GST എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ 'പഞ്ചനക്ഷത്ര പരിശീലനം';സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂര്‍ത്ത്

സാമ്പത്തിക പ്രതിസന്ധിയില്‍ ധനകാര്യവകുപ്പ് ഉത്തരവിനെതിരായാണ് ഈ പഞ്ചനക്ഷത്ര പരിശീലനം
GST എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ 'പഞ്ചനക്ഷത്ര പരിശീലനം';സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂര്‍ത്ത്

കൊച്ചി: സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ നികുതി പിരിച്ചെടുക്കേണ്ട സംസ്ഥാന ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച് പരിശീലനം. 46 ലക്ഷം രൂപയാണ് അഞ്ചുദിവസത്തെ പരിശീലനത്തിന് ചെലവ്. ഇതില്‍ 38 ലക്ഷം രൂപയും ചെലവഴിച്ചിരിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിനും ഭക്ഷണത്തിനുമാണ്. ഇത്തരം പരിശീലനം നടത്താന്‍ ഇതില്‍ പത്തിലൊന്ന് മാത്രം ചെലവ് വരുന്ന, കൊച്ചിയില്‍ തന്നെ ഐഎംജി പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുള്ളപ്പോഴാണ് ഈ ആര്‍ഭാട പരിശീലനം. സാമ്പത്തിക പ്രതിസന്ധിയില്‍ ധനകാര്യവകുപ്പ് ഉത്തരവിനെതിരായാണ് ഈ പഞ്ചനക്ഷത്ര പരിശീലനം.

എറണാകുളത്ത് കാക്കനാട് ആണ് ഈ മാസം 20 മുതല്‍ 25 വരെ പരിശീലനം നടക്കുന്നത്. സംസ്ഥാന ജിഎസ്ടി വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം. ഇതിനായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. ഈ ഉത്തരവിലാണ് നികുതി പിരിച്ച് വരുമാനമുണ്ടാക്കേണ്ട ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ആര്‍ഭാടം വിളിച്ചുപറയുന്നത്.

240 ഉദ്യോഗസ്ഥരെയാണ് പരിശീലനത്തിനായി തിരെഞ്ഞെടുത്തിരിക്കുന്നത്. 46 ലക്ഷം രൂപയാണ് ആകെ ചെലവ്. അതില്‍ 38 ലക്ഷവും നീക്കി വെച്ചിരിക്കുന്നത് താമസത്തിനാണ്. കൊച്ചി നഗരത്തിലെ ഏറ്റവും ചെലവേറിയ പഞ്ചനക്ഷത്ര ഹോട്ടലിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള താമസം. ഈ ഉദ്യോഗസ്ഥരില്‍ പലരും കൊച്ചി നഗരത്തില്‍ താമസിക്കുന്നവരുമാണ്.

ഇത്തരം പരിശീലനങ്ങളും സെമിനാറുകളും പരിപാടികളും നടത്തേണ്ടത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലാക്കണമെന്ന് സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്. എന്നാല്‍ ഒരു പടി കൂടി കടന്ന് ജിഎസ്ടി ഉദ്യോഗസ്ഥര്‍ സെവന്‍ സ്റ്റാര്‍ ഹോട്ടലാണ് താമസിക്കാന്‍ തിരെഞ്ഞെടുത്തത്. അതായത് ഒരു ദിവസം ഒരു മുറിക്ക് പതിനായിരം രൂപ വരെ വിലയുള്ള താമസമാണ് നികുതി പിരിച്ചെടുക്കേണ്ട ജിഎസ്ടി ഉദ്യോഗസ്ഥര്‍ ഒപ്പിച്ചെടുത്തത്.

സംസ്ഥാനത്ത് ഉടനീളം വാഹന പരിശോധന നടത്തി നികുതി വെട്ടിപ്പ് കണ്ടെത്തി പിഴ ഈടാക്കേണ്ട സംസ്ഥാന ജിഎസ്ടിയിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പരിശീലനത്തിനുള്ളത്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചരക്ക് നീക്കം നടക്കുന്നത്. അപ്പോഴാണ് ആറ് ദിവസം തുടര്‍ച്ചയായി ഒരു രൂപ പോലും നികുതി പിരിക്കാതെയുള്ള ഈ ആര്‍ഭാട പരിശീലനം.

GST എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ 'പഞ്ചനക്ഷത്ര പരിശീലനം';സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂര്‍ത്ത്
ഭാര്യയുമായി വഴക്ക്; കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ജനാലവഴി പുറത്തേക്ക് ചാടി ഭര്‍ത്താവ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com