പത്തനംതിട്ട കാർ അപകടം: 'ലോക്ക്' അഴിക്കാൻ പൊലീസ്; ഫോൺ, വാട്സാപ്പ് ചാറ്റുകൾ പരിശോധിക്കും

ലോക്കുണ്ടായിരുന്നതിനാല്‍ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല
പത്തനംതിട്ട കാർ അപകടം: 'ലോക്ക്' അഴിക്കാൻ പൊലീസ്;  
ഫോൺ, വാട്സാപ്പ് ചാറ്റുകൾ പരിശോധിക്കും

പത്തനംതിട്ട: പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് ഇടിച്ചു കയറി രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്. അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ പൊലീസ് വീണ്ടെടുക്കും. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ചു.

വാഹനാപകടം നടന്ന സമയത്ത് ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ലോക്കുണ്ടായിരുന്നതിനാല്‍ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ഫോറൻസിക് ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് ഫോണുകൾ അയക്കും. വാട്സാപ്പ് ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുക്കാനാണ് ശ്രമം. കാര്‍ യാത്രികരായ തുമ്പമണ്‍ സ്വദേശിനി അനുജ, ചാരുമൂട് സ്വദേശി ഹാഷിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരികയായിരുന്ന അനുജയെ ട്രാവലര്‍ തടഞ്ഞുനിര്‍ത്തിയാണ് ഹാഷിം കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

എന്തിനാവും മനഃപൂർവം മരണത്തിലേക്ക് കാർ ഓടിച്ചു കയറ്റിയെന്നതാണ് പൊലീസിന് മുന്നിൽ ഉയരുന്ന ചോദ്യം. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായിരുന്നു നൂറനാട് സ്വദേശിയായ അനുജ. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്കൊപ്പമാണ് അനുജ വിനോദയാത്ര പോയത്. മടങ്ങി വരുന്ന വഴി ഹാഷിം കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. സംഭവത്തില്‍ മറ്റ് അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നാണ് കൂടെയുണ്ടായിരുന്ന അധ്യാപകര്‍ പ്രതികരിച്ചത്. മരിച്ച ഹാഷിമിന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാത്രി തന്നെ സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് നടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com