ഡാൻസാഫ് ഉദ്യോഗസ്ഥരെ നിയന്ത്രിച്ചവരിലേക്ക് അന്വേഷണം നീളുമെന്ന് പ്രതീക്ഷ: ഹാരിസ് ജിഫ്രി

സിബിഐക്ക് സമ്മർദ്ദം ഉണ്ടാവുമെന്ന് തോന്നുന്നില്ലെന്നും സിബിഐ തുടക്കത്തിൽ തന്ന വാക്ക് വിശ്വസിച്ചാണ് മുന്നോട്ടുപോവുന്നതെന്നും ഹാരിസ്

dot image

മലപ്പുറം: ഡാൻസാഫ് ഉദ്യോഗസ്ഥരെ നിയന്ത്രിച്ചവരിലേക്കും അന്വേഷണം എത്തുമെന്നാണ് പ്രതീക്ഷയെന്ന് താനൂരിലെ താമിർ ജിഫ്രി കൊലപാതകക്കേസിൽ സഹോദരൻ ഹാരിസ് ജിഫ്രി. സിബിഐക്ക് സമ്മർദ്ദം ഉണ്ടാവുമെന്ന് തോന്നുന്നില്ലെന്നും സിബിഐ തുടക്കത്തിൽ തന്ന വാക്ക് വിശ്വസിച്ചാണ് മുന്നോട്ടുപോവുന്നതെന്നും ഹാരിസ് റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

സിബിഐ അന്വേഷണം സത്യസന്ധമായാണ് മുന്നോട്ട് പോവുന്നത്. കേസ് ഒതുക്കാൻ കുടുംബത്തിന് പണം ഓഫർ ചെയ്തെന്ന പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ഒരു തരത്തിലുള്ള ഓഫറോ, ഭീഷണിയോ ഇതുവരെ ഉണ്ടായിട്ടില്ല. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ഹാരിസ് ജിഫ്രി പറഞ്ഞു.

ഇതിനിടെ മെയ് നാലിന് പുലർച്ചെ പ്രതികളായ നാല് പൊലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ സംഘം വീട്ടിലെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. എട്ട് വകുപ്പുകളാണ് ചുമത്തിയത്. 302-കൊലപാതക കുറ്റം, 342-അന്യായമായി തടങ്കലിൽ വെക്കുക, 346-രഹസ്യമായി അന്യായമായി തടങ്കലിൽ വെക്കൽ, 348-ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കൽ, 330-ഭയപ്പെടുത്തി മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കൽ, 323-ദേഹോപദ്രവം ഏൽപിക്കൽ, 324-ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്ക് ഏൽപിക്കൽ, 34 സംഘം ചേർന്നുള്ള അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.

താനൂർ കസ്റ്റഡി കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷ സിബിഐ നാളെ സമർപ്പിക്കും
dot image
To advertise here,contact us
dot image