'കേരളം ഒറ്റയ്ക്കായിരുന്നു, ഇന്ന് ദേശീയ സംവാദമായി'; 'ചലോ ദില്ലി' പ്രതിഷേധത്തെക്കുറിച്ച് എം ബി രാജേഷ്

'കേരളം ഒറ്റയ്ക്കായിരുന്നു, ഇന്ന് ദേശീയ സംവാദമായി'; 'ചലോ ദില്ലി' പ്രതിഷേധത്തെക്കുറിച്ച് എം ബി രാജേഷ്

'കേന്ദ്രത്തേക്കാൾ വാശിയോടെയാണ് കേരളത്തിലെ പ്രതിപക്ഷം കേന്ദ്ര സർക്കാരിനായി വാദിക്കുന്നത്'

ന്യൂഡൽഹി: 'ചലോ ദില്ലി' പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്നതിൽ പ്രതിപക്ഷത്തെ വിമർശിച്ച് മന്ത്രി എം ബി രാജേഷ്. കേന്ദ്ര സർക്കാരിന് അനുകൂലമായ നിലപാടാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കഴിഞ്ഞ ദിവസം എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് രാജ്യസഭയിൽ സംസാരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എഐസിസി അധ്യക്ഷന്റെ വാക്കുകൾക്ക് എതിരായ നിലപാട് കേരളത്തിൽ സ്വീകരിക്കുന്നു. ഇവരുടെ ഹൈക്കമാൻഡ് ഏതാണെന്നാണ് സംശയം. ഖാർഗെയും രാഹുൽ ഗാന്ധിയും അടങ്ങുന്ന ഹൈക്കമാൻഡിനെയാണോ അതോ മോദിയും അമിത് ഷായും ന്വേതൃത്വം നൽകുന്ന ഹൈക്കമാൻഡിനെയാണോ ഇവർ പിന്തുണയ്ക്കുന്നത് എന്നാണ് സംശയം. ഇവർ വിചാരിക്കുന്നത് ആത്യന്തികമായി രക്ഷ അവിടെ ചെന്നടിയുമ്പോൾ ആണെന്നും അതാണ് മോക്ഷ മാർഗ്ഗം എന്നും അവർ കരുതുന്നുണ്ടാകും. അതുകൊണ്ടാണ് കേന്ദ്രത്തേക്കാൾ വാശിയോടെ അവർ കേന്ദ്ര സർക്കാരിനായി വാദിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു. റിപ്പോർട്ടർ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുന്നത് കുറച്ച് നിമിഷങ്ങൾക്ക് മുമ്പ് കേട്ടിരുന്നു. ഏതോ ബിജെപി നേതാവ് സംസ്ഥാനത്തെ വിമർശിക്കുന്നതായാണ് ആദ്യം തോന്നിയത്. പിന്നീടാണ് അത് പ്രതിപക്ഷ നേതാവാണ് എന്ന് മനസ്സിലായത്. അത്ര അവിശ്വസനീയമായ സ്വരചേർച്ചയാണ് ബിജെപിക്കും കേരളത്തിന്റെ പ്രതിപക്ഷത്തിനുമുള്ളത് എന്ന് എം ബി രാജേഷ് പറഞ്ഞു. 57000 കോടിയുടേത് പെരുപ്പിച്ച കണക്കാണ്, തെരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായി സമരം ചെയ്യുന്നു എന്നൊക്കെ അദ്ദേഹം പറയുന്നത് കേട്ടു. ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് കർണാടക സമരം ചെയ്തത്. കർണാടകയുടെ സമരത്തെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ലല്ലോ. കർണാടകയുടെ സമരത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പറഞ്ഞത് കേന്ദ്ര വിവേചനത്തിനെതിരെ കേരളം ഉൾപ്പടെ സമരങ്ങൾക്ക് പിന്തുണയ്ക്കുമെന്നാണ്. കേരളത്തിന് കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും പിന്തുണയുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവിന്റെ പിന്തുണയില്ല എന്ന് എം ബി രാജേഷ് കുറ്റപ്പെടുത്തി.

