തേങ്ങ ഇടാൻ വിലക്ക്; സിപിഐഎം നേതാക്കള്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ കേസ്

എം കെ രാധയുടെ പറമ്പില്‍ നിന്നും തേങ്ങയിടുന്നത് സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു
തേങ്ങ ഇടാൻ വിലക്ക്; സിപിഐഎം നേതാക്കള്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ കേസ്

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ പാലായില്‍ സ്വന്തം പറമ്പില്‍ നിന്നും തേങ്ങ ഇടാൻ അമ്മയെയും മകളെയും വിലക്കിയ സംഭവത്തില്‍ നീലേശ്വരം പൊലീസ് കേസെടുത്തു. മൂന്ന് പരാതികളിലായി ഒമ്പത് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ സിപിഐഎം ബ്രാഞ്ച് അംഗങ്ങളും ഉള്‍പ്പെടും. എം കെ രാധയുടെ പറമ്പില്‍ നിന്നും തേങ്ങയിടുന്നത് സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

രാധയുടെ ചെറുമകള്‍ അനന്യയുടെ പരാതിയില്‍ സിപിഐഎം പ്രവര്‍ത്തകരായ വി വി ഉദയകുമാര്‍, കെ പത്മനാഭന്‍ അടക്കം നാല് പേര്‍ക്കെതിരെയും തേങ്ങ ഇടാനെത്തിയ തൊഴിലാളി പടന്നക്കാട്ടെ ഷാജിയുടെ പരാതിയില്‍ കെ കുഞ്ഞമ്പു, വി വി ഉദയകുമാര്‍ അടക്കം നാല് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. പാലായിലെ ലസിതയുടെ പരാതിയില്‍ പടന്നക്കാട്ടെ ഷാജിയുടെ പേരിലും കേസെടുത്തു.

കുഞ്ഞമ്പുവും ഉദയകുമാറും ചേര്‍ന്ന് കയ്യേറ്റം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ഷാജിയുടെ പരാതി. ഉദയകുമാറും പദ്മനാഭനും മറ്റു രണ്ടുപേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും ചീത്തവിളിച്ചെന്നുമാണ് അനന്യ പരാതി നല്‍കിയത്. ഷാജി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ലസിതയുടെ പരാതിയില്‍ പറയുന്നു.

ശനിയാഴ്ച പടന്നക്കാട്ടുനിന്ന് തൊഴിലാളിയെ കൊണ്ടുവന്ന് തേങ്ങയിടുമ്പോഴാണ് നാട്ടുകാരായ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞത്.

നീലേശ്വരം പാലായിലെ ഷട്ടര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന് വീതി കൂട്ടാന്‍ പ്രദേശവാസികള്‍ ഭൂമി വിട്ട് നല്‍കിയപ്പോഴും രാധാമണി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഈ പറമ്പിൽ നിന്നും തേടങ്ങയിടാന്‍ പ്രാദേശിക സിപിഐഎം നേതാക്കള്‍ സമ്മതിക്കാഞ്ഞത്. പലതവണ തെങ്ങുകയറ്റ തൊഴിലാളിയെ കൊണ്ടുവന്നെങ്കിലും തടയുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com