ഉന്നതര്‍ക്ക് വേണ്ടിയോ മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാത്തത്?സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കോടതിയുടെ നിർദേശങ്ങൾ ഒന്നും പാലിക്കപ്പെടുന്നില്ലെന്നും മോണിറ്ററിംഗ് സമിതി ഹൈക്കോടതിയെ സഹായിക്കുന്നില്ല എന്നും കോടതി ചൂണ്ടിക്കാണിച്ചു
ഉന്നതര്‍ക്ക് വേണ്ടിയോ മൂന്നാറിലെ  കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാത്തത്?സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ഇടുക്കി: മൂന്നാറിലെ അനധികൃത ഭൂമി കൈയ്യേറ്റത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഉന്നതർക്ക് വേണ്ടിയാണോ മൂന്നാറിലെ വലിയ ഭൂമി കൈയ്യേറ്റങ്ങൾ സർക്കാർ ഒഴിപ്പിക്കാത്തത് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതിനെതിരെ കൃത്യമായ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി മുന്നറിയിപ്പ് നൽകി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നാളെ ഉച്ചയ്ക്ക് ഓണ്‍ലൈനില്‍ ഹാജരാകണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

മൂന്നാറിലെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് കോടതിയുടെ ഉത്തരവുകൾ ഒന്നും സർക്കാർ നടപ്പാക്കുന്നില്ല എന്ന രൂക്ഷ വിമർശനവും കോടതി ഉന്നയിച്ചു. പതിനാല് വർഷമായി ഇത് നടക്കുന്നില്ലെന്നും കോടതി ചൂണ്ടികാണിച്ചു. ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉദാസീനതയാണെന്നുമാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

സർക്കാർ നടപടി ചെറിയ കൈയ്യേറ്റങ്ങളില്‍ മാത്രമായി ഒത്തുങ്ങുന്നു എന്നും വലിയ ‌കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാർ താത്പര്യം കാണിക്കുന്നില്ല എന്നും കോടതി പറഞ്ഞു. ഉന്നതര്‍ക്ക് വേണ്ടിയാണോ വലിയ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാത്തതെന്നും ഡിവിഷന്‍ ബെഞ്ച് ചോദ്യമുയർത്തി. ഹൈക്കോടതിയെ സഹായിക്കാന്‍ മോണിറ്ററിംഗ് സമിതിയെ കോടതി നിയോ​ഗിച്ചു. എന്നാൽ കോടതിയുടെ നിർദേശങ്ങൾ ഒന്നും പാലിക്കപ്പെടുന്നില്ലെന്നും മോണിറ്ററിംഗ് സമിതി ഹൈക്കോടതിയെ സഹായിക്കുന്നില്ല എന്നും കോടതി ചൂണ്ടിക്കാണിച്ചു.

സിബിഐ അന്വേഷണം നടത്താതിരിക്കാന്‍ മതിയായ കാരണങ്ങളുണ്ടെങ്കില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് വിശദീകരിക്കണം എന്നും കോടതി പറഞ്ഞു. നാളെ ഉച്ചയ്ക്ക് 1.45ന് ഓണ്‍ലൈനില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിൽ ഉണ്ട്. മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് നാളെ ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും എന്നും അറിയിച്ചിട്ടുണ്ട്.

ഉന്നതര്‍ക്ക് വേണ്ടിയോ മൂന്നാറിലെ  കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാത്തത്?സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
സ്വപ്നസാഫല്യം; കലാമണ്ഡലത്തിൽ മോഹിനിയാട്ടം അവതരിപ്പിച്ച് ആർഎൽവി രാമകൃഷ്ണൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com