രാവിലെ എണീറ്റ് കൺസഷൻ വർധിപ്പിക്കാനാവില്ല, വിദ്യാർത്ഥി സംഘടനകളുമായി ആലോചിക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ

ആവശ്യങ്ങള്‍ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും സര്‍ക്കാര്‍ ജനപക്ഷത്താണെന്നും മന്ത്രി

dot image

ആലപ്പുഴ: വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുന്ന കാര്യം വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച ശേഷമേ നടപ്പാക്കുകയുള്ളുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആവശ്യങ്ങള്‍ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും സര്‍ക്കാര്‍ ജനപക്ഷത്താണെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ സാധിക്കില്ലെന്നും ഇത് സര്‍ക്കാര്‍ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

'സ്ത്രീകളുടെയും കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ പ്രധാനമാണ്. രാവിലെ എണീറ്റ് കണ്‍സഷന്‍ വര്‍ധിപ്പിക്കാനാവില്ല. കണ്‍സഷന്‍ വര്‍ദ്ധനവ് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചു. ഇത് പരിശോധിക്കും. വിദ്യാര്‍ത്ഥി സംഘടനകളെ ചര്‍ച്ചക്ക് വിളിക്കും. സ്പീഡ് ഗവര്‍ണര്‍ ഒഴിവാക്കണം എന്നാണ് ബസ് ഉടമകള്‍ പറയുന്നത്. ജിപിഎസ് ഒഴിവാക്കണമെന്നും ഉടമകളുടെ ഇഷ്ടാനുസരണം പെര്‍മിറ്റ് നല്‍കണമെന്നും ആവശ്യമുയര്‍ത്തി. ഇതൊന്നും പ്രാവര്‍ത്തികമല്ല', മന്ത്രി പറഞ്ഞു. സമരം ചെയ്യാന്‍ സ്വകാര്യ ബസ് ഉടമകള്‍ക്ക് അവകാശമുണ്ടെന്നും ചെയ്യട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നഷ്ടത്തില്‍ ഓടുന്ന വണ്ടികള്‍ ഒതുക്കിയിടാന്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ച പരിശോധിക്കുമെന്നും നഷ്ടം സഹിച്ച് ആര്‍ക്കും ഓടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് നടക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധന, പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത് പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു.

എന്നാല്‍ സ്വകാര്യ ബസുകളോടുന്ന മുഴുവന്‍ റൂട്ടുകളിലും സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് കമ്മീഷണര്‍ പാലക്കാട് വെച്ച് ബസ് ഉടമകളുടെ സംയുക്ത സമിതിയുമായി നടത്തിയ ചര്‍ച്ചയിലും വിഷയത്തിന് പരിഹാരമായിരുന്നില്ല. ഇതോടെയാണ് ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കിയത്.

Content Highlights: K B Ganesh Kumar about Private Bus Strike

dot image
To advertise here,contact us
dot image