2022ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലുണ്ടായ ദുരൂഹ മരണം; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി എംഎസ്എഫ്

2022ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലുണ്ടായ ദുരൂഹ മരണം; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി എംഎസ്എഫ്

2022 ഡിസംബര്‍ 19 നാണ് എടവണ്ണ സ്വദേശി ശഹിന്‍ പി എന്ന വിദ്യാര്‍ത്ഥിയെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്വിമ്മിങ് പൂളിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട്: 2022ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി എംഎസ്എഫ്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസാണ് കത്തു നല്‍കിയത്. 2022 ഡിസംബര്‍ 19 നാണ് എടവണ്ണ സ്വദേശി ശഹിന്‍ പി എന്ന വിദ്യാര്‍ത്ഥിയെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്വിമ്മിങ് പൂളിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും യൂണിവേഴ്‌സിറ്റി അധികൃതരോ ബന്ധപ്പെട്ടവരോ പൊലീസില്‍ ഇതുവരെയും പരാതി നല്‍കിയിട്ടില്ലെന്ന് എംഎസ്എഫ് ആരോപിക്കുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തകരോടൊപ്പമാണ് ശഹിന്‍ പുറത്ത് പോയതെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും എംഎസ്എഫ് പ്രവര്‍ത്തകര്‍ പറയുന്നു. പൂക്കോട് വെറ്ററിനറി കോളേജില്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലുണ്ടായ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെടുന്നത്.

അതേസമയം പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍ അനുഭവിച്ചത് അതിക്രൂര പീഡനമാണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 12ാം തീയതി സിദ്ധാര്‍ത്ഥന്‍ സഹപാഠിയോട് മോശമായി പെരുമാറിയതായി ആരോപണം ഉയര്‍ന്നു. വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാര്‍ത്ഥനെ പരസ്യമായി വിചാരണ നടത്തിയിരുന്നു. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാര്‍ഥനെ തിരിച്ച് വിളിച്ചുവരുത്തുകയായിരുന്നു. കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞാണ് ഫോണില്‍ വിളിച്ചത്. ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് ഒത്തുതീര്‍പ്പാക്കാം എന്നാണ് പറഞ്ഞത്. തിരിച്ചെത്തിയ സിദ്ധാര്‍ത്ഥനെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് എങ്ങും പോകാന്‍ അനുവദിച്ചില്ല.

16ാം തീയതി സിദ്ധാര്‍ത്ഥനെ തടങ്കലില്‍ പാര്‍പ്പിച്ചു. രാത്രിയോടെ ക്രൂരമായി മര്‍ദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെല്‍റ്റ് കൊണ്ടും കേബിള്‍ വയര്‍ കൊണ്ടും കൈകൊണ്ടും കാലുകൊണ്ടും അതിക്രൂരമായി മര്‍ദ്ദിച്ചു. 16ാം തീയതി രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച മര്‍ദ്ദനം 17ാം തീയതി പുലര്‍ച്ചെ രണ്ട് മണി വരെ നീണ്ടു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചിരുന്നു. പൊതു മധ്യത്തില്‍ പരസ്യ വിചാരണ നടത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മരണമല്ലാതെ മറ്റൊരു മാര്‍ഗമില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാര്‍ത്ഥനെ പ്രതികള്‍ എത്തിച്ചു. 18ാം തീയതി ഉച്ചയോടെ സിദ്ധാര്‍ത്ഥന്‍ തൂങ്ങിമരിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൊലപാതക സാധ്യത അന്വേഷിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

logo
Reporter Live
www.reporterlive.com