രാജീവ് ചന്ദ്രശേഖറിനെതിരായ പരാമർശം; തരൂരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

ബിജെപിയുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി
രാജീവ് ചന്ദ്രശേഖറിനെതിരായ പരാമർശം; തരൂരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരായ പരാമർശത്തിൽ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് താക്കീത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. ബിജെപിയുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി. രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നു എന്നായിരുന്നു തരൂരിന്റെ ആരോപണം. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തീരദേശ മേഖലയിലാണ് ഇത്തരത്തിൽ രാജീവ് ചന്ദ്രശേഖർ പണം നൽകുന്നതെന്നും തരൂർ പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയെത്തിയത്. തുടർന്ന് ഈ ആരോപണത്തിനുള്ള തെളിവ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷൻ തരൂരിന് നോട്ടീസയച്ചു. എന്നാൽ തെളിവ് ഹാജരാക്കിയില്ല. താൻ മറ്റുള്ളവർ പറഞ്ഞുകേട്ട കാര്യം വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് തരൂർ അറിയിച്ചത്. എന്നാൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയരുതെന്നും ഇനി ആവർത്തിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.

ആരോപണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ. ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ലീഗൽ സെൽ കൺവീനർ ജെ ആർ പത്മകുമാർ, എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ കൺവീനർ വി വി രാജേഷ് എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. നേരത്തെ പരാമർശത്തില്‍ രാജീവ് ചന്ദ്രശേഖർ തരൂരിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com