'കേരളം ഒറ്റയ്ക്കായിരുന്നു, ഇന്ന് ദേശീയ സംവാദമായി'; 'ചലോ ദില്ലി' പ്രതിഷേധത്തെക്കുറിച്ച് എം ബി രാജേഷ്
'ചരിത്രത്തിൽ ആദ്യമായി ഡൽഹിയിൽ വന്ന് സമരം ചെയ്യേണ്ട ഗതികേടിൽ കേരളമെത്തി'; സജി ചെറിയാൻ

കർണാടകയിലെ പ്രതിപക്ഷത്തിന് ആത്മാർത്ഥതയില്ലതിനാലാണ് സമരത്തിൽ പങ്കെടുക്കാത്തത് എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. അത് വി ഡി സതീശനും പ്രതിപക്ഷത്തിനും ബാധകമാണ്. സിദ്ധരാമയ്യ പറഞ്ഞ അതേ ആത്മാർത്ഥതയില്ലായ്മയാണ് കേരളത്തിന്റെ പ്രതിപക്ഷത്തെ ഡൽഹി സമരത്തിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചത് എന്ന് എം ബി രാജേഷ് പറഞ്ഞു. 'പ്രതിപക്ഷം ഏറെ വാചാലനായല്ലോ. എന്തൊരു നീളമാണ് അദ്ദേഹത്തിന്റെ നാക്കിന്. അദ്ദേഹം നാക്ക് ചുരുട്ടിക്കൂട്ടി വായിലിട്ട സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി നേരിട്ട് ധനകാര്യ കമ്മീഷന്റെ അധ്യക്ഷനെ കണ്ട് സമ്മർദ്ദം ചെലുത്തിയെന്ന അതീവ ഗുരുതരമായ വെളിപ്പെടുത്തൽ റിപ്പോർട്ടേഴ്‌സ് കളക്റ്റീവിൽ നിന്നുണ്ടായി. കേന്ദ്ര സർക്കാരിന് ഇതുവരെ അത് നിഷേധിക്കാൻ സാധിച്ചിട്ടില്ല. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് അതിനെതിരെ എന്തെങ്കിലും ഉച്ചരിച്ചതായി കേട്ടിട്ടുണ്ടോ? അദ്ദേഹം ആരുടെ കൂടെയാണ് എന്നതിൽ സംശയം വേണ്ട. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയാനായി കാത്തിരിക്കുകയാണ് കോൺഗ്രസിൽ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഒരു സംഘം,' എന്നും അദ്ദേഹം പറഞ്ഞു.

കേരളം നടത്തുന്ന 'ചലോ ദില്ലി' പ്രതിഷേധം ദേശീയ തലത്തിൽ ശ്രദ്ധ നേടിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ത്രിമുഖമായ സമീപനമാണ് കേന്ദ്ര നയങ്ങൾക്കെതിരായി സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലാകെ ജനങ്ങളെ അണിനിരത്തുക എന്നതായിരുന്നു ആദ്യത്തേത്. അതാണ് നവകേരള സദസ്സിലൂടെ ചെയ്‌തത്‌. രണ്ടാമത്തേത് നിയമയുദ്ധം നടത്തുക എന്നതാണ്. സുപ്രീം കോടതിയിൽ കേരളം ഹർജി ഫയൽ ചെയ്തിട്ടുണ്ട്. മൂന്നാമത്തേത് ഡൽഹിയിൽ വന്നു ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ സംസ്ഥാനങ്ങളുടെ ഐക്യ നിര ഒരുക്കുക എന്നത്. ഈ സമരം പ്രഖ്യാപിക്കുമ്പോൾ ഡൽഹിയിൽ കേരളം ഒറ്റയ്ക്കായിരുന്നു. എന്നാൽ ഇന്ന് കർണാടകയും തമിഴ്‌നാടും ഒപ്പമുണ്ട്. പഞ്ചാബ്, ഡൽഹി മുഖ്യമന്ത്രിമാർ ഇന്ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒട്ടേറെ ദേശീയ നേതാക്കൾ പങ്കെടുക്കുമെന്ന് കരുതുന്നു. ഇതൊരു ദേശീയ സംവാദമായി ഉയർത്താൻ കഴിഞ്ഞു. ഈ അവസ്ഥയിൽ കേന്ദ്രത്തിന് ഈ പ്രതികാര നടപടി ഏറെ കാലം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും എം ബി രാജേഷ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com