
തിരുവനന്തപുരം: സ്വകാര്യ അശുപത്രിയിൽ ചികിത്സച്ചത് കൊണ്ടാണ് ജീവൻ രക്ഷപ്പെട്ടതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിൽ സിപിഐഎം നേതൃത്വത്തിന് അതൃപ്‌തി. മന്ത്രിയുടെ പ്രസ്താവന അനാവശ്യമെന്നും പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതാണെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയെ മന്ത്രിയുടെ പ്രസ്താവന സംശയനിഴലിലാക്കി എന്നും നേതൃത്വം വിലയിരുത്തി.
2019ൽ തനിക്ക് ഡെങ്കിപ്പനി വന്നപ്പോൾ സർക്കാർ ആശുപത്രിയിൽ പോയി എന്നും അവിടെനിന്ന് മരിക്കാറായപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് ശുപാർശ ചെയ്തു എന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. ഇത് വിവാദമായതോടെ മറുപടിയുമായി മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പോകുന്നത് പാപമാണെന്ന് പറഞ്ഞതിനുള്ള മറുപടിയാണ് താന്‍ പറഞ്ഞതെന്ന് മന്ത്രി റിപ്പോർട്ടറിനോട് വിശദീകരിച്ചിരുന്നു.
ചെങ്ങന്നൂരിലെ ചെറിയ ആശുപത്രിയിലാണ് താന്‍ പോയതെന്നും അസുഖം വന്ന് ബോധക്കേടായി നില്‍ക്കുമ്പോള്‍ തനിക്കല്ലല്ലോ എവിടെയാണ് പോകേണ്ടതെന്ന് അറിയുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. അമൃതയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞപ്പോള്‍ ആളുകള്‍ അവിടെ കൊണ്ടുപോയി. അതിനര്‍ത്ഥം സര്‍ക്കാര്‍ ആശുപത്രികള്‍ മോശമാണെന്നല്ല. എന്തിനാണ് വിവാദമുണ്ടാക്കുന്നതെന്നും താന്‍ പറഞ്ഞത് എങ്ങനെ വേണേലും വ്യാഖ്യാനിക്കാമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പൊതുമേഖല ലോകത്തിനും ഇന്ത്യയ്ക്കും മാതൃകയാണെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.
Content Highlights: CPIM in fury over saji cheriyans government hospital statement