'ആര്യയ്ക്ക് രക്തത്തുള്ളികളുടെ ചിത്രങ്ങള്‍ നവീന്‍ അയച്ചുകൊടുത്തിരുന്നു'; മൂവരും കടുത്ത അന്ധവിശ്വാസികൾ

മൂവരും കടുത്ത അന്ധവിശ്വാസികളായിരുന്നുവെന്നും നവീനാണ് ഇത്തരം കാര്യങ്ങളിലേക്ക് മറ്റുള്ളവരെ നയിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം
'ആര്യയ്ക്ക് രക്തത്തുള്ളികളുടെ ചിത്രങ്ങള്‍ നവീന്‍ അയച്ചുകൊടുത്തിരുന്നു'; മൂവരും കടുത്ത അന്ധവിശ്വാസികൾ

തിരുവനന്തപുരം: മലയാളി ദമ്പതികളെയും സുഹൃത്തായ യുവതിയെയും അരുണാചൽ പ്രദേശിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. മൂവരും കടുത്ത അന്ധവിശ്വാസികളായിരുന്നുവെന്നും നവീനാണ് ഇത്തരം കാര്യങ്ങളിലേക്ക് മറ്റുള്ളവരെ നയിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. ഇതുസംബന്ധിച്ച ചില ചിത്രങ്ങള്‍ നവീന്‍ ആര്യയ്ക്ക് അയച്ചുനല്‍കിയിരുന്നതായും പൊലീസ് പറയുന്നു. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീന്‍ ദേവിയെയും ആര്യയെയും വിശ്വസിപ്പിച്ചിരുന്നു. ആര്യയ്ക്ക് മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങള്‍ നവീന്‍ അയച്ചുകൊടുത്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അഞ്ചുപേർ അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായി എസ്പി കെനി ബാഗ്രാ പറഞ്ഞു. ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (41), വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി നായർ (29) എന്നിവരാണ് മരിച്ചത്. അരുണാചൽ പ്രദേശിൻ്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നേരത്തെ പരാതി നൽകിയിരുന്നു. തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവർ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിവരം പുറത്ത് വരുന്നത്. മാര്‍ച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ആര്യയുടെ വിവാഹം അടുത്ത മാസം ഏഴാം തീയതി നടക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു വിവാഹനിശ്ചയം. ആര്യ അധികമാരോടും അടുക്കാത്ത പ്രകൃതക്കാരിയായിരുന്നു. സ്കൂളിൽ നിന്ന് ടൂർ പോകുന്നുവെന്നു പറഞ്ഞാണ് ആര്യ മാർച്ച് 27ന് വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്വകാര്യ സ്കൂളിലെ ഫ്രഞ്ച് അധ്യാപികയായിരുന്നു ആര്യ. സുഹൃത്തായ ദേവിയ്ക്കും ഭര്‍ത്താവ് നവീനും ഒപ്പമാണ് ആര്യ ഉള്ളതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായാണ് കണ്ടെത്തിയത്. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. അതിനാൽ ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. മാർച്ച് 17-നാണ് നവീനും ഭാര്യയും മീനടത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയത്. 13 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ പഠന കാലത്ത് പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. പിന്നീട് തിരുവനന്തപുരത്ത് ആയുർവേദ റിസോർട്ടിൽ ഉൾപ്പെടെ ജോലി ചെയ്തു. കഴിഞ്ഞ ഒരു വർഷമായി മീനടത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓൺലൈൻ ട്രേഡിംഗിലേക്ക് തിരിഞ്ഞിരുന്നു. ദേവി ജർമ്മൻ ഭാഷ അധ്യാപനത്തിലേക്ക് തിരിയുകയായിരുന്നെന്നും കുടുംബം പറഞ്ഞു. ദേവിയും ആര്യയും ഒരേ സ്കൂളിൽ പഠിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com