്നത്.

സന്നദ്ധപ്രവർത്തകരുടെ വാക്കുകൾ

പുതിയ വസ്ത്രങ്ങൾ എപ്പോഴായാലും ആവശ്യമുണ്ട്. ഒരുപാടുപേർ വരുന്നുണ്ട്. ദുരിതത്തിൽപ്പെട്ടവരുടെ ബന്ധുക്കളൊക്കെ വരുന്നുണ്ട്. അവർക്കൊക്കെ വസ്ത്രങ്ങൾ ആവശ്യമാണ്. വസ്ത്രം എത്ര വന്നാലും കുഴപ്പമില്ല. പക്ഷെ പഴയ വസ്ത്രം അയക്കരുത്. അവരുടെ മാനസികാവസ്ഥ നമുക്ക് അറിയാവുന്നതാണല്ലോ, അപ്പോള് ഒരിക്കലും നമുക്ക് പഴയൊരു വസ്ത്രം കൊടുക്കാൻ പറ്റില്ല. ഒരുപാടുവട്ടം പറയുന്നുണ്ട്. പലരീതിയിലും മീഡിയ വഴി പറഞ്ഞതാണ്.

ഞങ്ങളൊക്കെ ഇന്നലെ മുതൽ ഇവിടെയുണ്ട്. ഡേറ്റ് കഴിഞ്ഞ ബ്രെഡ്, പഴയ വസ്ത്രമൊക്കെ അയക്കുന്നത് ദൗർഭാഗ്യകരമാണ്. ദയവു ചെയ്ത് പഴയ വസ്തുക്കളുമായി ചുരം കയറി ആരും വരരുത്. ഫോട്ടോഷൂട്ട് ചെയ്യാനൊക്ക വരുന്നവരുണ്ട്. അതൊക്കെ മാറ്റിവയ്ക്കണം. വിചാരിക്കുന്നതിലും അപ്പുറമാണ് ഇവിടത്തെ കാഴ്ചകൾ.

അതേസമയം, രാത്രി വൈകിയും മുണ്ടക്കൈയില് ബെയ്ലി പാലത്തിന്റെ നിര്മ്മാണം അതി വേഗത്തില് പുരോഗമിക്കുകയാണ്. ജെസിബിയും ഹിറ്റാച്ചിയും ആംബുലന്സുമെല്ലാം പോകാന് ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം നിര്മ്മിച്ചു കൊണ്ടിരിക്കുന്നത്. മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കും എത്താനുള്ള പ്രധാന പ്രതിസന്ധി പാലം ഒലിച്ചുപോയതായിരുന്നു. ബെയ്ലി പാലത്തിന്റെ നിര്മ്മാണം പൂര്ത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് വേഗം കൈവരും. നാളെ രാവിലെയോടെ മുണ്ടക്കൈ ഭാഗത്തുള്ള കരയില് പാലം ബന്ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ.

dot image
To advertise here,contact us
dot image